എബ്രാ. 4

4
ദൈവജനത്തിന് ശേഷിച്ചിരിക്കുന്ന വിശ്രമം
1അതുകൊണ്ട്, ദൈവത്തിന്‍റെ വിശ്രമത്തിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. 2അവരെപ്പോലെ നാമും ദൈവിക വിശ്രമത്തെക്കുറിച്ചുള്ള ഈ സദ് വാർത്ത കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല. 3വിശ്വസിച്ചവരായ നാമല്ലോ വിശ്രമത്തിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ സൃഷ്ടികർമ്മങ്ങൾ പൂർത്തിയായ ശേഷവും:
“അവർ എന്‍റെ വിശ്രമത്തിൽ പ്രവേശിക്കയില്ല എന്നു
ഞാൻ എന്‍റെ കോപത്തിൽ സത്യംചെയ്തു”
എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 4“ഏഴാം നാളിൽ ദൈവം തന്‍റെ സകലപ്രവൃത്തികളും പൂർത്തിയാക്കി വിശ്രമിച്ചു” എന്നു ഏഴാം നാളിനെക്കുറിച്ച് വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. 5“എന്‍റെ വിശ്രമത്തിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ വീണ്ടും അരുളിച്ചെയ്യുന്നു.
6അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും, 7മുമ്പ് ഉദ്ധരിച്ചതു പോലെ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നു;
“ഇന്ന് അവന്‍റെ ശബ്ദം കേൾക്കുന്നു എങ്കിൽ
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”
എന്നു ദാവീദിലൂടെ അരുളിച്ചെയ്യുന്നു. 8യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ ദൈവം മറ്റൊരു ദിവസത്തെക്കുറിച്ച് വീണ്ടും പറയുകയില്ലായിരുന്നു. 9ആകയാൽ ദൈവജനത്തിന് ഒരു ശബ്ബത്തനുഭവം ലഭിക്കുവാനിരിക്കുന്നു. 10ദൈവം തന്‍റെ പ്രവൃത്തികളിൽനിന്നു വിമുക്തനായതു പോലെ അവന്‍റെ വിശ്രമത്തിൽ പ്രവേശിച്ച ഏതൊരുവനും തന്‍റെ പ്രവൃത്തികളിൽനിന്നു വിമുക്തനായിത്തീർന്ന് വിശ്രമിക്കുന്നു. 11അതുകൊണ്ട് നാം ആരും യിസ്രായേൽ ജനത ചെയ്തതുപോലുള്ള അനുസരണക്കേടിൻ്റെ അതേ അവസ്ഥയിൽ വീഴാതിരിക്കേണ്ടതിന് ആ ദൈവിക വിശ്രമത്തിൽ പ്രവേശിക്കുവാൻ ഉത്സാഹമുള്ളവരായിരിക്ക.
12ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു. 13അവന്‍റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു; അങ്ങനെയുള്ള ദൈവത്തിന്‍റെ മുമ്പിലാണു നാം കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടത്.
14ആകയാൽ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദൈവപുത്രനായ യേശു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊൾക. 15നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കഴിയാത്തവനല്ല; പകരം സർവ്വത്തിലും നമുക്കു തുല്യനായി പ്രലോഭിക്കപ്പെട്ടിട്ടും പാപം ഇല്ലാത്തവനായിരുന്നു. 16അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

എബ്രാ. 4: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

എബ്രാ. 4 - നുള്ള വീഡിയോ