GENESIS 45:16-28

GENESIS 45:16-28 MALCLBSI

യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്ന വാർത്ത ഫറവോയുടെ കൊട്ടാരത്തിൽ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു. ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് അവർ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാൻദേശത്തേക്കു പോകാൻ പറയുക. പിന്നെ അവർ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്റെ അടുക്കൽ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാൻ അവർക്കു നല്‌കും. സമ്പൽസമൃദ്ധിയോടുകൂടി അവർക്ക് ഇവിടെ കഴിയാം. കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാൻ ഈജിപ്തിൽനിന്നു വാഹനങ്ങൾ കൊണ്ടുപൊയ്‍ക്കൊള്ളാൻ അവരോടു കല്പിക്കുക. അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.” യാക്കോബിന്റെ പുത്രന്മാർ അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവർക്കു കൊടുത്തു. അവരിൽ ഓരോരുത്തനും വിശേഷവസ്ത്രങ്ങൾ നല്‌കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു. പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെൺകഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്‍ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയിൽവച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്‌കി. ഈജിപ്തിൽനിന്നു പുറപ്പെട്ട് അവർ കനാനിൽ പിതാവിന്റെ അടുക്കലെത്തി. യോസേഫ് ജീവിച്ചിരിക്കുന്നുവെന്നും അവനാണ് ഈജിപ്തിലെ സർവാധിപതിയെന്നും പറഞ്ഞു. അതുകേട്ട് യാക്കോബ് അദ്ഭുതസ്തബ്ധനായിത്തീർന്നു. അവർ പറഞ്ഞതു വിശ്വസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ യോസേഫിന്റെ വാക്കുകൾ അദ്ദേഹത്തോടു പറയുകയും യാത്രയ്‍ക്കുവേണ്ടി യോസേഫ് അയച്ച വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ യാക്കോബ് ഉന്മേഷവാനായി. യാക്കോബ് പറഞ്ഞു: “എനിക്കതു കേട്ടാൽ മതി; എന്റെ മകൻ യോസേഫ് ജീവിച്ചിരിക്കുന്നുവല്ലോ. ഞാൻ മരിക്കുന്നതിനുമുമ്പു അവനെ ചെന്നു കാണും.”

GENESIS 45 വായിക്കുക

GENESIS 45:16-28 - നുള്ള വീഡിയോ