ഉൽപത്തി 45:16-28
ഉൽപത്തി 45:16-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞത്: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ, നിങ്ങൾ ഇതു ചെയ്വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന് നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കുംവേണ്ടി മിസ്രയീംദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു. യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെതന്നെ അവൻ തന്റെ അപ്പനു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്രയയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു ശണ്ഠ കൂടരുതെന്ന് അവരോടു പറഞ്ഞു. അവർ മിസ്രയീമിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി. അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. യോസേഫ് തങ്ങളോടു പറഞ്ഞ വാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റിക്കൊണ്ടുപോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.
ഉൽപത്തി 45:16-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്ന വാർത്ത ഫറവോയുടെ കൊട്ടാരത്തിൽ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു. ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് അവർ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാൻദേശത്തേക്കു പോകാൻ പറയുക. പിന്നെ അവർ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്റെ അടുക്കൽ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാൻ അവർക്കു നല്‌കും. സമ്പൽസമൃദ്ധിയോടുകൂടി അവർക്ക് ഇവിടെ കഴിയാം. കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാൻ ഈജിപ്തിൽനിന്നു വാഹനങ്ങൾ കൊണ്ടുപൊയ്‍ക്കൊള്ളാൻ അവരോടു കല്പിക്കുക. അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.” യാക്കോബിന്റെ പുത്രന്മാർ അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവർക്കു കൊടുത്തു. അവരിൽ ഓരോരുത്തനും വിശേഷവസ്ത്രങ്ങൾ നല്‌കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു. പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെൺകഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്‍ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയിൽവച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്‌കി. ഈജിപ്തിൽനിന്നു പുറപ്പെട്ട് അവർ കനാനിൽ പിതാവിന്റെ അടുക്കലെത്തി. യോസേഫ് ജീവിച്ചിരിക്കുന്നുവെന്നും അവനാണ് ഈജിപ്തിലെ സർവാധിപതിയെന്നും പറഞ്ഞു. അതുകേട്ട് യാക്കോബ് അദ്ഭുതസ്തബ്ധനായിത്തീർന്നു. അവർ പറഞ്ഞതു വിശ്വസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ യോസേഫിന്റെ വാക്കുകൾ അദ്ദേഹത്തോടു പറയുകയും യാത്രയ്‍ക്കുവേണ്ടി യോസേഫ് അയച്ച വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ യാക്കോബ് ഉന്മേഷവാനായി. യാക്കോബ് പറഞ്ഞു: “എനിക്കതു കേട്ടാൽ മതി; എന്റെ മകൻ യോസേഫ് ജീവിച്ചിരിക്കുന്നുവല്ലോ. ഞാൻ മരിക്കുന്നതിനുമുമ്പു അവനെ ചെന്നു കാണും.”
ഉൽപത്തി 45:16-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യോസേഫിന്‍റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള വർത്തമാനം ഫറവോന്‍റെ അരമനയിൽ എത്തി; അത് ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്‍റെ സഹോദരന്മാരോട് നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമട് കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്നു നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് മിസ്രയീം ദേശത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു.“ യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്ക് ഫറവോന്‍റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മൂന്നര കിലോഗ്രാം വെള്ളിയും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെ തന്നെ അവൻ തന്‍റെ അപ്പന് പത്തു കഴുതപ്പുറത്ത് മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്നു അവരോടു പറഞ്ഞു. അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി. അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞത് വിശ്വസിച്ചതുമില്ല. യോസേഫ് അവരോട് പറഞ്ഞ വാക്കുകളെല്ലാം അവർ അവനോട് പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങൾ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. “മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പ് അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.
ഉൽപത്തി 45:16-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ ഇതു ചെയ്വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്നു നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെ കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു. യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു. അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി. അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു. മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.
ഉൽപത്തി 45:16-28 സമകാലിക മലയാളവിവർത്തനം (MCV)
യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആഹ്ലാദിച്ചു. ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്, ‘നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി കനാൻദേശത്തേക്കു മടങ്ങിപ്പോകാൻ പറയുക. നിങ്ങളുടെ പിതാവിനെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എന്റെ അടുക്കൽ കൊണ്ടുവരാനും പറയണം; ഈജിപ്റ്റുദേശത്തുള്ളതിൽ ഏറ്റവും നല്ല പ്രദേശം ഞാൻ നിങ്ങൾക്കു തരുമെന്നും നിങ്ങൾക്ക് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കാൻ കഴിയുമെന്നും അവരെ അറിയിക്കണം.’ “നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം. നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’ ” ഇസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ പ്രവർത്തിച്ചു. ഫറവോൻ കൽപ്പിച്ചതുപോലെ യോസേഫ് അവർക്കു വാഹനങ്ങൾ നൽകുകയും അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും അദ്ദേഹം പുതിയ ഓരോ വസ്ത്രങ്ങൾ കൊടുത്തു. എന്നാൽ ബെന്യാമീന് അദ്ദേഹം മുന്നൂറു ശേക്കേൽ വെള്ളിയും അഞ്ചു വസ്ത്രങ്ങളും കൊടുത്തു. പിതാവിന് അദ്ദേഹം അയച്ചുകൊടുത്തത്: പത്തു കഴുതകളുടെ പുറത്ത് കയറ്റിയ ഈജിപ്റ്റിലെ ഏറ്റവും വിശിഷ്ടമായ വസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്തു കയറ്റിയ ധാന്യവും അപ്പവും അദ്ദേഹത്തിന്റെ യാത്രയ്ക്കു വേണ്ടുന്ന മറ്റു സാമഗ്രികളും ആയിരുന്നു. അങ്ങനെ അദ്ദേഹം സഹോദരന്മാരെ യാത്രയാക്കി; അവർ പുറപ്പെടുമ്പോൾ അദ്ദേഹം അവരോട്, “വഴിക്കുവെച്ചു നിങ്ങൾ കലഹിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ അവർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട് കനാൻദേശത്ത്, തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തിച്ചേർന്നു. അവർ അദ്ദേഹത്തോട്, “യോസേഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു! അവൻ, ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ ഭരണാധികാരിയാണ്” എന്നു പറഞ്ഞു. യാക്കോബ് സ്തംഭിച്ചിരുന്നുപോയി; അവരുടെ വാക്ക് അദ്ദേഹം വിശ്വസിച്ചില്ല. എന്നാൽ യോസേഫ് തങ്ങളോടു പറഞ്ഞതെല്ലാം അവർ അദ്ദേഹത്തെ അറിയിക്കയും തന്നെ കൂട്ടിക്കൊണ്ടുപോകുന്നതിനു യോസേഫ് അയച്ചിരിക്കുന്ന വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ അവരുടെ പിതാവായ യാക്കോബിന് വീണ്ടും ചൈതന്യംവന്നു. “എനിക്കുറപ്പായി! എന്റെ മകൻ യോസേഫ് ജീവനോടെയിരിക്കുന്നു. ഞാൻ മരിക്കുന്നതിനുമുമ്പേ ചെന്ന് അവനെ കാണും,” ഇസ്രായേൽ പറഞ്ഞു.