ഹബ. 2
2
1ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും.
യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും
എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും
അറിയുവാൻ ഞാൻ കാത്തിരിക്കുന്നു.
യഹോവയുടെ മറുപടി
2യഹോവ എന്നോട് ഉത്തരം അരുളിയത്:
“നീ ദർശനം എഴുതുക;
വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.”
3ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു;
ആ സമയം അടുത്തുകൊണ്ടിരിക്കുന്നു.
സമയം തെറ്റുകയുമില്ല.
അത് വൈകിയാലും അതിനായി കാത്തിരിക്കുക;
അത് വരും നിശ്ചയം; താമസിക്കുകയുമില്ല.
4അവന്‍റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു;
അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും.
5സമ്പത്ത്#2:5 സമ്പത്ത് വീര്യമുള്ള വീഞ്ഞ് വഞ്ചന നിറഞ്ഞതാണ്;
അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല;
അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു;
മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു;
അവൻ സകലജനതകളെയും തന്‍റെ അടുക്കൽ കൂട്ടി,
സകലവംശങ്ങളെയും തന്‍റെ അടുക്കൽ ചേർക്കുന്നു.
6അവർ അവനെക്കുറിച്ച് ഒരു ഉപമയും
പരിഹസിച്ച് പഴഞ്ചൊല്ലായി,
“തന്‍റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും?
പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ?
7നിന്‍റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും
നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും
നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ?
8നീ പല ജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ
മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും
അതിന്‍റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും
നിന്നോടും കവർച്ച ചെയ്യും.
9അനർത്ഥം നേരിടാത്ത വിധം
ഉയരത്തിൽ തന്‍റെ കൂട് വെക്കേണ്ടതിന്
തന്‍റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!
10പല ജനതകളെയും ഛേദിച്ചുകളഞ്ഞ്
നീ നിന്‍റെ വീടിന് ലജ്ജ നിരൂപിച്ച്
നിന്‍റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു.
11ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും
മേൽക്കൂരയിൽനിന്ന് #2:11 കഴുക്കോൽ - മേൽക്കൂരയുടെ താങ്ങ്കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ.
12രക്തപാതകംകൊണ്ട് പട്ടണം പണിയുകയും
നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
13ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും
വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും
സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
14വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ മഹത്വത്തിന്‍റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.
15കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്
അവർക്ക് കുടിക്കുവാൻ കൊടുക്കുകയും
നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും
ചെയ്യുന്നവന് അയ്യോ കഷ്ടം!
16നിനക്ക് മഹത്വംകൊണ്ടല്ല,
ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു;
നീയും കുടിക്കുക;
നിന്‍റെ നഗ്നത അനാവൃതമാക്കുക;
യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്‍റെ അടുക്കൽ വരും;
മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും.
17മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും
അതിന്‍റെ സകലനിവാസികളോടും
ചെയ്ത സാഹസവും നിമിത്തം
ലെബാനോനോട് ചെയ്ത ദ്രോഹവും
മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും
നിന്നെ പിടികൂടും.
18ഊമ മിഥ്യാമൂർത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം?
ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ,
ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം -
അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ
19മരവിഗ്രഹത്തോട്: “ഉണരുക” എന്നും
ഊമവിഗ്രഹത്തോട്: “എഴുന്നേൽക്കുക”
എന്നും പറയുന്നവന് അയ്യോ കഷ്ടം!
അത് ഉപദേശിക്കുമോ?
അത് പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു;
അതിന്‍റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
20എന്നാൽ യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;
സർവ്വഭൂമിയും അവന്‍റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഹബ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.