യെശയ്യാവ് 40:21-28
യെശയ്യാവ് 40:21-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾക്ക് അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ, അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ, അവൻ അവരുടെമേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല. എന്നാൽ എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന്, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്? നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
യെശയ്യാവ് 40:21-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ അറിഞ്ഞിട്ടില്ലേ, കേട്ടിട്ടില്ലേ? ആദിമുതൽ തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ? സർവേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികൾ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവർത്തുകയും ചെയ്യുന്നു. അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യതയിലേക്കു നയിക്കുകയും ചെയ്യുന്നു. വിതയോ നടീലോ കഴിഞ്ഞു വേരു പിടിക്കുന്നതിനു മുമ്പ് അവിടുത്തെ നിശ്വാസത്താൽ അവ വാടിക്കരിയുന്നു. കൊടുങ്കാറ്റ് അവയെ വയ്‍ക്കോൽപോലെ പറത്തിക്കളയുന്നു. എങ്കിൽ നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തുന്നു? ഞാൻ ആർക്കു സദൃശനാണ്, എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു. നിങ്ങൾ ഉയരത്തിലേക്കു നോക്കുവിൻ; ആരാണ് ഇവയെല്ലാം സൃഷ്‍ടിച്ചത്? ഒരു സൈന്യത്തെപ്പോലെ നയിക്കത്തക്കവിധം അവ എത്രയുണ്ടെന്ന് അറിഞ്ഞു സംഖ്യാക്രമമനുസരിച്ച് അവയെ പേരുവിളിച്ചു പുറത്തു കൊണ്ടുവരുന്നവൻ തന്നെ. അവിടുത്തെ ശക്തിപ്രഭാവവും അധികാരസ്ഥിരതയുംകൊണ്ട് അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല. എന്റെ വഴി സർവേശ്വരനിൽനിന്നു മറഞ്ഞിരിക്കുന്നു എന്നും എന്റെ അവകാശം അവിടുന്നു അവഗണിച്ചിരിക്കുന്നുവെന്നും യാക്കോബേ, നീ പറയുന്നതെന്ത്? ഇസ്രായേലേ നീ ആവലാതിപ്പെടുന്നതെന്ത്? ഭൂമിയുടെ അറുതികളെ നിർമിച്ച സർവേശ്വരൻ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആർക്കാണറിയാവുന്നത്?
യെശയ്യാവ് 40:21-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾക്ക് അറിഞ്ഞുകൂടായോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവിടുന്ന് അവരുടെ മേൽ ഊതി അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു. “അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. എന്നാൽ “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്നു, യാക്കോബേ, നീ പറയുകയും യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്? നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
യെശയ്യാവ് 40:21-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവൻ അവരുടെമേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു? നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
യെശയ്യാവ് 40:21-28 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ കേട്ടിട്ടില്ലേ? ആദിമുതൽതന്നെ അതു നിങ്ങളോടറിയിച്ചിട്ടില്ലേ? ഭൂമിയുടെ സ്ഥാപനംമുതൽതന്നെ നിങ്ങൾ അതു ഗ്രഹിച്ചിട്ടില്ലേ? അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്, അതിലെ നിവാസികൾ അവിടത്തേക്ക് വിട്ടിലിനെപ്പോലെയാണ്. അവിടന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർക്കുന്നതിന് ഒരു കൂടാരംപോലെ അതിനെ വിരിക്കുകയും ചെയ്യുന്നു. അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും ഭൂമിയിലെ ന്യായാധിപരെ വിലകെട്ടവരാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടൻതന്നെ, വിതച്ചമാത്രയിൽത്തന്നെ, അവർ ഭൂമിയിൽ വേരൂന്നിയപ്പോൾത്തന്നെ, അവിടന്ന് അവരുടെമേൽ ഊതും, അത് ഉണങ്ങിപ്പോകുന്നു, ചുഴലിക്കാറ്റിൽ വൈക്കോൽ എന്നപോലെ അവരെ തൂത്തെറിയുന്നു. “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും? ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക: ഇവയെല്ലാം നിർമിച്ചത് ആരാണ്? അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന് അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു. അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല. “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,” എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്? ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്? നിനക്ക് അറിഞ്ഞുകൂടേ? നീ കേട്ടിട്ടില്ലേ? യഹോവ നിത്യനായ ദൈവം ആകുന്നു, അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്. അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല; അവിടത്തെ വിവേകം അപ്രമേയംതന്നെ.