ന്യായാധിപന്മാർ 7:8-22
ന്യായാധിപന്മാർ 7:8-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയയ്ക്കയും ആ മുന്നൂറു പേരെ നിറുത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു. അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: എഴുന്നേറ്റു പാളയത്തിന്റെ നേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്ക് ഇറങ്ങിച്ചെല്ലുക. എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്നു നീ കേൾക്കും; അതിന്റെശേഷം പാളയത്തിന്റെ നേരേ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു. എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്ക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടുവന്നു കൂടാരംവരെ എത്തി അതിനെ തള്ളിമറിച്ചിട്ട് അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിനു മറ്റവൻ: ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെയൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറു പേരെ മൂന്നു കൂട്ടമായി വിഭാഗിച്ച് ഓരോരുത്തന്റെ കൈയിൽ ഓരോ കാഹളവും വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്ത്, അവരോടു പറഞ്ഞത്: ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്വിൻ; പാളയത്തിന്റെ അറ്റത്ത് എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ, ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിൻ. മധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കൈയിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാൾ എന്ന് ആർത്തു. അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറു പേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരേ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിനരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
ന്യായാധിപന്മാർ 7:8-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മുന്നൂറു പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു; ആ മുന്നൂറു പേർ മറ്റുള്ളവരിൽനിന്നു കുടങ്ങളും കാഹളങ്ങളും വാങ്ങി. അവരുടെ പാളയത്തിനു താഴെ സമഭൂമിയിലായിരുന്നു മിദ്യാന്യരുടെ പാളയം. “ശത്രുപാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അവരുടെമേൽ നിങ്ങൾക്കു വിജയം നല്‌കിയിരിക്കുന്നു” എന്നു സർവേശ്വരൻ ഗിദെയോനോട് അന്നു രാത്രിയിൽ കല്പിച്ചു: “അവിടെ പോകാൻ നിനക്കു ഭയമാണെങ്കിൽ നിന്റെ ഭൃത്യൻ പൂരയെക്കൂടി അവരുടെ പാളയത്തിലേക്കു കൊണ്ടുപോകുക; അവരുടെ സംഭാഷണം കേൾക്കുമ്പോൾ അവരെ ആക്രമിക്കാനുള്ള ധൈര്യം നിനക്കു ലഭിക്കും.” ഗിദെയോനും ഭൃത്യനായ പൂരയുംകൂടി ശത്രുപാളയത്തിന്റെ കാവൽമാടംവരെ പോയി. മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി താഴ്‌വര മുഴുവൻ നിറഞ്ഞിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. ഗിദെയോൻ അവരുടെ പാളയത്തിൽ ചെന്നപ്പോൾ ഒരാൾ താൻ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാൾ പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു ബാർലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.” അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രൻ ഗിദെയോന്റെ വാൾ തന്നെയാണ്; മറ്റൊന്നുമായിരിക്കാൻ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സർവസൈന്യത്തെയും ഗിദെയോന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും അതിന്റെ വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. അയാൾ ഇസ്രായേൽപാളയത്തിൽ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാൻ സൈന്യത്തിന്റെമേൽ സർവേശ്വരൻ നിങ്ങൾക്കു വിജയം നല്‌കാൻ പോകുകയാണ്.” പിന്നീട് ഗിദെയോൻ കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവർക്കോരോരുത്തർക്കും കൊടുത്തു അവരോടു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നിങ്ങൾ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്റെ സമീപത്തു ചെല്ലുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. ഞാനും എന്റെ കൂടെയുള്ളവരും കാഹളമൂതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സർവേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തിൽ വിളിച്ചുപറയുകയും വേണം.” പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവൽക്കാരെ മാറ്റിയ ഉടൻ, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയിൽ പന്തവും വലതു കൈയിൽ കാഹളവും പിടിച്ചുകൊണ്ട് ‘സർവേശ്വരനും ഗിദെയോനും വേണ്ടി ഒരു വാൾ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരിൽ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോൾതന്നെ മിദ്യാന്യർ നിലവിളിച്ചുകൊണ്ടു പാളയത്തിൽനിന്ന് ഓടിപ്പോയി. മുന്നൂറു പേർ കാഹളം ഊതിയപ്പോൾ പാളയത്തിലുള്ളവർ അന്യോന്യം ആക്രമിക്കുന്നതിനു സർവേശ്വരൻ ഇടയാക്കി. അവർ സെരേരായ്‍ക്കുള്ള വഴിയിൽ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേൽ-മെഹോലായുടെ അതിർത്തിവരെയും ഓടി.
ന്യായാധിപന്മാർ 7:8-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കുകയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു. അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: “എഴുന്നേറ്റ് പാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു. ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്‍റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്റെശേഷം പാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും.” അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു. എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളിപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു” എന്നു പറഞ്ഞു. അതിന് മറ്റവൻ: “ഇത് യിസ്രയേല്യൻ യോവാശിന്‍റെ മകനായ ഗിദെയോന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. അനന്തരം അവരോടു പറഞ്ഞത്: “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്നു ആർക്കുവിൻ.” മദ്ധ്യയാമത്തിന്‍റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്‍റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു. ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്ന് ആർത്തു. അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
ന്യായാധിപന്മാർ 7:8-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു. അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു. എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ: ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു. ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ. മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു. അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്‒ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
ന്യായാധിപന്മാർ 7:8-22 സമകാലിക മലയാളവിവർത്തനം (MCV)
അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി. മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു. അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു. ആക്രമിക്കാൻ നിനക്കു ഭയമുണ്ടെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂടെക്കൂട്ടി പാളയത്തിലേക്കു ചെല്ലുക. അവർ സംസാരിക്കുന്നത് നീ ശ്രദ്ധിക്കുക; അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്ക് ധൈര്യംവരും.” അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും പാളയത്തിന്റെ കാവൽസ്ഥാനംവരെ ഇറങ്ങിച്ചെന്നു. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.” അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.” അദ്ദേഹം ആ മുന്നൂറുപേരെ മൂന്നു സംഘമായി വിഭാഗിച്ചു; ഓരോരുത്തന്റെയും കൈയിൽ ഓരോ കാഹളവും ഒഴിഞ്ഞ കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്തു. ഗിദെയോൻ അവരോടു പറഞ്ഞു: “എന്നെ നോക്കി, ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. പാളയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യണം. ഞാനും എന്നോടുകൂടെയുള്ളവരും കാഹളംമുഴക്കുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്ന് കാഹളംമുഴക്കി, ‘യഹോവയ്ക്കും ഗിദെയോനുംവേണ്ടി’ എന്ന് ആർപ്പിടണം.” മധ്യയാമാരംഭത്തിൽ, കാവൽക്കാർ മാറിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കിക്കൊണ്ട് കൈയിലിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു, പാളയത്തിന്റെ ചുറ്റും ഓരോരുത്തനും താന്താങ്ങളുടെ നിലയിൽത്തന്നെ നിന്നു; മിദ്യാന്യസൈന്യം ഓട്ടംതുടങ്ങി. അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം മുഴക്കിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താങ്ങളുടെ കൂട്ടുകാരന്റെനേരേ തിരിപ്പിച്ചു; സൈന്യം സേരേരാ വഴിയായി ബേത്-ശിത്താഹവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലെയുടെ അതിരുവരെയും ഓടിപ്പോയി.