ഉൽപത്തി 45:1-8

ഉൽപത്തി 45:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വയ്യാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. യോസേഫ് സഹോദരന്മാരോട്: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല. യോസേഫ് സഹോദരന്മാരോട്: ഇങ്ങോട്ട് അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്: നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു. ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ട്. ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവൻ എന്നെ ഫറവോനു പിതാവും അവന്റെ ഗൃഹത്തിനൊക്കെയും യജമാനനും മിസ്രയീംദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.

ഉൽപത്തി 45:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടെ ഉണ്ടായിരുന്നവരുടെ മുമ്പിൽ വികാരം നിയന്ത്രിക്കാൻ യോസേഫിനു കഴിഞ്ഞില്ല. സഹോദരന്മാർ ഒഴികെ മറ്റുള്ളവരെ പുറത്താക്കാൻ അദ്ദേഹം കല്പിച്ചു. അങ്ങനെ യോസേഫ് സഹോദരന്മാർക്കു രഹസ്യമായി സ്വയം വെളിപ്പെടുത്തി. അദ്ദേഹം ഉറക്കെ കരഞ്ഞു. ഈജിപ്തുകാർ അതു കേട്ടു. ഫറവോയുടെ കൊട്ടാരംവരെ കരച്ചിലിന്റെ ശബ്ദം എത്തി. യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാൻ യോസേഫ് ആണ്; എന്റെ പിതാവിനു സുഖം തന്നെയോ?” അതു കേട്ട് ഞെട്ടിപ്പോയ സഹോദരന്മാർക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. യോസേഫ് അവരോട് അടുത്തുചെല്ലാൻ പറഞ്ഞു. അവർ അടുത്തുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ. നിങ്ങൾ എന്നെ ഇവിടേക്കു വിറ്റതിൽ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടി ദൈവമാണ് എന്നെ മുൻകൂട്ടി ഇവിടേക്കയച്ചത്. ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനി വരാനിരിക്കുന്നു. നിങ്ങളുടെ സന്തതി ഭൂമിയിൽ അവശേഷിക്കാനും നിങ്ങൾക്ക് അദ്ഭുതകരമായ രക്ഷ നല്‌കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അതുകൊണ്ട് യഥാർഥത്തിൽ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്‍ക്ക് പിതാവും അദ്ദേഹത്തിന്റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു.

ഉൽപത്തി 45:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ ചുറ്റും നില്‍ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരും എന്‍റെ അടുക്കൽനിന്ന് പുറത്ത്പോകുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്‍റെ അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്‍റെ കുടുംബവും അത് കേട്ടു. യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്‍റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്‍റെ സഹോദരന്മാർ അവന്‍റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല. യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കണ്ടാ, വിഷാദിക്കുകയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചതാകുന്നു. ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്. ഭൂമിയിൽ നിങ്ങൾക്ക് സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്‍റെ കുടുംബത്തിനൊക്കെയും യജമാനനും മിസ്രയീം ദേശത്തിനൊക്കെയും ഉയർന്ന ഉദ്യോഗസ്ഥനും ആക്കിയിരിക്കുന്നു.

ഉൽപത്തി 45:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല. യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു. ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു. ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.

ഉൽപത്തി 45:1-8 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ യോസേഫിനു തന്റെ ചുറ്റുംനിന്ന ഉദ്യോഗസ്ഥന്മാരുടെമുമ്പിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി. “എല്ലാവരെയും എന്റെ മുന്നിൽനിന്ന് പുറത്താക്കുക,” അദ്ദേഹം വിളിച്ചുപറഞ്ഞു. അങ്ങനെ, യോസേഫ് സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ല. ഈജിപ്റ്റുകാർ കേൾക്കുംവിധം അദ്ദേഹം വളരെ ഉറക്കെ കരഞ്ഞു. ഫറവോന്റെ കൊട്ടാരത്തിലുള്ളവരും ഈ വാർത്ത കേട്ടു. യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു. ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്. ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്. എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു. “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു.