ന്യായാ. 7
7
ഗിദെയോൻ മിദ്യാന്യരെ പരാജയപ്പെടുത്തുന്നു
1അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. മോരേ കുന്നിനരികെ താഴ്വരയിൽ, മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത്.
2യഹോവ ഗിദെയോനോട്: “നിന്റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല. 3ആകയാൽ നീ ചെന്നു ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക” എന്നു കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം (22,000) പേർ മടങ്ങിപ്പോയി; പതിനായിരം (10,000) പേർ ശേഷിച്ചു.
4യഹോവ പിന്നെയും ഗിദെയോനോട്: “ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും” എന്നു പറഞ്ഞു.
5അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി. യഹോവ ഗിദെയോനോട്: “പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും, കുടിക്കുവാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക” എന്നു കല്പിച്ചു. 6കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറു (300) പേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിക്കുവാൻ മുട്ടുകുത്തി കുനിഞ്ഞു.
7യഹോവ ഗിദെയോനോട്: “നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും. ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ” എന്നു കല്പിച്ചു. 8അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കുകയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.
9അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: “എഴുന്നേറ്റ് പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു. 10ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. 11എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്റെശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും.” അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു. 12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളിപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു. 13ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു” എന്നു പറഞ്ഞു.
14അതിന് മറ്റവൻ: “ഇത് യിസ്രയേല്യൻ യോവാശിന്റെ മകനായ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
15ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 16അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു.
17അനന്തരം അവരോടു പറഞ്ഞത്: “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ. 18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ' എന്നു ആർക്കുവിൻ.”
19മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. 20ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു. ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ' എന്ന് ആർത്തു. 21അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
22ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. 23യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. 24ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: “മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്ക് മുമ്പെ കൈവശമാക്കിക്കൊൾവിൻ” എന്നു പറയിച്ചു.
അങ്ങനെ തന്നെ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. 25ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വച്ചു കൊന്നിട്ട്, മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാ. 7: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.