എബ്രായർ 4:12-14
എബ്രായർ 4:12-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്. ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക.
എബ്രായർ 4:12-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ വചനം ജീവനുള്ളതും, പ്രയോഗക്ഷമവും, ഇരുവായ്ത്തലയുള്ള വാളിനെക്കാൾ മൂർച്ചയേറിയതുമാണ്. അത് ആത്മാവും ചേതനയും സന്ധിക്കുന്ന സ്ഥാനംവരെ കടന്നുചെല്ലും. സന്ധിബന്ധങ്ങളും മജ്ജയും വേർപെടുത്തിക്കൊണ്ടു തുളച്ചുകയറും, അത് മനുഷ്യഹൃദയത്തിന്റെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിച്ചറിയും. പ്രപഞ്ചത്തിലുള്ള യാതൊരു സൃഷ്‍ടിക്കും ദൈവത്തിൽനിന്നു മറഞ്ഞിരിക്കുവാൻ സാധ്യമല്ല. സകലവും ഈശ്വരസമക്ഷം തുറന്നുകിടക്കുന്നു; ഒന്നും മറച്ചുവച്ചിട്ടില്ല. അങ്ങനെയുള്ള ദൈവത്തിന്റെ മുമ്പിലാണ് നാം നില്‌ക്കേണ്ടിവരുന്നത്. ദൈവത്തിന്റെ സന്നിധിയിലേക്ക് ആരോഹണം ചെയ്ത ഒരു മഹാപുരോഹിതൻ നമുക്കുണ്ട് - ദൈവപുത്രനായ യേശുതന്നെ. അതുകൊണ്ട് നാം ഏറ്റുപറയുന്ന വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം.
എബ്രായർ 4:12-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു. അവന്‍റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു; അങ്ങനെയുള്ള ദൈവത്തിന്‍റെ മുമ്പിലാണു നാം കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടത്. ആകയാൽ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദൈവപുത്രനായ യേശു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊൾക.
എബ്രായർ 4:12-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു. ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക.
എബ്രായർ 4:12-14 സമകാലിക മലയാളവിവർത്തനം (MCV)
ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു. ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലതും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്. സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം.