ഉൽപത്തി 43:15-34

ഉൽപത്തി 43:15-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടി ദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽ നിന്നു. അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോട്: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചയ്ക്ക് എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊൾക എന്നു കല്പിച്ചു. യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു. അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോടു സംസാരിച്ചു: യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പേ വന്നിരുന്നു. ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. ആഹാരം കൊള്ളുവാൻ വേറേ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവംതന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു. പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിനകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീൻ കൊടുത്തു. ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്ന് അവർ കേട്ടിരുന്നു. യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പാകെ വച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു. അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു. പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു; ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു. അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, അറയിൽ ചെന്ന് അവിടെവച്ചു കരഞ്ഞു. പിന്നെ അവൻ മുഖം കഴുകി പുറത്തുവന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു. അവർ അവനു പ്രത്യേകവും അവർക്കു പ്രത്യേകവും അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പാകുന്നു. മൂത്തവൻ മുതൽ ഇളയവൻവരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു. അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരി കൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു: അവർ പാനം ചെയ്ത് അവനോടുകൂടെ ആഹ്ലാദിച്ചു.

ഉൽപത്തി 43:15-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിശിഷ്ടവസ്തുക്കളും ഇരട്ടി പണവുമെടുത്തു ബെന്യാമീനെയും കൂട്ടി അവർ ഈജിപ്തിലേക്കു പോയി യോസേഫിന്റെ മുമ്പിൽ ചെന്നുനിന്നു. അവരുടെ കൂടെ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: “ഇവരെ എന്റെ ഗൃഹത്തിലേക്കു കൊണ്ടുപോകുക. മൃഗത്തെ കൊന്ന് ഭക്ഷണം തയ്യാറാക്കുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്റെ കൂടെയാണ്. യോസേഫ് ആജ്ഞാപിച്ചതുപോലെ അയാൾ ചെയ്തു; അവരെ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോസേഫിന്റെ ഭവനത്തിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോയതുകൊണ്ട് അവർ ഭയപ്പെട്ടു. “ആദ്യത്തെ തവണ കൊണ്ടുപോയ ധാന്യങ്ങളുടെ പണം ചാക്കിൽ നിക്ഷേപിച്ചിട്ടു നമുക്കെതിരായ കുറ്റം കണ്ടുപിടിക്കുകയും നമ്മെ അടിമകളാക്കിയിട്ട് കഴുതകളെ കൈവശപ്പെടുത്തുകയുമായിരിക്കും ലക്ഷ്യം” എന്നവർ ചിന്തിച്ചു. അതുകൊണ്ട് വീടിന്റെ വാതില്‌ക്കൽവച്ചു യോസേഫിന്റെ ഗൃഹവിചാരകനോട് അവർ പറഞ്ഞു: “യജമാനനേ, സത്യമായി ധാന്യം വാങ്ങുന്നതിനായിരുന്നു മുമ്പു ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നത്. ഞങ്ങൾ രാത്രി വിശ്രമത്തിനു സത്രത്തിൽ ചെന്നു ചാക്കഴിക്കുമ്പോഴാണ് പണം മുഴുവനും ഓരോരുത്തന്റെയും ചാക്കിന്റെ വായ്‍ക്കൽ ഇരിക്കുന്നതു കണ്ടത്. അതു ഞങ്ങൾ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ധാന്യം വാങ്ങാൻ വേറെ പണവും കൊണ്ടുവന്നിരിക്കുന്നു; ചാക്കുകളിൽ പണം വച്ചതാരാണെന്നു ഞങ്ങൾക്കറിവില്ല.” കാര്യസ്ഥൻ പറഞ്ഞു: “ഭയപ്പെടാതെ ധൈര്യമായിരിക്കുക; നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവം നിങ്ങളുടെ ചാക്കുകളിൽ നിധി നിക്ഷേപിച്ചതായിരിക്കണം. നിങ്ങളുടെ പണം എനിക്കു കിട്ടിയതാണല്ലോ.” അതിനുശേഷം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു. കാര്യസ്ഥൻ അവരെ യോസേഫിന്റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവർക്കു കാൽ കഴുകാൻ വെള്ളം കൊടുത്തു. അവർ പാദങ്ങൾ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകൾക്കു തീറ്റയും കൊടുത്തു. ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോൾ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങൾ അവർ ഒരുക്കിവച്ചു. യോസേഫ് വീട്ടിലെത്തിയപ്പോൾ അവർ ആ സമ്മാനങ്ങൾ അദ്ദേഹത്തിനു സമർപ്പിച്ചശേഷം അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു. അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് യോസേഫ് ചോദിച്ചു: “നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ വൃദ്ധനായ പിതാവ് ജീവിച്ചിരിക്കുന്നുവോ? അദ്ദേഹത്തിനു സുഖം തന്നെയോ?” “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നു; അദ്ദേഹത്തിനു സുഖംതന്നെ” എന്നു പറഞ്ഞ് അവർ താണുവണങ്ങി. തന്റെ അനുജനായ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് ചോദിച്ചു: “നിങ്ങൾ പറഞ്ഞിരുന്ന ഇളയ സഹോദരൻ തന്നെയോ ഇവൻ? എന്റെ കുഞ്ഞേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.” തന്റെ സഹോദരനെ കണ്ടപ്പോൾ വികാരഭരിതനായിത്തീർന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയിൽ പ്രവേശിച്ചു കരഞ്ഞു. പിന്നീട് മുഖം കഴുകി പുറത്തുവന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് യോസേഫ് ഭക്ഷണം വിളമ്പാൻ പറഞ്ഞു. ഭൃത്യന്മാർ അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാർക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാർക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാർക്ക് നിഷിദ്ധമായിരുന്നു. യോസേഫിന് അഭിമുഖമായി സഹോദരന്മാരെ മൂപ്പുമുറയ്‍ക്ക് ഭക്ഷണത്തിനിരുത്തിയപ്പോൾ അവർ അമ്പരന്നു പരസ്പരം നോക്കി. യോസേഫിന്റെ മേശയിൽനിന്നായിരുന്നു അവർക്ക് ഭക്ഷണം വിളമ്പിയത്. ബെന്യാമീന്റെ മുമ്പിൽ മറ്റുള്ളവരുടേതിലും അഞ്ചിരട്ടി ആഹാരം വിളമ്പി. അവർ യോസേഫിനോടൊത്ത് വിരുന്നിൽ സന്തോഷപൂർവം പങ്കെടുത്തു.

ഉൽപത്തി 43:15-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്‍റെ മുമ്പിൽനിന്നു. അവരോടുകൂടി ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്‍റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകുക; അവർ ഉച്ചയ്ക്ക് എന്നോടുകൂടി ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്ളുക” എന്നു കല്പിച്ചു. യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ട് പോയി. തങ്ങളെ യോസേഫിന്‍റെ വീട്ടിൽ കൊണ്ടുപോകുകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത്“ എന്നു പറഞ്ഞു. അവർ യോസേഫിന്‍റെ ഗൃഹവിചാരകൻ്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവച്ച് അവനോട് സംസാരിച്ചു: “യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു. ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്‍റെ പണം മുഴുവനും അവനവന്‍റെ ചാക്കിൻ്റെ വായ്ക്കൽ ഉണ്ടായിരുന്നു; അത് ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു. അതിന് അവൻ: “നിങ്ങൾക്ക് സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്‍റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്ക് നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്ക് കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു. പിന്നെ അവൻ അവരെ യോസേഫിന്‍റെ വീടിനകത്തു കൊണ്ടുപോയി; അവർക്ക് വെള്ളം കൊടുത്തു, അവർ കാൽ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു. ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച വസ്തുക്കൾ ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ ആകുന്നു എന്നു അവർ കേട്ടിരുന്നു. യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച വസ്തുക്കൾ അകത്തുകൊണ്ടുചെന്ന് അവന്‍റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു. അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു. അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങേയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു. പിന്നെ യോസേഫ് തല ഉയർത്തി, തന്‍റെ അമ്മയുടെ മകനും തന്‍റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോട് പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്കു കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു. അനുജനെ കണ്ടിട്ട് യോസേഫിന്‍റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു. പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു സ്വയം നിയന്ത്രിച്ച്: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു. അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അത് മിസ്രയീമ്യർക്കു വെറുപ്പാകുന്നു. മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്‍റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു. അവൻ തന്‍റെ മുമ്പിൽനിന്ന് അവർക്ക് ഓഹരി കൊടുത്തയച്ചു; ബെന്യാമീന്‍റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ളാദിച്ചു.

ഉൽപത്തി 43:15-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു. അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു. യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി. തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു. അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു: യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു. ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. ആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു. പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു. ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു. യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു. അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു. പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു. അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു. പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു. അവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു. മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു. അവൻ തന്റെ മുമ്പിൽനിന്നു അവർക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ലാദിച്ചു.

ഉൽപത്തി 43:15-34 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ അവർ സമ്മാനങ്ങളും ഇരട്ടിപ്പണവും എടുത്തു, ബെന്യാമീനെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലേക്കു തിടുക്കത്തിൽ ചെന്ന്, യോസേഫിന്റെ മുമ്പിൽനിന്നു. അവരോടുകൂടെ ബെന്യാമീൻ ഉണ്ട് എന്നു കണ്ടിട്ട് യോസേഫ് തന്റെ വീട്ടിലെ കാര്യസ്ഥനോട്, “ഈ മനുഷ്യരെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ഒരു മൃഗത്തെ കൊന്ന് വിരുന്നൊരുക്കുകയും വേണം; അവർ ഇന്നത്തെ ഉച്ചഭക്ഷണം എന്നോടുകൂടെ കഴിക്കേണ്ടതാകുന്നു” എന്നു പറഞ്ഞു. യോസേഫ് പറഞ്ഞതുപോലെ ആ മനുഷ്യൻ ചെയ്തു, അവരെ യോസേഫിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ, “നമ്മുടെ ചാക്കുകളിൽ, ഒന്നാമത്തെ പ്രാവശ്യം വെച്ചിരുന്ന പണംനിമിത്തം നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കി പിടിച്ചുവെക്കാനും നമ്മുടെ കഴുതകളെ കൈവശമാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു,” എന്ന് ചിന്തിച്ച് അവർ ഭയപ്പെട്ടു. അതുകൊണ്ട്, അവർ യോസേഫിന്റെ കാര്യസ്ഥന്റെ അടുക്കൽച്ചെന്ന് വീട്ടുവാതിൽക്കൽവെച്ച് അദ്ദേഹത്തോടു സംസാരിച്ചു: “യജമാനനേ, ഞങ്ങൾ ഇവിടെ ഒന്നാമത്തെ തവണ വന്നത് ഭക്ഷ്യസാധനം വാങ്ങുന്നതിനാണ്. എന്നാൽ ഞങ്ങൾ രാത്രി ചെലവഴിക്കുന്നതിനു തങ്ങിയ സ്ഥലത്തുവെച്ചു ഞങ്ങളുടെ ചാക്കുകൾ തുറന്നപ്പോൾ ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ വായ്ക്കൽ കൃത്യം തൂക്കത്തിൽത്തന്നെ വെച്ചിരിക്കുന്നതായി കണ്ടു. അതു ഞങ്ങൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ആഹാരം വാങ്ങുന്നതിനുള്ള കൂടുതൽ പണവും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങളുടെ പണം ഞങ്ങളുടെ ചാക്കിൽ വെച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.” “അതൊക്കെ ശരി, നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ദൈവം, നിങ്ങളുടെ പിതാവിന്റെ ദൈവംതന്നെ നിങ്ങളുടെ ചാക്കുകളിൽ നിങ്ങൾക്കു നിക്ഷേപങ്ങൾ നൽകിയിരിക്കുന്നു; നിങ്ങളുടെ പണം ഞാൻ കൈപ്പറ്റിയിരുന്നു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു. ഇതിനുശേഷം കാര്യസ്ഥൻ അവരെ യോസേഫിന്റെ വീടിനുള്ളിലേക്കു കൊണ്ടുപോകുകയും അവർക്കു കാലുകഴുകാൻ വെള്ളം കൊടുക്കുകയും ചെയ്തു. അവരുടെ കഴുതകൾക്കുള്ള തീറ്റയും അദ്ദേഹം ഏർപ്പാടുചെയ്തു. തങ്ങൾ ഭക്ഷണം കഴിക്കേണ്ടത് അവിടെവെച്ചാണെന്നു കേട്ടതുകൊണ്ട്, യോസേഫ് ഉച്ചയ്ക്ക് വരുമ്പോഴേക്കും അവർ സമ്മാനങ്ങൾ തയ്യാറാക്കിവെച്ചു. യോസേഫ് വീട്ടിലെത്തിയപ്പോൾ, തങ്ങൾ വീടിനുള്ളിലേക്കു കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ അവർ അദ്ദേഹത്തിനു കാഴ്ചവെച്ചു; പിന്നെ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. അവർക്കു സുഖംതന്നെയോ എന്ന് ആരാഞ്ഞതിനുശേഷം അദ്ദേഹം അവരോട്, “നിങ്ങൾ നിങ്ങളുടെ വൃദ്ധനായ പിതാവിനെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നല്ലോ! അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. അതിന് അവർ, “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അദ്ദേഹത്തിനു സുഖംതന്നെ” എന്നു മറുപടി പറഞ്ഞു; ഇങ്ങനെ പറഞ്ഞ് അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു. അദ്ദേഹം ചുറ്റും നോക്കി, തന്റെ സഹോദരനും സ്വന്തം അമ്മയുടെ മകനുമായ ബെന്യാമീനെ കണ്ടിട്ട്, “നിങ്ങൾ എന്നോടു പറഞ്ഞിരുന്ന നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇതാണോ?” എന്നു ചോദിച്ചു. പിന്നെ അദ്ദേഹം, “എന്റെ മകനേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ” എന്നു പറഞ്ഞു. അനുജനെ കണ്ടപ്പോൾ യോസേഫ് വികാരാധീനനായിത്തീർന്നു; കരയാൻ ഇടം അന്വേഷിച്ചു; സ്വന്തം മുറിയിലേക്ക് തിരക്കിട്ടുകൊണ്ട് ചെന്നു കരഞ്ഞു. മുഖം കഴുകിയിട്ടു പുറത്തുവന്ന് തന്നെത്താൻ നിയന്ത്രിച്ചുകൊണ്ട്, “ആഹാരം വിളമ്പുക” എന്ന് ആജ്ഞാപിച്ചു. അവർ അദ്ദേഹത്തിനും സഹോദരന്മാർക്കും അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുന്ന ഈജിപ്റ്റുകാർക്കും പ്രത്യേകം പ്രത്യേകമായി ഭക്ഷണം വിളമ്പി: കാരണം ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ആഹാരം കഴിക്കുകയില്ല, അവർക്ക് അതു വെറുപ്പാണ്. അദ്ദേഹത്തിന്റെ മുമ്പാകെ അവരെ മൂത്തവൻമുതൽ ഇളയവൻവരെ അവരുടെ പ്രായക്രമത്തിൽ ഇരുത്തി; അവർ വിസ്മയത്തോടെ പരസ്പരം നോക്കി. യോസേഫിന്റെ മേശയിൽനിന്ന് അവർക്ക് ഓഹരി വിളമ്പിക്കൊടുത്തു. ബെന്യാമീനുള്ള ഓഹരി മറ്റുള്ളവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു. അവർ അദ്ദേഹത്തോടൊപ്പം യഥേഷ്ടം ഭക്ഷിച്ചുപാനംചെയ്തു.