ന്യായാധിപന്മാർ 11:29-40
ന്യായാധിപന്മാർ 11:29-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കൈയിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്വാൻ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്റെ കൈയിൽ ഏല്പിച്ചു. അവൻ അവർക്ക് അരോവേർമുതൽ മിന്നീത്ത്വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല. അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ, എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. അവൾ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാൻ പർവതങ്ങളിൽ ചെന്ന് എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവൾ തന്റെ അപ്പനോടു പറഞ്ഞു. അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവതങ്ങളിൽ വിലാപം കഴിച്ചു. രണ്ടു മാസം കഴിഞ്ഞിട്ട് അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.
ന്യായാധിപന്മാർ 11:29-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ സർവേശ്വരന്റെ ആത്മാവ് യിഫ്താഹിന്റെമേൽ ആവസിച്ചു; അദ്ദേഹം ഗിലെയാദിലും മനശ്ശെയിലും കൂടി സഞ്ചരിച്ചു ഗിലെയാദിലെ മിസ്പായിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ തിരിച്ചു. യിഫ്താഹ് ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേൽ എനിക്കു വിജയം നല്‌കുകയും ഞാൻ ജയിച്ചു സമാധാനത്തോടു മടങ്ങി വരികയും ചെയ്യുമ്പോൾ എന്റെ വീട്ടിൽനിന്നു ആദ്യമായി ഇറങ്ങി വരുന്നതാരായാലും ഞാൻ അയാളെ അവിടുത്തേക്ക് ഹോമയാഗമായി അർപ്പിക്കും.” യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യുന്നതിന് അതിർത്തി കടന്നു; സർവേശ്വരൻ അവരുടെമേൽ അദ്ദേഹത്തിനു വിജയം നല്‌കി. അരോവേർമുതൽ മിന്നീത്തു വരെയും അവിടെനിന്ന് ആബേൽ, കെരാമീം- വരെയും ചെന്ന് അദ്ദേഹം അവരെ സംഹരിച്ചു. ഇരുപതു പട്ടണങ്ങൾ പിടിച്ചടക്കി. അങ്ങനെ ഇസ്രായേൽജനത്തിന്റെ മുമ്പിൽ അമ്മോന്യർ ലജ്ജിതരായി. യിഫ്താഹ് മിസ്പായിലുള്ള സ്വന്തം ഭവനത്തിൽ എത്തിയപ്പോൾ തന്റെ പുത്രി തപ്പുകൊട്ടി നൃത്തം ചെയ്തുകൊണ്ട് തന്നെ എതിരേല്‌ക്കാൻ വന്നു. അവൾ അദ്ദേഹത്തിന്റെ ഏകപുത്രിയായിരുന്നു. അവളല്ലാതെ മറ്റൊരു പുത്രനോ, പുത്രിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവളെ കണ്ട മാത്രയിൽ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്റെ മകളേ, നീ എന്റെ ഹൃദയം തകർത്തു; ഞാൻ ദുഃഖിക്കാൻ നീ ഇടവരുത്തിയല്ലോ. സർവേശ്വരനോടു ഞാൻ പ്രതിജ്ഞ ചെയ്തുപോയി; അതിൽനിന്നു പിന്മാറുക സാധ്യമല്ല.” അവൾ പിതാവിനോടു പറഞ്ഞു: “എന്റെ പിതാവേ, അങ്ങ് സർവേശ്വരനോടു ചെയ്ത പ്രതിജ്ഞ നിറവേറ്റുക; അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് അവിടുന്നു പ്രതികാരം ചെയ്തല്ലോ.” അവൾ തുടർന്നു: “ഒരു കാര്യം എനിക്കു ചെയ്തു തരണം; എന്റെ സഖിമാരോടൊത്ത് രണ്ടുമാസം പർവതങ്ങളിൽ അലഞ്ഞു നടന്ന് എന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാൻ അനുവാദം നല്‌കിയാലും.” “പൊയ്‍ക്കൊള്ളുക” എന്നു പറഞ്ഞ് രണ്ടു മാസത്തേക്ക് അദ്ദേഹം അവളെ പറഞ്ഞയച്ചു. അവൾ സഖിമാരോടൊത്ത് പർവതത്തിൽ പോയി തന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിച്ചു; അതിനുശേഷം അവൾ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവർത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവൾ മരിച്ചു. ഇസ്രായേലിലെ കന്യകമാർ ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ ഓർത്തു വർഷംതോറും നാലു ദിവസത്തേക്കു വിലപിക്കുക ഒരു ആചാരമായിത്തീർന്നു.
ന്യായാധിപന്മാർ 11:29-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്‍റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് പറഞ്ഞത്: “നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ, എന്‍റെ വീട്ടുവാതില്‍ക്കൽ നിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.” ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധം ചെയ്വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ, ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല. അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി, “അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ” എന്നു പറഞ്ഞു. അവൾ അവനോട്: “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, യഹോവ നിനക്ക് വേണ്ടി നിന്‍റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്‍റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക” എന്നു പറഞ്ഞു. “എന്നാൽ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്തു തരേണം; ഞാനും എന്‍റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്നു എന്‍റെ കന്യാകാത്വത്തെക്കുറിച്ച് വിലാപം കഴിക്കേണ്ടതിന് എനിക്ക് രണ്ടുമാസം തരേണം“ എന്നു അവൾ തന്‍റെ അപ്പനോട് പറഞ്ഞു. അതിന് അവൻ: “പോക“ എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു. അവൾ തന്റെ സഖിമാരുമായി ചെന്നു തന്‍റെ കന്യാകാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു. രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്‍റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.
ന്യായാധിപന്മാർ 11:29-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ യഹോവയുടെ ആത്മാവു യിഫ്താഹിൻമേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയിൽ എത്തി ഗിലെയാദിലെ മിസ്പയിൽനിന്നു അമ്മോന്യരുടെ നേരെ ചെന്നു. യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്വരെയും ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല. അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാൻ പർവ്വതങ്ങളിൽ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവൾ തന്റെ അപ്പനോടു പറഞ്ഞു. അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു. രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.
ന്യായാധിപന്മാർ 11:29-40 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.” പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി. യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു. “അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ. എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു. “പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവതങ്ങളിൽ ദുഃഖാചരണം നടത്തി. രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു. ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.