ഹബക്കൂക് 2:2-20
ഹബക്കൂക് 2:2-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും. വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനില്ക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകല ജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകല വംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു. അവരൊക്കെയും അവനെക്കുറിച്ച് ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളൊരു പഴഞ്ചൊല്ലും ചൊല്ലി; തൻറേതല്ലാത്തതു വർധിപ്പിക്കയും- എത്രത്തോളം?- പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം എന്നു പറകയില്ലയോ? നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേല്ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായിത്തീരുകയും ഇല്ലയോ? നീ പല ജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും. അനർഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവയ്ക്കേണ്ടതിനു തന്റെ വീട്ടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം! പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിനു ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു. ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ. രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം! ജാതികൾ തീക്ക് ഇരയാകുവാൻ അധ്വാനിക്കുന്നതും വംശങ്ങൾ വെറുതേ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ? വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണമാകും. കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരി പിടിപ്പിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം! നിനക്കു മഹത്ത്വംകൊണ്ടല്ല, ലജ്ജ കൊണ്ടുതന്നെ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമം അനാവൃതമാക്കുക; യഹോവയുടെ വലംകൈയിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്ത്വത്തിനു പകരം നിനക്ക് അവമാനം ഭവിക്കും. മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും. പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ട് ഊമമിഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളൂ? മരത്തോട്: ഉണരുക എന്നും ഊമക്കല്ലിനോട്: എഴുന്നേല്ക്ക എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ. എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.
ഹബക്കൂക് 2:2-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദർശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തിൽതന്നെ വായിക്കാൻ കഴിയുംവിധം അതു ഫലകത്തിൽ വ്യക്തമായി രേഖപ്പെടുത്തുക.” ദർശനം അതിന്റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല. നിഷ്കളങ്കനല്ലാത്തവൻ പരാജയപ്പെടും; എന്നാൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. സമ്പത്ത് വഞ്ചനാപൂർണമാണ്. ഗർവുള്ളവർക്കു നിലനില്പില്ല. അവരുടെ ദുരാഗ്രഹം പാതാളംപോലെ വിസ്താരമുള്ളതാണ്. മൃത്യുവിനെന്നപോലെ അവർക്ക് ഒരിക്കലും തൃപ്തി വരികയില്ല. അവർ ജനതകളെ തങ്ങൾക്കായി ശേഖരിക്കുന്നു; സർവജനങ്ങളെയും തങ്ങൾക്കായി ഒന്നിച്ചുകൂട്ടുന്നു. അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവർ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതൽ നിങ്ങൾ എത്രത്തോളം കൂട്ടിവയ്‍ക്കും? പണയപ്പണ്ടങ്ങൾ വാരിക്കൂട്ടുന്നവർക്കു ദുരിതം!” നിങ്ങളുടെ കടക്കാർ പെട്ടെന്നു നിങ്ങളെ നേരിടുകയില്ലേ? നിങ്ങളെ സംഭീതരാക്കാൻ അവർ കരുത്തരാകുകയില്ലേ? അങ്ങനെ നിങ്ങൾ അവരുടെ കൊള്ളമുതലായിത്തീരുകയില്ലേ? നിരവധിരാജ്യങ്ങളെ നിങ്ങൾ കവർച്ച ചെയ്തതുകൊണ്ട് ജനതകളിൽ ശേഷിച്ചവർ നിങ്ങളെ കവർച്ചചെയ്യും. നിങ്ങൾ ചെയ്ത കൊലപാതകങ്ങൾകൊണ്ടും രാജ്യങ്ങളെയും നഗരങ്ങളെയും അതിൽ നിവസിക്കുന്നവരെയും നിങ്ങൾ ആക്രമിക്കുകയും ചെയ്തതുകൊണ്ടും നിങ്ങൾക്ക് ഇതു സംഭവിക്കും. അനർഥം നേരിടാത്തവിധം ഉയരത്തിൽ തന്റെ വീടു നിർമിക്കുകയും സ്വന്തം കുടുംബത്തിന് അന്യായസമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ദുരിതം! നിങ്ങൾ അനേകം ജനതകളുടെ വംശം നശിപ്പിച്ചു നിങ്ങളുടെ ഭവനത്തിനുതന്നെ നാണക്കേടു വരുത്തിവച്ചു, നിങ്ങൾക്കു തന്നെ നിങ്ങൾ അനർഥം വരുത്തി. ചുവരിലിരിക്കുന്ന കല്ലു നിങ്ങൾക്കെതിരെ നിലവിളിക്കും. മേൽക്കൂരയിൽനിന്നു തുലാം പ്രതികരിക്കുകയും ചെയ്യും. രക്തപാതകംകൊണ്ട് നഗരം പടുത്തുയർത്തുന്നവർക്കും അധർമത്തിന്മേൽ നഗരം സ്ഥാപിക്കുന്നവർക്കും ദുരിതം! അഗ്നിക്ക് ഇര നല്‌കാൻവേണ്ടി ജനങ്ങൾ അധ്വാനിക്കുന്നതും വ്യർഥമായി യത്നിച്ച് ജനതകൾ തളരുന്നതും സർവശക്തനായ സർവേശ്വരന്റെ തിരുഹിതത്താലല്ലോ? സമുദ്രം ജലംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി സർവേശ്വരന്റെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു. അയൽക്കാരോടുള്ള ദ്വേഷം നിമിത്തം അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിക്കുന്നവർക്കും അവരുടെ നഗ്നത കാണാൻ അവരെ ലഹരിപിടിപ്പിക്കുന്നവർക്കും ദുരിതം! മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങൾക്കു മതിവരും; നിങ്ങൾ കുടിച്ചു കൂത്താടുക. സർവേശ്വരന്റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങൾ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങൾക്കു വന്നുചേരും. ദേശത്തോടും നഗരങ്ങളോടും അവിടെ അധിവസിക്കുന്ന സകലരോടും ചെയ്ത ബലാല്‌ക്കാരവും രക്തച്ചൊരിച്ചിലും നിമിത്തം വന്യമൃഗങ്ങൾ വരുത്തുന്ന നാശം നിങ്ങളെ ഭയപ്പെടുത്തും; ലെബാനോനോടു നിങ്ങൾ ചെയ്ത അക്രമം നിങ്ങളെ പിടികൂടും. വിഗ്രഹം കൊത്തി നിർമിച്ചവന് അതുകൊണ്ട് എന്തു പ്രയോജനം? അവൻ തന്റെ സ്വന്തം സൃഷ്‍ടിയിലാണല്ലോ ആശ്രയിക്കുന്നത്? അതു വ്യാജ അരുളപ്പാടാണല്ലോ നല്‌കുക? തടിയിൽ പണിത ശില്പത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‌ക്കുക എന്നും പറയുന്നവനു ദുരിതം! അതിനു പ്രബോധനം നല്‌കാൻ കഴിയുമോ? പൊന്നും വെള്ളിയും പൊതിഞ്ഞതാണെങ്കിലും അതിനു ജീവൻ ഇല്ലല്ലോ? എന്നാൽ സർവേശ്വരൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. സമസ്തലോകവും തിരുസന്നിധിയിൽ മൗനമായിരിക്കട്ടെ.
ഹബക്കൂക് 2:2-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.” ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അത് വരും നിശ്ചയം; താമസിക്കുകയുമില്ല. അവന്‍റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും. സമ്പത്ത് വഞ്ചന നിറഞ്ഞതാണ്; അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജനതകളെയും തന്‍റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു. അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്‍റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ? നിന്‍റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ? നീ പല ജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും. അനർത്ഥം നേരിടാത്ത വിധം ഉയരത്തിൽ തന്‍റെ കൂട് വെക്കേണ്ടതിന് തന്‍റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം! പല ജനതകളെയും ഛേദിച്ചുകളഞ്ഞ് നീ നിന്‍റെ വീടിന് ലജ്ജ നിരൂപിച്ച് നിന്‍റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു. ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും മേൽക്കൂരയിൽനിന്ന് കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ. രക്തപാതകംകൊണ്ട് പട്ടണം പണിയുകയും നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ? വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും. കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവർക്ക് കുടിക്കുവാൻ കൊടുക്കുകയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്‍റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും നിമിത്തം ലെബാനോനോട് ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ പിടികൂടും. ഊമ മിഥ്യാമൂർത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം? ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ, ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം - അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ മരവിഗ്രഹത്തോട്: “ഉണരുക” എന്നും ഊമവിഗ്രഹത്തോട്: “എഴുന്നേൽക്കുക” എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അത് പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ. എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.”
ഹബക്കൂക് 2:2-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക. ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും. വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനിൽക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു. അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും‒എത്രത്തോളം? ‒പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ? നിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായ്തീരുകയും ഇല്ലയോ? നീ പലജാതികളോടും കവർച്ചചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും. അനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം! പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു. ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ. രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം! ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ? വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും. കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം! നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടുതന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും. മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും. പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു? മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ. എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.
ഹബക്കൂക് 2:2-20 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക. കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല. “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും. വീഞ്ഞ് അവനെ ചതിക്കുന്നു; അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല. കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ, അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു. “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’ നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ. അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ? അപ്പോൾ നീ അവർക്ക് ഇരയായിത്തീരും. നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം, ശേഷിച്ച ജനം നിന്നെ കൊള്ളയിടും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ. “ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്, അനർഥത്തിൽനിന്നു രക്ഷപ്പെടാൻ തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം! അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു; എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി. ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും. “രക്തംചിന്തി പട്ടണം പണിയുന്നവനും അതിക്രമത്താൽ നഗരം സ്ഥാപിക്കുന്നവനും ഹാ കഷ്ടം! ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ? സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും. “അയൽവാസിയുടെ നഗ്നത കാണേണ്ടതിന് അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം! തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും. നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും, നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ. “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില? അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ. മരത്തോട്, ‘ജീവിക്കുക’ എന്നും ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം! മാർഗദർശനം നൽകാൻ അതിനു കഴിയുമോ? സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു; അതിനുള്ളിൽ ശ്വാസമില്ല.” എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ.