യെശയ്യാവ് 30:12-18

യെശയ്യാവ് 30:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതുകൊണ്ട്, ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും. അടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും. യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞ് അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: അല്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടി വരും; ഞങ്ങൾ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും. മലമുകളിൽ ഒരുകൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളൊക്കെയും ഓടിപ്പോകും. അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

യെശയ്യാവ് 30:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിക്കുകയും മർദനത്തിലും വക്രതയിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്, ചാഞ്ഞുവീഴാറായി നില്‌ക്കുന്ന ഉയർന്ന മതിലിലെ വിള്ളൽ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങൾ തകരുന്നതു മനഃപൂർവം അടിച്ചുടച്ച മൺകലംപോലെ ആയിരിക്കും. അതിന്റെ ഒരു കഷണംപോലും അടുപ്പിൽനിന്നു തീ കോരാനോ തൊട്ടിയിൽനിന്നു വെള്ളം എടുക്കാനോ ഉപകരിക്കുകയില്ലല്ലോ. അതുകൊണ്ട്, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ശാന്തതയും ദൈവാശ്രയവുമാണ് നിങ്ങളുടെ ബലം. നിങ്ങൾ എന്റെ അടുക്കലേക്കു തിരിച്ചു വന്ന് സ്വസ്ഥമായിരുന്നാൽ രക്ഷിക്കപ്പെടും. എന്നാൽ നിങ്ങൾ അതിന് ഒരുങ്ങുകയില്ല. “ഇല്ല, ഞങ്ങൾ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങൾ പോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും. ഒരുവനെ ഭയപ്പെട്ട് ആയിരംപേരും അഞ്ചു പേരുടെ ഭീഷണികൊണ്ട് നിങ്ങൾ എല്ലാവരും ഓടിപ്പോകും. കുന്നിൻമുകളിൽ നാട്ടിയിരിക്കുന്ന കൊടിമരമോ, കൊടി അടയാളമോപോലെ നിങ്ങൾ ആയിത്തീരും. അതിനാൽ സർവേശ്വരൻ നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാൻ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാൽ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സർവേശ്വരനെ കാത്തിരിക്കുന്നവർ അനുഗൃഹീതർ.

യെശയ്യാവ് 30:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിനാൽ യിസ്രായേലിന്‍റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളയുകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനിൽക്കുകയും ചെയ്യുന്നതുകൊണ്ടു, ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും. അടുപ്പിൽനിന്നു തീ എടുക്കുവാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം ഒരുവൻ കുശവന്‍റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും.” യിസ്രായേലിന്‍റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനംതിരിഞ്ഞ് എന്നില്‍ അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും; ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും. മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഒരുവന്‍റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും.” അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്‍റെ ദൈവമല്ലയോ; അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ.

യെശയ്യാവ് 30:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതുകൊണ്ടു, ഈ അകൃത്യം നിങ്ങൾക്കു ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽ പോലെ ആയിരിക്കും. അടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടെച്ചുകളയുന്നതു പോലെ അവൻ അതിനെ ഉടെച്ചുകളയും. യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടിവരും; ഞങ്ങൾ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും. മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചു പേരുടെ ഭീഷണിയാൽ നിങ്ങൾ ഒക്കെയും ഓടിപ്പോകും. അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു; അതുകൊണ്ടു അവൻ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാർ.

യെശയ്യാവ് 30:12-18 സമകാലിക മലയാളവിവർത്തനം (MCV)

അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനം നിരസിക്കയും പീഡനത്തിൽ ആശ്രയിക്കുകയും കാപട്യത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്, ഈ അകൃത്യം നിങ്ങൾക്ക് നിമിഷനേരംകൊണ്ടു നിലംപൊത്തുന്ന വിള്ളൽവീണ് പുറത്തേക്കു തള്ളിനിൽക്കുന്ന ഉയരമുള്ള ഒരു കോട്ടപോലെ ആയിത്തീരും. അടുപ്പിൽനിന്ന് തീ കോരിയെടുക്കാനോ ജലസംഭരണിയിൽനിന്ന് വെള്ളം മുക്കിയെടുക്കാനോ കൊള്ളാവുന്ന ഒരു കഷണംപോലും അവശേഷിക്കാതെ നിർദയം ഉടച്ചുതകർക്കപ്പെട്ട കുശവന്റെ ഒരു കലംപോലെയാകും അതിന്റെ തകർച്ചയും.” ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പശ്ചാത്തപിച്ച് എന്നിൽ ആശ്രയംവെച്ചാൽ നിങ്ങൾ രക്ഷപ്രാപിക്കും. ശാന്തതയിലും ആശ്രയത്തിലുമാണ് നിങ്ങളുടെ ശക്തി, എങ്കിലും ഇതു ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടായില്ല. ‘ഇല്ല, ഞങ്ങൾ കുതിരപ്പുറത്തുകയറി ഓടിപ്പോകും,’ എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ ഓടിപ്പോകും! ‘വേഗമുള്ള കുതിരകളിന്മേൽ ഞങ്ങൾ കയറി ഓടിച്ചുപോകും,’ എന്നും നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിൻതുടരുന്നവരും വേഗമുള്ളവരായിരിക്കും! പർവതശൃംഗത്തിൽ ഒരു കൊടിമരംപോലെയും മലമുകളിൽ ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ ഒരുവന്റെ ഭീഷണിക്കു മുന്നിൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങൾ മുഴുവൻ പേരും ഓടിപ്പോകും.” എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു; അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും. കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു. അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.