“ദ്വീപുകളേ, എന്റെമുമ്പിൽ നിശ്ശബ്ദരായിരിക്കുക! രാഷ്ട്രങ്ങൾ അവരുടെ ശക്തി പുതുക്കട്ടെ! അവർ അടുത്തുവന്ന് സംസാരിക്കട്ടെ; ന്യായവാദത്തിനായി നമുക്കൊരുമിച്ചുകൂടാം. “പൂർവദിക്കിൽനിന്ന് ഒരുവനെ ഉണർത്തി, നീതിയിൽ അവനെ ആഹ്വാനംചെയ്ത് തന്റെ ശുശ്രൂഷയിൽ ആക്കിയത് ആര്? അവിടന്ന് രാഷ്ട്രങ്ങളെ അവന്റെ കൈയിൽ ഏൽപ്പിക്കുന്നു രാജാക്കന്മാരെ അവന്റെ മുന്നിൽ കീഴ്പ്പെടുത്തുന്നു. അവൻ അവരെ തന്റെ വാളിനാൽ പൊടിപോലെയാക്കുന്നു തന്റെ വില്ലിനാൽ അവരെ പാറിപ്പോകുന്ന പതിരുപോലെയാക്കുന്നു. തന്റെ പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത പാതയിലൂടെ അവൻ അവരെ പിൻതുടരുന്നു, പരിക്കേൽക്കാതെ മുന്നോട്ടുപോകുന്നു, ആദ്യത്തെ തലമുറമുതൽ അവരെ വിളിച്ചുവരുത്തി, ഇതു പ്രവർത്തിച്ച് പൂർത്തീകരിച്ചത് ആരാണ്? ഞാനാണ് യഹോവ—അതിൽ ആദ്യത്തേതിനോടും അവസാനത്തേതിനോടും അങ്ങനെ പ്രവർത്തിച്ചത്!” അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു; ഭൂമിയുടെ അറുതികൾ വിറകൊള്ളുന്നു. അവർ സമീപിക്കുന്നു, മുന്നോട്ടുവരുന്നു. അവർ പരസ്പരം സഹായിക്കുന്നു; തന്റെ കൂട്ടുകാരോട് “ശക്തരായിരിക്കുക,” എന്നു പറയുന്നു. അങ്ങനെ ഇരുമ്പുപണിക്കാരൻ സ്വർണപ്പണിക്കാരനെ പ്രോത്സാഹിപ്പിക്കുന്നു, കൂടംകൊണ്ട് തല്ലി മിനുസപ്പെടുത്തുന്നവർ അടകല്ലിൽ അടിക്കുന്നവരെ പ്രചോദിപ്പിക്കുന്നു. കൂട്ടിവിളക്കുന്നവരോട് ഒരാൾ, “നന്നായി” എന്നു വിളിച്ചുപറഞ്ഞു. വീണുപോകാതിരിക്കാൻ ഒരുവൻ വിഗ്രഹത്തിന് ആണിയടിച്ചുറപ്പിക്കുന്നു. “എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളേ, ‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു, നിരസിച്ചുകളഞ്ഞില്ല,’ എന്നു പറഞ്ഞുകൊണ്ട്, ഭൂമിയുടെ അറുതികളിൽനിന്നു ഞാൻ നിന്നെ എടുക്കുകയും അതിന്റെ വിദൂരസീമകളിൽനിന്ന് ഞാൻ നിന്നെ വിളിക്കുകയും ചെയ്തു. അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ; ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ. ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും; എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.
യെശയ്യാവ് 41 വായിക്കുക
കേൾക്കുക യെശയ്യാവ് 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 41:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ