യെശയ്യാവ് 63:7-9

യെശയ്യാവ് 63:7-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാൻ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാൻ സ്തോത്രം ചെയ്യും. സുസ്ഥിരസ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് തന്റെ ജനമായ ഇസ്രായേൽജനത്തെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. “അവർ നിശ്ചയമായും എന്റെ ജനം, അവർ എന്നെ വഞ്ചിക്കുകയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരുടെ രക്ഷകനായി. അവരുടെ സർവദുരിതങ്ങളിലും അവരോടൊത്തു അവിടുന്നു ദുരിതമനുഭവിച്ചു. അവിടുത്തെ സാന്നിധ്യമാകുന്ന ദൂതൻ അവരെ രക്ഷിച്ചു. സ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് അവരെ ഉദ്ധരിച്ചു; കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വന്തം കരങ്ങളിൽ സംവഹിച്ചു.

യെശയ്യാവ് 63:7-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും. “അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു. അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; അവിടുത്തെ സന്മുഖദൂതൻ അവരെ രക്ഷിച്ചു; തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു.

യെശയ്യാവ് 63:7-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും. അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു. അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.

യെശയ്യാവ് 63:7-9 സമകാലിക മലയാളവിവർത്തനം (MCV)

അവിടത്തെ കരുണയ്ക്കും അനവധിയായ ദയാവായ്പിനും അനുസൃതമായി, യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും— അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും. അവിടന്ന് അരുളിച്ചെയ്തു, “അവർ എന്റെ ജനമാണ്, നിശ്ചയം, ഈ മക്കൾ എന്നോടു വിശ്വസ്തത പുലർത്താതിരിക്കുകയില്ല;” അങ്ങനെ അവിടന്ന് അവരുടെ രക്ഷകനായിത്തീർന്നു. അവരുടെ കഷ്ടതയിലെല്ലാം അവിടന്നും കഷ്ടതയനുഭവിച്ചു, അവിടത്തെ സന്നിധിയിലെ ദൂതൻ അവരെ രക്ഷിച്ചു. തന്റെ സ്നേഹത്തിലും കരുണയിലും അവിടന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലങ്ങളിലെല്ലാം അവിടന്ന് അവരെ കരങ്ങളിൽ വഹിച്ചു.