എബ്രായർ 12:1-3

എബ്രായർ 12:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സകല ഭാരങ്ങളും നമ്മെ മുറുകെപ്പിടിക്കുന്ന പാപവും പരിത്യജിച്ച് സ്ഥിരനിശ്ചയത്തോടെ നമ്മുടെ മുമ്പിൽ ഉള്ള മത്സരയോട്ടം ഓടാം. നമ്മുടെ വിശ്വാസത്തിന്റെ ആദികാരണനും അതിന്റെ പൂരകനുമായ യേശുവിൽ നമ്മുടെ ദൃഷ്‍ടി ഉറപ്പിക്കുക. തനിക്കു വരുവാനിരിക്കുന്ന സന്തോഷം ഓർത്ത് അവിടുന്ന് അപമാനം അവഗണിച്ചുകൊണ്ട് കുരിശിൽ മരിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. നിങ്ങൾ ദുർബലഹൃദയരായി തളർന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിർപ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓർത്തുകൊള്ളുക.

എബ്രായർ 12:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊൾവിൻ.

എബ്രായർ 12:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക. വിശ്വാസത്തിന്‍റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്‍റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ക്രൂശിനെ സഹിക്കുകയും അതിന്‍റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു. നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.

എബ്രായർ 12:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

എബ്രായർ 12:1-3 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം. വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു. നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.

എബ്രായർ 12:1-3

എബ്രായർ 12:1-3 MALOVBSIഎബ്രായർ 12:1-3 MALOVBSI