ഉൽപത്തി 7:1-10
ഉൽപത്തി 7:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും, ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേർത്തുകൊള്ളേണം. ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽ നിന്നു നശിപ്പിക്കും. യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ട് ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
ഉൽപത്തി 7:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നോഹയോട് അരുളിച്ചെയ്തു: “ഈ തലമുറയിൽ നിന്നെമാത്രം ഞാൻ നീതിനിഷ്ഠനായി കാണുന്നു. അതുകൊണ്ടു നീയും നിന്റെ കുടുംബവും പെട്ടകത്തിൽ പ്രവേശിക്കുക. വംശനാശം സംഭവിക്കാതിരിക്കാൻ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും ശുദ്ധിയില്ലാത്തവയിൽനിന്ന് ആണും പെണ്ണുമായി ഒരു ഇണയും പറവകളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും നിന്റെകൂടെ പെട്ടകത്തിൽ പ്രവേശിപ്പിക്കുക. ഏഴു ദിവസം കഴിഞ്ഞാൽ നാല്പതു ദിനരാത്രങ്ങൾ ഇടവിടാതെ പെയ്യുന്ന മഴ ഞാൻ ഭൂമിയിലേക്ക് അയയ്‍ക്കും. ഞാൻ സൃഷ്‍ടിച്ച എല്ലാ ജീവജാലങ്ങളെയും ഭൂമിയിൽനിന്നു ഞാൻ നീക്കിക്കളയും.” ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു. ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപെടാൻ പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഇണകളായി നോഹയോടുകൂടെ പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞപ്പോൾ പ്രളയജലം ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി.
ഉൽപത്തി 7:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യഹോവ നോഹയോട് കല്പിച്ചതെന്തെന്നാൽ: “നീയും നിന്‍റെ സർവ്വകുടുംബവുമായി പെട്ടകത്തിൽ പ്രവേശിക്കുക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴു വീതവും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഒന്ന് വീതവും, ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴു ജോഡിയും, ഭൂമിയിലൊക്കെയും അവയുടെ വംശം ജീവനോടെ നിലനിർത്തേണ്ടതിന് നീ ചേർത്തുകൊള്ളേണം. ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പത് രാവും നാല്പത് പകലും മഴപെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്ന് നശിപ്പിക്കും.” യഹോവ തന്നോട് കല്പിച്ചതെല്ലാം നോഹ ചെയ്തു. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു (600) വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള സകല ഇഴജാതിയിൽനിന്നും, ദൈവം നോഹയോട് കല്പിച്ചപ്രകാരം രണ്ടു വീതം ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
ഉൽപത്തി 7:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും, ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം. ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും. യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
ഉൽപത്തി 7:1-10 സമകാലിക മലയാളവിവർത്തനം (MCV)
സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം; ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.” യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു. ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു. നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു. ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും, ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു. ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.