യെശയ്യാവ് 10:5-34

യെശയ്യാവ് 10:5-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായൊരു ജാതിക്കു നേരേ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നെ. അവനോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താൽപര്യം. അവൻ പറയുന്നത്: എന്റെ പ്രഭുക്കന്മാരൊക്കെയും രാജാക്കന്മാരല്ലയോ? കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ, ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ? അതുകൊണ്ടു കർത്താവ് സീയോൻ പർവതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും. എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്‍വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവൻ പറയുന്നുവല്ലോ. വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടിപൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻകീഴെ തീ കത്തുമ്പോലെ ഒന്നു കത്തും. യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും. അവൻ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചുപോകുന്നതു പോലെയിരിക്കും. അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം. അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായൊരു സംഹാരം നിർണയിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ ഭൂമിയുടെയും മധ്യേ നിർണയിക്കപ്പെട്ട സംഹാരം വരുത്തും. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ. ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ട് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നുപോകും. ഓറേബ്പാറയ്ക്കരികെ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും. അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു. അവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി. ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക. മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിനു വട്ടംകൂട്ടുന്നു. ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവതത്തിന്റെ നേരേ അവൻ കൈ കുലുക്കുന്നു. സൈന്യങ്ങളുടെ യഹോവയായ കർത്താവ് കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. അവൻ വനത്തിലെ പള്ളക്കാടുകളെ ഇരുമ്പായുധം കൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീണുപോകും.

യെശയ്യാവ് 10:5-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ക്രോധത്തിന്റെ ഗദയും രോഷത്തിന്റെ വടിയുമായ അസ്സീറിയായെ, ദൈവനിഷേധികളായ ജനതയ്‍ക്കും എന്റെ ക്രോധത്തിനിരയായ ജനത്തിനും എതിരെ, അവരെ കൊള്ളയടിക്കാനും തെരുവീഥിയിലെ ചെളി പോലെ ചവുട്ടിമെതിക്കാനുമായി ഞാൻ നിയോഗിക്കും. എന്നാൽ അസ്സീറിയായുടെ ഉദ്ദേശ്യവും വിചാരവും അതല്ലായിരുന്നു. ജനതകളുടെ നാശം ആയിരുന്നു അവരുടെ ലക്ഷ്യം. അസ്സീറിയൻ ചക്രവർത്തി പറയുന്നു: “എന്റെ സേനാനായകന്മാരെല്ലാം രാജാക്കന്മാരല്ലേ? കല്നോ കാർക്കെമീശിനെപ്പോലെയല്ലേ? ഹമാത്ത് അർപ്പാദിനെപ്പോലെയും ശമര്യ ദമാസ്കസിനെപ്പോലെയുമല്ലേ? യെരൂശലേമിലും ശമര്യയിലുമുള്ളവയെക്കാൾ വിശേഷപ്പെട്ട വിഗ്രഹങ്ങളുള്ള രാജ്യങ്ങളെ എന്റെ കരങ്ങൾ എത്തിപ്പിടിച്ചിരിക്കെ ശമര്യയോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാൻ ചെയ്തതുപോലെ യെരൂശലേമിനോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാൻ ചെയ്കയില്ലേ? യെരൂശലേമിലും സീയോൻ പർവതത്തിലും തന്റെ പ്രവൃത്തി പൂർത്തിയാക്കിയശേഷം സർവേശ്വരൻ അസ്സീറിയൻ ചക്രവർത്തിയെ വമ്പു പറച്ചിലിനും അഹങ്കാരത്തിനും ശിക്ഷിക്കും. കരബലവും ജ്ഞാനവുംകൊണ്ടു ഞാൻ ഇവയൊക്കെ ചെയ്തു. ബുദ്ധിയും വിവേകവുംകൊണ്ടു ഞാൻ ദേശങ്ങളുടെ അതിരുകൾ മാറ്റി. ജനതകളുടെ നിക്ഷേപം കൊള്ളയടിച്ചു. സിംഹാസനത്തിലിരുന്നവരെ കാളക്കൂറ്റന്റെ കരുത്തോടെ ഞാൻ താഴെ ഇറക്കി. എന്റെ കരങ്ങൾ ജനതകളുടെ സമ്പത്ത് കിളിക്കൂട് എന്നപോലെ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട കിളിക്കൂട്ടിൽനിന്നും മുട്ടകൾ ശേഖരിക്കുംപോലെ ഭൂമിയിലെ സമ്പത്തു മുഴുവൻ ഞാൻ കൈവശമാക്കി. ചിറകടിക്കുകയോ ചുണ്ടനക്കുകയോ ചിലയ്‍ക്കുകയോ ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. മരംവെട്ടുകാരനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് അറക്കവാൾ വീമ്പടിക്കുമോ? മനുഷ്യൻ ഗദയുടെ ഉപകരണമല്ല. ഗദയെ മനുഷ്യൻ ഉപകരണമാക്കുന്നു. ഒരു വടി മനുഷ്യനെ ചുഴറ്റുമോ? അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ മാരകമായ രോഗം അസ്സീറിയാരാജാവിന്റെ ശക്തരായ യോദ്ധാക്കളുടെമേൽ അയയ്‍ക്കും. അവരുടെ ശരീരത്തിൽ അഗ്നി കത്തി ജ്വലിക്കും. ഇസ്രായേലിന്റെ വെളിച്ചമായ ദൈവം ഒരു ജ്വാലയായിത്തീർന്ന് ഒരു ദിവസംകൊണ്ടു സകല മുള്ളും മുൾപ്പടർപ്പും ദഹിപ്പിക്കും. വനത്തിന്റെയും ഫലപുഷ്ടമായ വിളനിലത്തിന്റെയും പ്രതാപം സർവേശ്വരൻ നശിപ്പിക്കും. രോഗിയായ മനുഷ്യൻ ക്ഷയിച്ചുപോകുന്നതുപോലെ അവ നിശ്ശേഷം നശിക്കും. അയാളുടെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ ഒരു കൊച്ചുകുട്ടിക്ക് എണ്ണിക്കുറിക്കാവുന്നവിധം പരിമിതമായിരിക്കും.” അന്ന് ഇസ്രായേലിൽ ശേഷിച്ചവർ, യാക്കോബിന്റെ വംശത്തിൽ അവശേഷിച്ചവർ, തങ്ങളെ പ്രഹരിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ ആത്മാർഥമായി ആശ്രയിക്കും. അവശേഷിക്കുന്നവർ, യാക്കോബിന്റെ ശിഷ്ടഭാഗംതന്നെ ജയവീരനായ ദൈവത്തിങ്കലേക്കു മടങ്ങിവരും. ഇസ്രായേൽജനം കടൽക്കരയിലെ മണൽത്തരിപോലെ അസംഖ്യമാണെങ്കിലും അവരിൽ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. നീതി കവിഞ്ഞൊഴുകുന്നതായ ഒരു വിനാശം നിർണയിക്കപ്പെട്ടിരിക്കുന്നു. സർവശക്തനായ സർവേശ്വരൻ നിശ്ചയിക്കപ്പെട്ട വിനാശം രാജ്യത്താകമാനം വരുത്തും. സീയോനിൽ നിവസിക്കുന്നവരോടു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ജനമേ, ഈജിപ്തുകാർ നിങ്ങളെ ദണ്ഡിപ്പിച്ചതുപോലെ അസ്സീറിയാക്കാർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ ഭയപ്പെടരുത്. കാരണം അല്പസമയംകൊണ്ടു നിങ്ങളുടെ നേരെയുള്ള എന്റെ രോഷം ശമിക്കും; അവരുടെ നാശത്തിനായി അതു തിരിച്ചുവിടും. ഓറേബിലെ പാറയ്‍ക്കടുത്തുവച്ചു സർവശക്തനായ സർവേശ്വരൻ മിദ്യാന്യരെ പ്രഹരിച്ചതുപോലെ അവരുടെമേൽ ചമ്മട്ടി പ്രയോഗിക്കും. ഈജിപ്തിൽ വച്ചെന്നപോലെ അവിടുന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും. അന്ന് അസ്സീറിയാ നിങ്ങളുടെ തോളിൽ വച്ചിരിക്കുന്ന ഭാരം നീക്കപ്പെടും. നിങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന നുകം തകർക്കപ്പെടും. ശത്രുസൈന്യം രിമ്മോനിൽനിന്ന് അയ്യാത്തിലെത്തി, മിഗ്രോനിലൂടെ മിക്മാശിൽ ചെന്ന് അവിടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു. അവർ ചുരം കടന്ന് ഗേബയിലെത്തി രാപാർക്കുന്നു. റാമാ നടുങ്ങുന്നു. ശൗലിന്റെ പട്ടണമായ ഗിബെയായിലെ ജനം പലായനം ചെയ്യുന്നു. ഗല്ലീംനിവാസികളേ, ഉറക്കെ നിലവിളിക്കുവിൻ; ലയേശേ, ശ്രദ്ധിക്കുക; അനാഥോത്തേ, മറുപടി പറയുക. മദ്മേനാ പലായനം ചെയ്യുന്നു. ഗബീംനിവാസികൾ രക്ഷ തേടി ഓടുന്നു. ഇന്നുതന്നെ ശത്രു നോബിൽ നിലയുറപ്പിച്ചുകൊണ്ടു സീയോൻപുത്രിയുടെ നേരെ, യെരൂശലേംകുന്നിന്റെ നേരെ, മുഷ്‍ടി ചുരുട്ടും. ഇതാ, സർവശക്തനായ സർവേശ്വരൻ ഉഗ്രശക്തിയോടെ വൃക്ഷശാഖകൾ മുറിച്ചുതള്ളും. ഉയർന്ന വൃക്ഷങ്ങൾ വെട്ടിവീഴ്ത്തും. ഉയർന്നവയെ നിലം പതിപ്പിക്കും. നിബിഡവനം അവിടുന്നു കോടാലികൊണ്ടു വെട്ടിത്തെളിക്കും. ലെബാനോൻ വൻമരങ്ങളോടുകൂടി നിലംപതിക്കും.

യെശയ്യാവ് 10:5-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിക്കുവാനും അനേകം ജനതകളെ ഛേദിച്ചുകളയുവാനുമാകുന്നു അവന്‍റെ താത്പര്യം. അവൻ പറയുന്നത്: ‘എന്‍റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ? കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്‍റെ കൈ എത്തിപ്പിടിച്ചിരിക്കെ, ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?” അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്‍റെ അഹങ്കാരമുള്ള ഹൃദയത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദർശിക്കും. ‘എന്‍റെ കൈയുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. എന്‍റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്നു അവൻ പറയുന്നുവല്ലോ.” വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും. യിസ്രായേലിന്‍റെ ദൈവം ഒരു തീയായും അവന്‍റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അത് കത്തി, ഒരു ദിവസംകൊണ്ട് അവന്‍റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും. അവൻ അവന്‍റെ കാടിന്‍റെയും തോട്ടത്തിന്‍റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും. അവന്‍റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം. ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്), യാക്കോബിന്‍റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്ക് മടങ്ങിവരും. യിസ്രായേലേ, നിന്‍റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ്വഭൂമിയുടെയും മദ്ധ്യത്തിൽ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്‍റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ. ഇനി അല്പസമയം കഴിഞ്ഞ് എന്‍റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്‍റെ കോപവും തീർന്നുപോകും.” ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്‍റെനേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്‍റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും. ആ നാളിൽ അവന്‍റെ ചുമട് നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം നിമിത്തം നുകം തകർന്നുപോകും. അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്‍റെ പടക്കോപ്പു വച്ചിരിക്കുന്നു. അവർ ചുരം കടന്നു; ഗേബയിൽ രാത്രിപാർത്തു; രാമ നടുങ്ങുന്നു; ശൗലിന്‍റെ ഗിബെയാ ഓടിപ്പോയി. ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; അനാഥോത്തേ, ഉത്തരം പറയുക. മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷക്കായി ഓടുന്നു. ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്‍റെ നേരെ അവൻ കൈ കുലുക്കുന്നു. സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. അവൻ വനത്തിലെ കുറ്റിക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും സര്‍വ്വശക്തന്‍റെ കയ്യാൽ വീണുപോകും.

യെശയ്യാവ് 10:5-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‌വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ. അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം. അവൻ പറയുന്നതു: എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ? കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിത്ഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ, ഞാൻ ശമര്യയോടും അതിലെ മിത്ഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ? അതുകൊണ്ടു കർത്താവു സീയോൻപർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും. എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനം കൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‌വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവൻ പറയുന്നുവല്ലോ. വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വത്തിൻ കീഴെ തീ കത്തുംപോലെ ഒന്നു കത്തും. യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും. അവൻ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും. അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം. അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ. ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിർന്നുപോകും. ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും. അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകർന്നുപോകും. അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു. അവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി. ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക. മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിന്നു വട്ടംകൂട്ടുന്നു. ഇന്നു അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻ പുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു. സൈന്യങ്ങളുടെ യഹോവയായ കർത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. അവൻ വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കയ്യാൽ വീണുപോകും.

യെശയ്യാവ് 10:5-34 സമകാലിക മലയാളവിവർത്തനം (MCV)

“എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം! എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്. അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു, എന്റെ കോപത്തിനിരയായ ജനത്തിന് എതിരേതന്നെ, കൊള്ളയിടുന്നതിനും കവർച്ചചെയ്യുന്നതിനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിമെതിക്കുന്നതിനുംതന്നെ. എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല, അവന്റെ മനസ്സിലുള്ളതും അതല്ല; അവന്റെ ലക്ഷ്യം നശീകരണമാണ്, അനേകം ജനതകളെ ഛേദിച്ചുകളയുന്നതത്രേ അവന്റെ താത്പര്യം. അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ? കൽനെ കർക്കെമീശുപോലെയല്ലേ? ഹമാത്ത് അർപ്പാദുപോലെയും, ശമര്യ ദമസ്കോസ്പോലെയും അല്ലേ? എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു, ജെറുശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വലിയ വിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങൾത്തന്നെ— ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജെറുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?’ ” സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും. അവൻ പറയുന്നു: “ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്; എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു. ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു; ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി. പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ, എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു; ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ, ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു; ചിറകടിക്കുന്നതിനോ വായ് തുറന്നു ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ” വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ? വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്. അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും. ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും; അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും. അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം പരിപൂർണമായും നശിപ്പിക്കും, അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയായിരിക്കും. അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും. ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിൽ രക്ഷപ്പെട്ടവരും തങ്ങളെ പ്രഹരിച്ചവനിൽ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയിൽ ആത്മാർഥതയോടെ ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും, യാക്കോബിന്റെ ശേഷിപ്പുതന്നെ, ശക്തനായ ദൈവത്തിലേക്കുതന്നെ മടങ്ങിവരും. ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അതിൽ ഒരു ശേഷിപ്പുമാത്രമേ മടങ്ങിവരുകയുള്ളൂ. നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. കർത്താവ്, സൈന്യങ്ങളുടെ യഹോവ, ഉത്തരവിറക്കിയതുപോലെ സർവഭൂമിയിലും നാശംവരുത്തും. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ, ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട. വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും എന്റെ ക്രോധം അവരുടെ നാശത്തിനായി തിരിച്ചു വിടുകയും ചെയ്യും.” സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും; ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും. അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും നിന്റെ കഴുത്തിലുള്ള അവരുടെ നുകംതന്നെ; നിന്റെ പുഷ്ടി നിമിത്തം ആ നുകം തകർക്കപ്പെടും. അവർ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നുപോയി; മിക്-മാസിൽ തങ്ങളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു. അവർ ചുരം കടന്നു, “ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കും” എന്നു പറയുന്നു. രാമാ വിറയ്ക്കുന്നു; ശൗലിന്റെ ഗിബെയാ ഓടി മറയുന്നു. ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക! ലയേശേ, ശ്രദ്ധിക്കുക! പീഡിതയായ അനാഥോത്തേ! മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു. ഗബീം നിവാസികൾ രക്ഷതേടി അലയുന്നു. ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും; സീയോൻപുത്രിയുടെ മലയുടെനേരേ, ജെറുശലേം കുന്നിന്റെനേരേ അവർ മുഷ്ടി ചുരുട്ടും. നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ് വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും, ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീഴും.