അപ്പോൾ യോസേഫിനു തന്റെ ചുറ്റുംനിന്ന ഉദ്യോഗസ്ഥന്മാരുടെമുമ്പിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി. “എല്ലാവരെയും എന്റെ മുന്നിൽനിന്ന് പുറത്താക്കുക,” അദ്ദേഹം വിളിച്ചുപറഞ്ഞു. അങ്ങനെ, യോസേഫ് സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ല. ഈജിപ്റ്റുകാർ കേൾക്കുംവിധം അദ്ദേഹം വളരെ ഉറക്കെ കരഞ്ഞു. ഫറവോന്റെ കൊട്ടാരത്തിലുള്ളവരും ഈ വാർത്ത കേട്ടു. യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു. ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്. ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്. എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു. “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു.
ഉൽപ്പത്തി 45 വായിക്കുക
കേൾക്കുക ഉൽപ്പത്തി 45
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 45:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ