യിരെമ്യാവ് 10:1-10
യിരെമ്യാവ് 10:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുത്; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്. ജാതികളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു. അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടപ്പാൻ വയ്യായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്‍വാൻ അവയ്ക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്കു പ്രാപ്തിയില്ല. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ. തർശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലവും രക്താംബരവും അവയുടെ ഉടുപ്പ്; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ. യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്ക് അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.
യിരെമ്യാവ് 10:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽഭവനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക. അവിടുന്ന് അരുളിച്ചെയ്യുന്നു: “മറ്റു ജനതകളുടെ മാർഗം നീ അനുകരിക്കരുത്; ആകാശത്തിലെ അടയാളങ്ങൾ കണ്ടു സംഭ്രമിക്കരുത്. ജനതകളാണ് അതു കണ്ടു പരിഭ്രാന്തരാകുന്നത്. ജനതകളുടെ മതാചാരങ്ങൾ വ്യർഥമാണ്. ഒരാൾ വനത്തിലെ മരം മുറിച്ചെടുക്കുന്നു; അതിൽ ശില്പി ഉളികൊണ്ടു പണിയുന്നു. സ്വർണവും വെള്ളിയുംകൊണ്ടു മനുഷ്യർ അതു പൊതിയുന്നു; ഇളകി പോകാതിരിക്കാൻ ആണിയടിച്ച് ഉറപ്പിക്കുന്നു. വെള്ളരിത്തോട്ടത്തിൽ വയ്‍ക്കുന്ന കോലങ്ങൾപോലെയാണ് അവരുടെ വിഗ്രഹങ്ങൾ; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങൾ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാൻ അവയ്‍ക്കു കഴിവില്ലല്ലോ.” സർവേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്. ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അവിടുന്ന് അതിനു യോഗ്യനാണല്ലോ; ജനതകളുടെ ഇടയിലെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ ആരുമില്ല. അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ. തർശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിത്തകിടുകളും ഊഫാസിൽനിന്നു കൊണ്ടുവന്ന സ്വർണവുംകൊണ്ട് ശില്പിയും സ്വർണപ്പണിക്കാരും അവ പണിയുന്നു. നീലയും ധൂമ്രവുമായ വസ്ത്രങ്ങൾ അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധപണിക്കാരുടെ ജോലിയാണ്. എന്നാൽ സർവേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോൾ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാൻ ജനതകൾക്കു കഴിവില്ല. നിങ്ങൾ അവരോട് ഇങ്ങനെ പറയണം
യിരെമ്യാവ് 10:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യിസ്രായേൽ ഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾക്കുവിൻ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുത്; ജനതകൾ അല്ലയോ അവ കണ്ടു ഭ്രമിക്കുന്നത്. ജനതകളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിച്ചാകുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും, ആശാരി ഉളികൊണ്ടു ചെയ്ത പണിയും അത്രേ. അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു. അവ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടക്കുവാൻ കഴിവില്ലാത്തതുകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്യുവാൻ അവയ്ക്കു കഴിയുകയില്ല; ഗുണം ചെയ്യുവാനും അവയ്ക്കു പ്രാപ്തിയില്ല.” യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല; അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു. ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതെയിരിക്കും? അത് അങ്ങേക്കു യോഗ്യമാകുന്നു; ജനതകളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല. അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ. തർശ്ശീശിൽ നിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; അത് കൗശലപ്പണിക്കാരൻ്റെയും തട്ടാൻ്റെയും കൈപ്പണി തന്നെ; നീലയും രക്താംബരവും അവയുടെ ഉടുപ്പ്; അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ. യഹോവയോ സത്യദൈവം; അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല.
യിരെമ്യാവ് 10:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു. ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്കു നടപ്പാൻ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‌വാൻ അവെക്കു കഴികയില്ല; ഗുണം ചെയ്‌വാനും അവെക്കു പ്രാപ്തിയില്ല. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ. തർശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ. യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.
യിരെമ്യാവ് 10:1-10 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്. ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്; അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു, ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു. അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു; അത് ആടിയുലയാതെ, ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു. വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു, അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല; അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം. അവയെ ഭയപ്പെടരുത്; അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല, നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.” യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അവിടന്നു വലിയവൻ, അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്. രാഷ്ട്രങ്ങളുടെ രാജാവേ, അങ്ങയെ ആർ ഭയപ്പെടാതിരിക്കും? അത് അങ്ങയുടെ അവകാശമാണല്ലോ. രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും അവരുടെ എല്ലാ രാജ്യങ്ങളിലും, അങ്ങയെപ്പോലെ ആരുമില്ല. അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ; തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്. തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു. ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു— ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ. എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.