യെശയ്യാവ് 53:4-12
യെശയ്യാവ് 53:4-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതിരുന്നു. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു? അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചന ഒന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടെ ആയിരുന്നു. എന്നാൽ അവനെ തകർത്തുകളവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവൻ അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായി തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ സാധിക്കയും ചെയ്യും. അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. അതുകൊണ്ടു ഞാൻ അവനു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കുവേണ്ടി ഇടനിന്നുംകൊണ്ട് അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നെ.
യെശയ്യാവ് 53:4-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിശ്ചയമായും നമ്മുടെ വ്യഥകളാണ് അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണു ചുമന്നത്. എന്നിട്ടും ദൈവം അവനെ ശിക്ഷിക്കുകയും പ്രഹരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേറ്റു. നമ്മുടെ അപരാധങ്ങൾക്കുവേണ്ടി ദണ്ഡനമേറ്റു. അവൻ അനുഭവിച്ച ശിക്ഷ നമുക്കു രക്ഷ നല്‌കി. അവൻ ഏറ്റ അടിയുടെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. നാമെല്ലാവരും ആടുകളെപ്പോലെ വഴിതെറ്റിപ്പോയി. ഓരോരുത്തരും അവരവരുടെ വഴിക്കു പോയി. നമ്മുടെ അകൃത്യങ്ങളും സർവേശ്വരൻ അവന്റെമേൽ ചുമത്തി. മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അവൻ നിശ്ശബ്ദനായിരുന്നു. കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പിൽ നില്‌ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം അവലംബിച്ചു. മർദനത്താലും ശിക്ഷാവിധിയാലും അവൻ കൊല്ലപ്പെട്ടു. എന്റെ ജനത്തിന്റെ അതിക്രമം നിമിത്തമാണ് അവൻ പീഡനം സഹിക്കുകയും ജീവിക്കുന്നവരുടെ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്തതെന്ന് അവന്റെ തലമുറയിൽ ആരോർത്തു? അവൻ ഒരതിക്രമവും പ്രവർത്തിച്ചില്ല; അവന്റെ നാവിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവൻ ദുഷ്ടരുടെയും ധനികരുടെയും ഇടയിൽ സംസ്കരിക്കപ്പെട്ടു. അവൻ ദണ്ഡിപ്പിക്കപ്പെട്ടത് ദൈവേച്ഛപ്രകാരമായിരുന്നു. അവിടുന്നാണ് അവനെ സങ്കടത്തിലാക്കിയത്. പാപപരിഹാരയാഗമായി സ്വയം അർപ്പിച്ചശേഷം അവൻ ദീർഘായുസ്സോടെയിരുന്നു തന്റെ സന്താനപരമ്പരയെ കാണും. അവനിൽകൂടി സർവേശ്വരന്റെ ഹിതം നിറവേറും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവൻ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസൻ തന്റെ ജ്ഞാനംകൊണ്ട് അനേകരെ നീതീകരിക്കും. അവരുടെ അകൃത്യങ്ങൾ വഹിക്കും. അതുകൊണ്ട് ഞാൻ മഹാന്മാരുടെ കൂടെ അവന് ഓഹരി നല്‌കും. ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും. അവൻ തന്റെ പ്രാണനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും സ്വയം പാപികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്തുവല്ലോ. അങ്ങനെ അനേകരുടെ പാപഭാരം അവൻ ചുമന്നു. അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.
യെശയ്യാവ് 53:4-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതെ ഇരുന്നു. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആര്‍ വിചാരിച്ചു? അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു. എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവിടുന്ന് അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കുകയും ചെയ്യും. അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും അനേകം പേരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട് അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.
യെശയ്യാവ് 53:4-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി. തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു? അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടെ ആയിരുന്നു. എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും. അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.
യെശയ്യാവ് 53:4-12 സമകാലിക മലയാളവിവർത്തനം (MCV)
നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും പീഡിപ്പിച്ചതും എന്നു നാം കരുതി. എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്, നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്. നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു, അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു. നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു, നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു; എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു, എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു; അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി, രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു. പീഡനത്താലും ശിക്ഷാവിധിയാലും അവൻ എടുക്കപ്പെട്ടു. ജീവനുള്ളവരുടെ മധ്യേനിന്നും അവൻ ഛേദിക്കപ്പെട്ടുവെന്നും എന്റെ ജനത്തിന്റെ അതിക്രമങ്ങൾക്കുവേണ്ടി അവൻ ദണ്ഡനമേറ്റുവെന്നും അവന്റെ തലമുറയിൽ ആർ കരുതി? അവൻ യാതൊരു അതിക്രമവും ചെയ്തില്ല, അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല. അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി. തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു. എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും. അവന്റെ പീഡാനുഭവത്തിനുശേഷം അവൻ ജീവന്റെ പ്രകാശം കണ്ട് സംതൃപ്തനാകും; തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും, അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടൊപ്പം അവകാശം കൊടുക്കും, ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കുവെക്കും, അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്തതിനാൽത്തന്നെ. കാരണം അവൻ അനേകരുടെ പാപം വഹിക്കുകയും അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയുംചെയ്തല്ലോ.