ഉൽപ്പത്തി 7:1-10

ഉൽപ്പത്തി 7:1-10 MCV

സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം; ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.” യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു. ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു. നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു. ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും, ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു. ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.

ഉൽപ്പത്തി 7:1-10 - നുള്ള വീഡിയോ