യെശ. 63
63
ദൈവത്തിന്‍റെ പ്രതികാരദിവസവും വീണ്ടെടുപ്പും
1ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു
ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്‍?
വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തിൽ
നടകൊള്ളുന്നോരിവൻ ആര്‍?
“നീതിയെ അരുളിച്ചെയ്യുന്നവനും
രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.”
2അങ്ങയുടെ ഉടുപ്പ് ചുവന്നിരിക്കുന്നതെന്ത്?
അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവൻ്റെതുപോലെ ആയിരിക്കുന്നതെന്ത്?
3“ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി;
ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല;
എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി,
എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു;
അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു;
എന്‍റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു.
4ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു;
എന്‍റെ വിമുക്തന്മാരുടെ#63:4 വിമുക്തന്മാരുടെ വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം. വര്‍ഷം വന്നിരുന്നു.
5ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു;
ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല;
അതുകൊണ്ട് എന്‍റെ ഭുജം തന്നെ എനിക്ക് രക്ഷവരുത്തി;
എന്‍റെ ക്രോധം തന്നെ എനിക്ക് തുണനിന്നു.
6ഞാൻ എന്‍റെ കോപത്തിൽ ജനതകളെ ചവിട്ടി,
എന്‍റെ ക്രോധത്തിൽ അവരെ മത്തുപിടിപ്പിച്ചു,
അവരുടെ രക്തം ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.”
സ്തോത്രവും പ്രാർത്ഥനയും
7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും
ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും
യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും
മഹാദയയ്ക്കും ഒത്തവണ്ണം
അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച
വലിയ നന്മയെയും കീർത്തിക്കും.
8“അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ”
എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു.
9അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു;
അവിടുത്തെ സന്മുഖദൂതൻ#63:9 സന്മുഖദൂതൻദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. അവരെ രക്ഷിച്ചു;
തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു;
പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു.
10എന്നാൽ അവർ മത്സരിച്ചു അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു;
അതുകൊണ്ട് അവിടുന്ന് അവർക്ക് ശത്രുവായിത്തീർന്നു
താൻതന്നെ അവരോടു യുദ്ധംചെയ്തു.
11അപ്പോൾ അവിടുത്തെ ജനം മോശെയുടെ കാലമായ
പുരാതന കാലം ഓർത്തു പറഞ്ഞത്#63:11 പുരാതന കാലം ഓർത്തു പറഞ്ഞത് പുരാതന കാലം മുതല്‍ക്കേ ഞങ്ങള്‍ അങ്ങയുടെതാണ്:
അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടി
സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ?
അവരുടെ ഉള്ളിൽ തന്‍റെ പരിശുദ്ധാത്മാവിനെ
കൊടുത്തവൻ എവിടെ?
12തന്‍റെ മഹത്ത്വമുള്ള ഭുജംകൊണ്ട്
മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ
തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു
അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും
13അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ
അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ?
14താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ
യഹോവയുടെ ആത്മാവ് അവരെ വിശ്രമിക്കുമാറാക്കി;
അങ്ങനെ അവിടുന്ന് അങ്ങേക്കു മഹത്ത്വമുള്ള ഒരു നാമം
ഉണ്ടാക്കേണ്ടതിനു അങ്ങയുടെ ജനത്തെ നടത്തി.
15സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള
അങ്ങയുടെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കണമേ!
അവിടുത്തെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ?
അങ്ങയുടെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം
അങ്ങ് അടക്കിവച്ചിരിക്കുന്നു.
16അവിടുന്നല്ലയോ ഞങ്ങളുടെ പിതാവ്;
അബ്രാഹാം ഞങ്ങളെ അറിയുന്നില്ല;
യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല#63:16 തിരിച്ചറിയുന്നതുമില്ല അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്. ;
അവിടുന്ന് യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;
യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ
എന്നാകുന്നു അവിടുത്തെ നാമം.
17യഹോവേ, അവിടുന്ന് ഞങ്ങളെ അവിടുത്തെ വഴി വിട്ടു തെറ്റുമാറാക്കുന്നതും
അങ്ങയെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്?
അവിടുത്തെ അവകാശഗോത്രങ്ങൾക്കുവേണ്ടി
അവിടുത്തെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ.
18അവിടുത്തെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം
അവിടുത്തെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു.
19ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും
അവിടുത്തെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. #63:19 ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും അവിടുത്തെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. ഞങ്ങൾ പുരാതന കാലം മുതല്‍ക്കേ നിന്‍റെതാണ്
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 63: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.