യെശയ്യാവ് 40:21-28

യെശയ്യാവ് 40:21-28 MCV

നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ കേട്ടിട്ടില്ലേ? ആദിമുതൽതന്നെ അതു നിങ്ങളോടറിയിച്ചിട്ടില്ലേ? ഭൂമിയുടെ സ്ഥാപനംമുതൽതന്നെ നിങ്ങൾ അതു ഗ്രഹിച്ചിട്ടില്ലേ? അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്, അതിലെ നിവാസികൾ അവിടത്തേക്ക് വിട്ടിലിനെപ്പോലെയാണ്. അവിടന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർക്കുന്നതിന് ഒരു കൂടാരംപോലെ അതിനെ വിരിക്കുകയും ചെയ്യുന്നു. അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും ഭൂമിയിലെ ന്യായാധിപരെ വിലകെട്ടവരാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടൻതന്നെ, വിതച്ചമാത്രയിൽത്തന്നെ, അവർ ഭൂമിയിൽ വേരൂന്നിയപ്പോൾത്തന്നെ, അവിടന്ന് അവരുടെമേൽ ഊതും, അത് ഉണങ്ങിപ്പോകുന്നു, ചുഴലിക്കാറ്റിൽ വൈക്കോൽ എന്നപോലെ അവരെ തൂത്തെറിയുന്നു. “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും? ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക: ഇവയെല്ലാം നിർമിച്ചത് ആരാണ്? അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന് അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു. അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല. “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,” എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്? ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്? നിനക്ക് അറിഞ്ഞുകൂടേ? നീ കേട്ടിട്ടില്ലേ? യഹോവ നിത്യനായ ദൈവം ആകുന്നു, അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്. അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല; അവിടത്തെ വിവേകം അപ്രമേയംതന്നെ.