യെശയ്യാവ് 41:1-10
യെശയ്യാവ് 41:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിൻ; ജാതികൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരിക. ചെല്ലുന്നേടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണർത്തിയതാർ? അവൻ ജാതികളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെമേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു. അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നുചെല്ലുന്നു; പാതയിൽ കാൽ വച്ചല്ല അവൻ പോകുന്നത്. ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറച്ചു; അവർ ഒന്നിച്ചു കൂടി അടുത്തുവന്നു; അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോട്: ധൈര്യമായിരിക്ക എന്നു പറഞ്ഞു. അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിനു ചേലായി എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിന് അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു. നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും
യെശയ്യാവ് 41:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തീരദേശങ്ങളേ, എന്റെ മുമ്പിൽ നിശ്ശബ്ദരായിരുന്ന് ശ്രദ്ധിക്കുവിൻ. ജനതകൾ ശക്തി വീണ്ടെടുക്കട്ടെ. അവർ അടുത്തു വന്നു സംസാരിക്കട്ടെ. ന്യായവാദം നടത്താനായി നമുക്ക് ഒത്തുചേരാം. ഓരോ കാൽവയ്പിലും വിജയിച്ചു മുന്നേറുന്ന ഒരുവനെ കിഴക്കുനിന്ന് ഇളക്കിവിട്ടതാരാണ്? അവിടുന്ന് ജനതകളെ അയാൾക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ രാജാക്കന്മാർ ചവുട്ടി മെതിക്കപ്പെടുന്നു. അയാൾ വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുന്നു. വില്ലുകൊണ്ട് അവരെ വയ്‍ക്കോൽപോലെ പറപ്പിക്കുന്നു. അയാൾ അവരെ പിന്തുടർന്നു നടന്നിട്ടില്ലാത്ത പാതകളിലൂടെ സുരക്ഷിതനായി കടന്നുപോകുന്നു. ലോകാരംഭംമുതൽ തലമുറകളെ വിളിച്ചുവരുത്തി ഇവയെല്ലാം പ്രവർത്തിച്ചത് ആരാണ്? സർവേശ്വരനായ ഞാൻതന്നെ, ആദിയിലുണ്ടായിരുന്നവനും അന്ത്യത്തിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നവനുമായ ഞാൻ തന്നെ. എന്റെ പ്രവൃത്തിയിൽ വിദൂരദേശങ്ങൾ ഭയപ്പെടുന്നു. ഭൂമിയുടെ അറുതികൾ വിറയ്‍ക്കുന്നു. അവർ ഒരുമിച്ചുകൂടി അടുത്തുവരുന്നു. അവർ പരസ്പരം സഹായിക്കുന്നു. സഹോദരനോടു ധൈര്യമായിരിക്കുക എന്നു പറയുന്നു. ശില്പി തട്ടാനെയും കൊല്ലൻ കൂടം അടിക്കുന്നവനെയും അന്യോന്യം അഭിനന്ദിക്കുന്നു; കൂട്ടിവിളക്കിയതു നന്നായിരിക്കുന്നു എന്നു പറഞ്ഞ് അവർ അത് ഇളകാത്തവിധം ആണിയടിച്ചുറപ്പിക്കുന്നു. എന്നാൽ എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്താനമേ, നീ എന്റെ ദാസൻ, ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അറുതികളിൽനിന്നും നിന്നെ കൊണ്ടുവന്നു. അതിന്റെ വിദൂരമായ കോണുകളിൽനിന്നു നിന്നെ വിളിച്ചു. ഞാൻ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാൻ നിന്റെ ദൈവമാകയാൽ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ നിന്നെ ബലപ്പെടുത്തും. ഞാൻ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാൻ നിന്നെ ഉയർത്തിപ്പിടിക്കും.
യെശയ്യാവ് 41:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; ജനതകൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണർത്തിയതാര്? അവിടുന്ന് ജനതകളെ അവന്‍റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു. അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വച്ചല്ല അവൻ പോകുന്നത്. ആര്‍ അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.” ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു; അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു. അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു. “നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, ‘നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞ് കൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
യെശയ്യാവ് 41:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിൻ; ജാതികൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന്നു അടുത്തുവരിക. ചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ? അവൻ ജാതികളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു. അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകുന്നതു. ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു; അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു. അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു. നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽ നിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
യെശയ്യാവ് 41:1-10 സമകാലിക മലയാളവിവർത്തനം (MCV)
“ദ്വീപുകളേ, എന്റെമുമ്പിൽ നിശ്ശബ്ദരായിരിക്കുക! രാഷ്ട്രങ്ങൾ അവരുടെ ശക്തി പുതുക്കട്ടെ! അവർ അടുത്തുവന്ന് സംസാരിക്കട്ടെ; ന്യായവാദത്തിനായി നമുക്കൊരുമിച്ചുകൂടാം. “പൂർവദിക്കിൽനിന്ന് ഒരുവനെ ഉണർത്തി, നീതിയിൽ അവനെ ആഹ്വാനംചെയ്ത് തന്റെ ശുശ്രൂഷയിൽ ആക്കിയത് ആര്? അവിടന്ന് രാഷ്ട്രങ്ങളെ അവന്റെ കൈയിൽ ഏൽപ്പിക്കുന്നു രാജാക്കന്മാരെ അവന്റെ മുന്നിൽ കീഴ്പ്പെടുത്തുന്നു. അവൻ അവരെ തന്റെ വാളിനാൽ പൊടിപോലെയാക്കുന്നു തന്റെ വില്ലിനാൽ അവരെ പാറിപ്പോകുന്ന പതിരുപോലെയാക്കുന്നു. തന്റെ പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത പാതയിലൂടെ അവൻ അവരെ പിൻതുടരുന്നു, പരിക്കേൽക്കാതെ മുന്നോട്ടുപോകുന്നു, ആദ്യത്തെ തലമുറമുതൽ അവരെ വിളിച്ചുവരുത്തി, ഇതു പ്രവർത്തിച്ച് പൂർത്തീകരിച്ചത് ആരാണ്? ഞാനാണ് യഹോവ—അതിൽ ആദ്യത്തേതിനോടും അവസാനത്തേതിനോടും അങ്ങനെ പ്രവർത്തിച്ചത്!” അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു; ഭൂമിയുടെ അറുതികൾ വിറകൊള്ളുന്നു. അവർ സമീപിക്കുന്നു, മുന്നോട്ടുവരുന്നു. അവർ പരസ്പരം സഹായിക്കുന്നു; തന്റെ കൂട്ടുകാരോട് “ശക്തരായിരിക്കുക,” എന്നു പറയുന്നു. അങ്ങനെ ഇരുമ്പുപണിക്കാരൻ സ്വർണപ്പണിക്കാരനെ പ്രോത്സാഹിപ്പിക്കുന്നു, കൂടംകൊണ്ട് തല്ലി മിനുസപ്പെടുത്തുന്നവർ അടകല്ലിൽ അടിക്കുന്നവരെ പ്രചോദിപ്പിക്കുന്നു. കൂട്ടിവിളക്കുന്നവരോട് ഒരാൾ, “നന്നായി” എന്നു വിളിച്ചുപറഞ്ഞു. വീണുപോകാതിരിക്കാൻ ഒരുവൻ വിഗ്രഹത്തിന് ആണിയടിച്ചുറപ്പിക്കുന്നു. “എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളേ, ‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു, നിരസിച്ചുകളഞ്ഞില്ല,’ എന്നു പറഞ്ഞുകൊണ്ട്, ഭൂമിയുടെ അറുതികളിൽനിന്നു ഞാൻ നിന്നെ എടുക്കുകയും അതിന്റെ വിദൂരസീമകളിൽനിന്ന് ഞാൻ നിന്നെ വിളിക്കുകയും ചെയ്തു. അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ; ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ. ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും; എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.