ന്യായാധിപന്മാർ 11:29-40

ന്യായാധിപന്മാർ 11:29-40 MCV

അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.” പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി. യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു. “അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ. എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു. “പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവതങ്ങളിൽ ദുഃഖാചരണം നടത്തി. രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു. ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.