യെശയ്യാവ് 38:9-20
യെശയ്യാവ് 38:9-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവൻ എഴുതിയ എഴുത്ത്: എന്റെ ആയുസ്സിൻ മധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു. ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു. എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവൻ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു. ഉഷസ്സുവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു. മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇടനില്ക്കേണമേ. ഞാൻ എന്തു പറയേണ്ടൂ? അവൻ എന്നോട് അരുളിച്ചെയ്തു, അവൻ തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും. കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും. സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകല പാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തതയെ അറിയിക്കും. യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
യെശയ്യാവ് 38:9-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാരാജാവായ ഹിസ്കിയാ രോഗവിമുക്തനായ ശേഷം എഴുതിയ സ്തോത്രഗാനം: ഞാൻ പറഞ്ഞു: “ജീവിതത്തിന്റെ മധ്യാഹ്നത്തിൽ ഞാൻ കടന്നുപോകണം ശിഷ്ടായുസ്സ് പാതാളകവാടത്തിങ്കൽ ചെലവഴിക്കാൻ ഞാൻ വിധിക്കപ്പെട്ടിരിക്കുന്നു. ജീവിക്കുന്നവരുടെ ദേശത്തുവച്ച് ഇനി സർവേശ്വരനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു. ഇനിമേൽ മനുഷ്യനെ ഞാൻ കാണുകയില്ല. ആട്ടിടയന്റെ കൂടാരം എന്നപോലെ എന്റെ വസതി പിഴുതെടുത്തു മാറ്റിയിരിക്കുന്നു. നെയ്ത്തുകാരൻ വസ്ത്രം ചുരുട്ടുന്നതുപോലെ, ഞാനും എന്റെ ജീവിതം ചുരുട്ടി മാറ്റിയിരിക്കുന്നു. അവിടുന്ന് എന്നെ തറയിൽ നിന്നു മുറിച്ചു നീക്കിയിരിക്കുന്നു. രാപകൽ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിക്കുന്നു. പുലർച്ചവരെ സഹായത്തിനായി ഞാൻ കേണു; എന്നാൽ സിംഹത്തെപ്പോലെ അവിടുന്ന് എന്റെ അസ്ഥികൾ എല്ലാം തകർക്കുന്നു. എന്റെ ജീവിതം അന്ത്യത്തോടടുക്കുകയാണെന്ന് എനിക്കു തോന്നി. മീവൽപ്പക്ഷിയെപ്പോലെയോ, കൊക്കിനെപ്പോലെയോ ഞാൻ ചിലയ്‍ക്കുന്നു. പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു. മുകളിലേക്കു നോക്കി എന്റെ കണ്ണുകൾ കുഴയുന്നു. സർവേശ്വരാ, ഞാൻ പീഡിതനായിരിക്കുന്നു. അവിടുന്ന് എന്റെ രക്ഷാസങ്കേതമായിരിക്കണമേ. എനിക്ക് എന്തു പറയാൻ കഴിയും? അവിടുന്നുതന്നെ ഇതു ചെയ്തിരിക്കുന്നു. അവിടുന്നുതന്നെ ഇത് എന്നോടു പറയുകയും ചെയ്തിരിക്കുന്നു. മനോവേദന മൂലം നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. സർവേശ്വരാ, ഞാൻ അങ്ങേക്കുവേണ്ടി ജീവിക്കും. അങ്ങേക്കുവേണ്ടി മാത്രം! സൗഖ്യം നല്‌കി എന്നെ ജീവിക്കാനനുവദിച്ചാലും. എനിക്ക് ഈ കൊടിയവേദന ഉണ്ടായത് എന്റെ നന്മയ്‍ക്കുവേണ്ടിയാണ്. എന്റെ സർവപാപങ്ങളും പിമ്പിലേക്കു തള്ളി നീക്കിയതിനാൽ നാശത്തിന്റെ കുഴിയിൽ വീഴാതെ അവിടുന്ന് എന്നെ തടഞ്ഞു നിർത്തി. പാതാളം അങ്ങയോടു നന്ദി പറയുന്നില്ല. മരണം അങ്ങയെ സ്തുതിക്കുന്നില്ല. മരണമടയുന്നവർ അങ്ങയുടെ വിശ്വസ്തതയിൽ ശരണപ്പെടുകയില്ല. ജീവിച്ചിരിക്കുന്നവർ, എന്നെപ്പോലെ ജീവിച്ചിരിക്കുന്നവർ തന്നെയാണ് അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നത്. അവിടുത്തെ വിശ്വസ്തതയെക്കുറിച്ച് പിതാവു മക്കളെ അറിയിക്കുന്നു. സർവേശ്വരൻ എന്നെ രക്ഷിക്കും. ഞങ്ങൾ ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിലിരുന്നു വീണമീട്ടി പാടും.
യെശയ്യാവ് 38:9-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദാ രാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അത് മാറി സുഖമായ ശേഷം അവൻ എഴുതിയത്: “എന്‍റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്‍റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു. “ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു. “എന്‍റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അങ്ങ് എന്നെ തറിയിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു. പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു. മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്ക്കേണമേ. ഞാൻ എന്ത് പറയേണ്ടു? അവിടുന്ന് എന്നോട് അരുളിച്ചെയ്തു, അവിടുന്ന് തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്‍റെ കാലമെല്ലാം സാവധാനത്തോടെ നടക്കും. കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ അങ്ങ് എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും. സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും അങ്ങ് എന്‍റെ സകലപാപങ്ങളെയും അങ്ങേയുടെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; മരണം അങ്ങയെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ അങ്ങേയുടെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; അപ്പൻ മക്കളോടു അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.”
യെശയ്യാവ് 38:9-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയ എഴുത്തു: എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു. ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു. എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവൻ എന്നെ പാവിൽനിന്നു അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു. ഉഷസ്സുവരെ ഞാൻ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു. മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലെച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്ക്കേണമേ. ഞാൻ എന്തു പറയേണ്ടു? അവൻ എന്നോടു അരുളിച്ചെയ്തു, അവൻ തന്നേ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും. കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും. സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും. യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
യെശയ്യാവ് 38:9-20 സമകാലിക മലയാളവിവർത്തനം (MCV)
തന്റെ രോഗത്തിനും രോഗശാന്തിക്കുംശേഷം യെഹൂദാരാജാവായ ഹിസ്കിയാവ് എഴുതിയത്: “എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത് ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു. “ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ യാഹാം യാഹിനെ ഞാൻ വീണ്ടും കാണുകയില്ല; ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല, ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു. “ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു, എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. ഒരു മീവൽപ്പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാൻ ചിലച്ചുകൊണ്ടിരുന്നു, ഒരു പ്രാവിനെപ്പോലെ ഞാൻ കുറുകിക്കൊണ്ടിരുന്നു. എന്റെ കണ്ണ് ഉയരത്തിലേക്ക് നോക്കി വളരെ തളർന്നിരിക്കുന്നു, കർത്താവേ, ഞാൻ ഭയപ്പെട്ടിരിക്കുന്നു; എന്നെ സഹായിക്കാൻ വരണമേ!” എന്നാൽ ഇനി ഞാൻ എന്താണു പറയേണ്ടത്? അവിടന്ന് എന്നോട് അരുളിച്ചെയ്തു, അവിടന്നുതന്നെ അതു ചെയ്തുമിരിക്കുന്നു. ഞാൻ അനുഭവിച്ച ഈ കഠിനവേദന നിമിത്തം എന്റെ ജീവിതകാലംമുഴുവനും ഞാൻ താഴ്മയോടെ ജീവിക്കും. കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു. അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു; ഇനി ഞാൻ ജീവിക്കട്ടെ. തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത് എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു. അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന് എന്റെ സംരക്ഷിച്ചിരിക്കുന്നു; അങ്ങ് എന്റെ സർവപാപങ്ങളും അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല, മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും; കുഴിയിലേക്കിറങ്ങുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല. ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ് ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്; മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ തങ്ങളുടെ മക്കളോട് അറിയിക്കുന്നു. യഹോവ എന്നെ രക്ഷിക്കും, ഞങ്ങളുടെ ആയുഷ്കാലം മുഴുവനും യഹോവയുടെ ആലയത്തിൽ തന്ത്രികൾ മീട്ടിക്കൊണ്ട് ഗാനം ആലപിക്കും.