ന്യായാധിപന്മാർ 7:1-8

ന്യായാധിപന്മാർ 7:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനമൊക്കെയും അതികാലത്തു പുറപ്പെട്ട് ഹരോദ് ഉറവിനരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്ക് മോരേക്കുന്നിനരികെ താഴ്‌വരയിൽ ആയിരുന്നു. യഹോവ ഗിദെയോനോട്: നിന്നോടുകൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എന്റെ നേരേ വമ്പു പറയാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏല്പിക്കയില്ല. ആകയാൽ നീ ചെന്ന് ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ്പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരം പേർ ശേഷിച്ചു. യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെവച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു. അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറേയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിറുത്തുക എന്നു കല്പിച്ചു. കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറു പേരായിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു. യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു. അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയയ്ക്കയും ആ മുന്നൂറു പേരെ നിറുത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

ന്യായാധിപന്മാർ 7:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിരാവിലെ ഗിദെയോനും (യെരുബ്ബാൽ) കൂടെയുള്ള ജനവും ഹരോദിലെ നീരുറവിനടുത്തു പാളയമടിച്ചു; വടക്ക് മോരേ മലയ്‍ക്കടുത്തുള്ള താഴ്‌വരയിലായിരുന്നു മിദ്യാന്യർ പാളയമടിച്ചത്. സർവേശ്വരൻ ഗിദെയോനോട് അരുളിച്ചെയ്തു: “മിദ്യാന്യരുടെമേൽ ഞാൻ നിങ്ങൾക്കു വിജയം നല്‌കുന്നതിനു വേണ്ടതിലധികം ആളുകൾ നിന്റെ കൂടെയുണ്ട്. തങ്ങളുടെ കരബലംകൊണ്ടു തന്നെയാണ് വിജയം നേടിയത് എന്ന് എനിക്ക് എതിരായി അവർ വമ്പുപറയും. അതുകൊണ്ടു ഭയചകിതരെല്ലാം ഗിലെയാദിൽനിന്നു വീടുകളിലേക്കു മടങ്ങിപ്പോകാൻ പറയുക.” ഗിദെയോന്റെ പ്രസ്താവന കേട്ടപ്പോൾ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരം പേർ ശേഷിച്ചു. സർവേശ്വരൻ ഗിദെയോനോടു വീണ്ടും പറഞ്ഞു: “നിന്റെ കൂടെയുള്ളവർ ഇപ്പോഴും അധികമാണ്; അവരെ അടുത്തുള്ള ജലാശയത്തിലേക്കു നയിക്കുക. നിന്നോടൊത്ത് വരേണ്ടവരെ ഞാൻ വേർതിരിച്ചുതരാം; അവർ മാത്രം നിന്നെ അനുഗമിക്കട്ടെ. കൂടെ പോകേണ്ട എന്നു ഞാൻ കല്പിക്കുന്നവർ നിന്നോടൊപ്പം വരരുത്.” അതനുസരിച്ച് ഗിദെയോൻ ജനത്തെ ജലാശയത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി; “നായെപ്പോലെ വെള്ളം നക്കിക്കുടിക്കുന്നവരെയും മുട്ടുകുത്തിനിന്നു വെള്ളം കുടിക്കുന്നവരെയും തമ്മിൽ വേർതിരിക്കുക” എന്ന് അവിടുന്നു ഗിദെയോനോടു കല്പിച്ചു. കൈ വായ്‍ക്കൽ ചേർത്തുപിടിച്ച് മുന്നൂറു പേർ വെള്ളം നക്കിക്കുടിച്ചു; മറ്റുള്ളവരെല്ലാം മുട്ടുകുത്തിനിന്നു വെള്ളം കുടിച്ചു. “വെള്ളം നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു ഞാൻ രക്ഷിക്കും. അവരുടെ കൈകളിൽ മിദ്യാന്യരെ ഞാൻ ഏല്പിക്കും; മറ്റുള്ളവർ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകട്ടെ” എന്നു സർവേശ്വരൻ കല്പിച്ചു. മുന്നൂറു പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു; ആ മുന്നൂറു പേർ മറ്റുള്ളവരിൽനിന്നു കുടങ്ങളും കാഹളങ്ങളും വാങ്ങി. അവരുടെ പാളയത്തിനു താഴെ സമഭൂമിയിലായിരുന്നു മിദ്യാന്യരുടെ പാളയം.

ന്യായാധിപന്മാർ 7:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. മോരേ കുന്നിനരികെ താഴ്വരയിൽ, മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത്. യഹോവ ഗിദെയോനോട്: “നിന്‍റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല. ആകയാൽ നീ ചെന്നു ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക” എന്നു കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം (22,000) പേർ മടങ്ങിപ്പോയി; പതിനായിരം (10,000) പേർ ശേഷിച്ചു. യഹോവ പിന്നെയും ഗിദെയോനോട്: “ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും” എന്നു പറഞ്ഞു. അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി. യഹോവ ഗിദെയോനോട്: “പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും, കുടിക്കുവാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക” എന്നു കല്പിച്ചു. കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറു (300) പേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിക്കുവാൻ മുട്ടുകുത്തി കുനിഞ്ഞു. യഹോവ ഗിദെയോനോട്: “നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും. ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ” എന്നു കല്പിച്ചു. അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കുകയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

ന്യായാധിപന്മാർ 7:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്കു മോരേകുന്നിന്നരികെ താഴ്‌വരയിൽ ആയിരുന്നു. യഹോവ ഗിദെയോനോടു: നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേൽ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല. ആകയാൽ നീ ചെന്നു ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ് പർവ്വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു. യഹോവ പിന്നെയും ഗിദെയോനോടു: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു. അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിർത്തുക എന്നു കല്പിച്ചു. കൈ വായ്ക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു. യഹോവ ഗിദെയോനോടു: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു. അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

ന്യായാധിപന്മാർ 7:1-8 സമകാലിക മലയാളവിവർത്തനം (MCV)

പ്രഭാതത്തിൽ യെരൂ-ബാൽ എന്ന ഗിദെയോനും കൂടെയുള്ള യോദ്ധാക്കളും എൻ-ഹരോദ് ഉറവിനരികെ പാളയമിറങ്ങി, മിദ്യാന്യരുടെ പാളയം അവർക്കു വടക്കു മോരേക്കുന്നിനു സമീപമുള്ള താഴ്വരയിലായിരുന്നു. യഹോവ ഗിദെയോനോട്, “നിന്നോടുകൂടെയുള്ള ജനം വളരെ അധികമാകുന്നു: ‘സ്വന്തം ശക്തിയാൽ ഞാൻ രക്ഷപ്രാപിച്ചു’ എന്ന് ഇസ്രായേൽ എനിക്കെതിരേ നിഗളിക്കരുത്. അതിനായി ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. നീ ചെന്ന്, ‘ഭയന്നുവിറയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഗിലെയാദ് പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ’ എന്ന് ജനത്തോടു പറയുക” എന്നു കൽപ്പിച്ചു. ജനത്തിൽ ഇരുപത്തീരായിരംപേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു. എന്നാൽ, യഹോവ ഗിദെയോനോട്, “ജനം ഇനിയും അധികമാകുന്നു, അവരെ വെള്ളത്തിലേക്കു കൊണ്ടുപോകുക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരിശോധിക്കാം: ‘ഇവൻ നിന്നോടുകൂടെ പോരട്ടെ,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരട്ടെ, ‘ഇവൻ നിന്നോടുകൂടെ പോരേണ്ട,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരേണ്ടതില്ല.” അങ്ങനെ ഗിദെയോൻ ജനത്തെ വെള്ളത്തിലേക്കു കൊണ്ടുപോയി. യഹോവ ഗിദെയോനോട്, “നായെപ്പോലെ നാവുകൊണ്ട് വെള്ളം നക്കിക്കുടിക്കുന്നവരെ വേറെയും കുടിക്കാൻ മുട്ടുകുത്തി കുനിയുന്നവരെ വേറെയും നിർത്തുക” എന്നു കൽപ്പിച്ചു. മുന്നൂറുപേർ വെള്ളം കൈയിൽക്കോരി നക്കിക്കുടിച്ചു, മറ്റുള്ളവർ എല്ലാവരും വെള്ളം കുടിക്കാൻ മുട്ടുകുത്തി കുനിഞ്ഞു. യഹോവ ഗിദെയോനോട്, “നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏൽപ്പിക്കും; മറ്റുള്ളവർ താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ” എന്നു കൽപ്പിച്ചു. അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി. മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു.