യിരെമ്യാവ് 10

10
1യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ! 2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുത്; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്. 3ജാതികളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. 4അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു. 5അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടപ്പാൻ വയ്യായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്‍വാൻ അവയ്ക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്കു പ്രാപ്തിയില്ല. 6യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. 7ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. 8അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ. 9തർശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലവും രക്താംബരവും അവയുടെ ഉടുപ്പ്; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ. 10യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്ക് അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല. 11ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ. 12അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 13അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവൻ ആവി കയറ്റുന്നു; മഴയ്ക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. 14ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല. 15അവ മായയും വ്യർഥപ്രവൃത്തിയും തന്നെ; സന്ദർശനകാലത്ത് അവ നശിച്ചുപോകും. 16യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സർവത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം. 17നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക. 18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽവച്ചെറിഞ്ഞുകളകയും അവർക്കു പറ്റുവാൻ തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും. 19എന്റെ പരിക്കുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അത് എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവൂ എന്നു പറഞ്ഞു. 20എന്റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; എന്റെ കയറൊക്കെയും അറ്റിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിർക്കുവാനും ആരുമില്ല 21ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർ കൃതാർഥരായില്ല; അവരുടെ ആട്ടിൻകൂട്ടമൊക്കെയും ചിതറിപ്പോയി. 22കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അതു വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. 23യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. 24യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിനു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ. 25നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്റെ ക്രോധം പകരേണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെമ്യാവ് 10: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക