യെശയ്യാവ് 30:1-5

യെശയ്യാവ് 30:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ ഫറവോന്റെ സംരക്ഷണ നിങ്ങൾക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും. അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു. അവരൊക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതി നിമിത്തം ലജ്ജിച്ചുപോകും.

യെശയ്യാവ് 30:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“എൻറേതല്ലാത്ത പദ്ധതികൾ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേൽ പാപം കൂട്ടിവയ്‍ക്കുന്ന കലഹപ്രിയരേ, നിങ്ങൾക്കു ദുരിതം!” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അവർ എന്റെ ഉപദേശം തേടാതെ ഈജിപ്തിലേക്കു പോയി ഫറവോയുടെ ചിറകിൻകീഴിൽ അഭയം പ്രാപിക്കുകയും ഈജിപ്തിന്റെ തണലിൽ സങ്കേതം തേടുകയും ചെയ്യുന്നു. എന്നാൽ ഫറവോയുടെ സംരക്ഷണം നിങ്ങൾക്കു ലജ്ജാകരവും ഈജിപ്തിന്റെ തണൽ അപമാനകരവുമായി ഭവിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥന്മാർ സോവാനിലും നിങ്ങളുടെ പ്രതിനിധികൾ ഹാനേസിലും എത്തിയിട്ടും സഹായിക്കാൻ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീർന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.

യെശയ്യാവ് 30:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു. പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കുകയും എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോവുകയും ചെയ്യുന്നു. “എന്നാൽ ഫറവോന്‍റെ സംരക്ഷണം നിങ്ങൾക്ക് നാണമായും മിസ്രയീമിന്‍റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും. അവന്‍റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്‍റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു. അവർ എല്ലാവരും അവർക്ക് ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും.”

യെശയ്യാവ് 30:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ ഫറവോന്റെ സംരക്ഷണ നിങ്ങൾക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും. അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു. അവർ ഒക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.

യെശയ്യാവ് 30:1-5 സമകാലിക മലയാളവിവർത്തനം (MCV)

“കഠിനഹൃദയരായ മക്കൾക്കു ഹാ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “എന്റേതല്ലാത്ത പദ്ധതികൾ നടപ്പിലാക്കി, എന്റെ ആത്മാവിന്റെ ആലോചനകൂടാതെ സഖ്യംചെയ്ത്, പാപത്തിനുമേൽ പാപം കൂട്ടുകയും ചെയ്യുന്നവർക്കുതന്നെ. അവർ എന്നോട് അരുളപ്പാടു ചോദിക്കാതെ ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെല്ലുന്നു; ഫറവോന്റെ സംരക്ഷണത്തിനായി ശ്രമിച്ച്, ഈജിപ്റ്റിന്റെ നിഴലിൽ അഭയംതേടുന്നവർക്കുതന്നെ. എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു ലജ്ജയായിത്തീരും, ഈജിപ്റ്റിന്റെ നിഴൽ നിങ്ങൾക്ക് അപമാനമായി ഭവിക്കും. സോവാനിൽ അവർക്കു പ്രഭുക്കന്മാർ ഉണ്ടായിരുന്നിട്ടും അവരുടെ സ്ഥാനപതികൾ ഹാനേസിൽ എത്തിയിട്ടും, തങ്ങൾക്കു പ്രയോജനം വരുത്താത്തതും സഹായമോ ഉപകാരമോ നൽകാത്തതും ലജ്ജയും അപമാനവും വരുത്തുന്നതുമായ ഒരു ജനതനിമിത്തം അവരെല്ലാവരും ലജ്ജിതരായിത്തീരും.”