യെശയ്യാവ് 11:11-16

യെശയ്യാവ് 11:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെയൊക്കെയും കൊള്ളയിടും; എദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യർ അവരെ അനുസരിക്കും. യഹോവ മിസ്രയീംകടലിന്റെ നാവിന് ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി ചെരുപ്പു നനയാതെ കടക്കുമാറാക്കും. മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിനുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പെരുവഴിയുണ്ടാകും.

യെശയ്യാവ് 11:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ തന്റെ ജനത്തിൽ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാർ, ഹാമാത്ത്, കടൽത്തീരദേശങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരിച്ചു കൊണ്ടുവരാൻ തന്റെ ശക്തി വീണ്ടും പ്രയോഗിക്കും. അവിടുന്നു വിജാതീയരെ ഒരുമിച്ചു കൂട്ടാൻ ഒരു കൊടിയടയാളം ഉയർത്തും. ഇസ്രായേലിൽനിന്നു ഭ്രഷ്ടരായവരെയും യെഹൂദ്യയിൽനിന്നു ചിതറിപ്പോയവരെയും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു കൂട്ടിവരുത്തും. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും. യെഹൂദായെ ശല്യപ്പെടുത്തുന്നവർ നിശ്ശേഷം നശിപ്പിക്കപ്പെടും. യെഹൂദാ ഇനിയും എഫ്രയീമിന്റെ ശത്രുവായിരിക്കുകയില്ല. അവർ പടിഞ്ഞാറുള്ള ഫെലിസ്ത്യരുടെമേൽ ചാടിവീഴുകയും ഒരുമിച്ച് കിഴക്കുള്ള ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യും. എദോമും മോവാബും അവരുടെ ആക്രമണത്തിനിരയാകും. അമ്മോന്യർ അവർക്കു കീഴടങ്ങും. ഈജിപ്തിന്റെ കടലിടുക്ക് സർവേശ്വരൻ നിശ്ശേഷം നശിപ്പിക്കും. അവിടുന്ന് ഉഷ്ണക്കാറ്റ് നദിയുടെമേൽ വീശുമാറാക്കും. അപ്പോൾ ചെരുപ്പു നനയാതെ കടക്കത്തക്കവിധം നദി ഏഴു കൈത്തോടുകളായി പിരിയും. ഇസ്രായേല്യർക്ക് ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ ഉണ്ടായതുപോലെയുള്ള ഒരു രാജപാത അസ്സീറിയയിൽ അവശേഷിക്കുന്ന സർവേശ്വരന്റെ ജനത്തിന് അപ്പോഴുണ്ടാകും.

യെശയ്യാവ് 11:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യർ അവരെ അനുസരിക്കും. യഹോവ മിസ്രയീം കടലിന്‍റെ നാവിനു ഉന്മൂലനാശം വരുത്തും; അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത ഉണ്ടാകും.

യെശയ്യാവ് 11:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവെക്കും; അമ്മോന്യർ അവരെ അനുസരിക്കും. യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും. മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.

യെശയ്യാവ് 11:11-16 സമകാലിക മലയാളവിവർത്തനം (MCV)

ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ബാബേലിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും. അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും, യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല. അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും; ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും. ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും, അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും. ഈജിപ്റ്റുകടലിന്റെ നാവിനെ യഹോവ പൂർണമായും നശിപ്പിച്ചുകളയും; തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന് യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും. അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും. ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ അവർക്ക് ഉണ്ടായിരുന്നതുപോലെ അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും.