യെശയ്യാവ് 38:9-20

യെശയ്യാവ് 38:9-20 MCV

തന്റെ രോഗത്തിനും രോഗശാന്തിക്കുംശേഷം യെഹൂദാരാജാവായ ഹിസ്കിയാവ് എഴുതിയത്: “എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത് ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു. “ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ യാഹാം യാഹിനെ ഞാൻ വീണ്ടും കാണുകയില്ല; ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല, ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു. “ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു, എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. ഒരു മീവൽപ്പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാൻ ചിലച്ചുകൊണ്ടിരുന്നു, ഒരു പ്രാവിനെപ്പോലെ ഞാൻ കുറുകിക്കൊണ്ടിരുന്നു. എന്റെ കണ്ണ് ഉയരത്തിലേക്ക് നോക്കി വളരെ തളർന്നിരിക്കുന്നു, കർത്താവേ, ഞാൻ ഭയപ്പെട്ടിരിക്കുന്നു; എന്നെ സഹായിക്കാൻ വരണമേ!” എന്നാൽ ഇനി ഞാൻ എന്താണു പറയേണ്ടത്? അവിടന്ന് എന്നോട് അരുളിച്ചെയ്തു, അവിടന്നുതന്നെ അതു ചെയ്തുമിരിക്കുന്നു. ഞാൻ അനുഭവിച്ച ഈ കഠിനവേദന നിമിത്തം എന്റെ ജീവിതകാലംമുഴുവനും ഞാൻ താഴ്മയോടെ ജീവിക്കും. കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു. അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു; ഇനി ഞാൻ ജീവിക്കട്ടെ. തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത് എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു. അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന് എന്റെ സംരക്ഷിച്ചിരിക്കുന്നു; അങ്ങ് എന്റെ സർവപാപങ്ങളും അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല, മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും; കുഴിയിലേക്കിറങ്ങുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല. ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ് ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്; മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ തങ്ങളുടെ മക്കളോട് അറിയിക്കുന്നു. യഹോവ എന്നെ രക്ഷിക്കും, ഞങ്ങളുടെ ആയുഷ്കാലം മുഴുവനും യഹോവയുടെ ആലയത്തിൽ തന്ത്രികൾ മീട്ടിക്കൊണ്ട് ഗാനം ആലപിക്കും.