യെശ. 11
11
സമാധാനപരമായ രാജ്യം
1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും;
അവന്റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.
2അവന്റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും;
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്,
പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ.
3അവന്റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും;
അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല;
ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല.
4അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും
ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും;
തന്റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും;
തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.
5നീതി അവന്റെ നടുക്കെട്ടും
വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും;
പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും;
പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും;
ഒരു ചെറിയ കുട്ടി അവയെ നടത്തും.
7പശു കരടിയോടുകൂടെ മേയും;
അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും;
സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിനു മുകളിൽ കളിക്കും;
മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ
എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും
ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.
പ്രവാസികളുടെ തിരിച്ചുവരവ്
10ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
11ആ നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും#11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.
12അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി,
യിസ്രായേലിന്റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും
യെഹൂദായുടെ ചിതറിപ്പോയവരെ
ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
13എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും;
യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും;
എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല;
യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
14അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും;
കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും;
ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും;
അമ്മോന്യർ അവരെ അനുസരിക്കും.
15യഹോവ മിസ്രയീം കടലിന്റെ നാവിനു#11:15 മിസ്രയീം കടലിന്റെ നാവിനു മിസ്രയീമിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). ഉന്മൂലനാശം വരുത്തും;
അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി
അതിനെ അടിച്ച് ഏഴു കൈവഴികളാക്കി
മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും.
16മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ
യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ,
അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ
ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത#11:16 പ്രധാനപാതരാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി. ഉണ്ടാകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 11: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.