GENESIS 43:15-34

GENESIS 43:15-34 MALCLBSI

വിശിഷ്ടവസ്തുക്കളും ഇരട്ടി പണവുമെടുത്തു ബെന്യാമീനെയും കൂട്ടി അവർ ഈജിപ്തിലേക്കു പോയി യോസേഫിന്റെ മുമ്പിൽ ചെന്നുനിന്നു. അവരുടെ കൂടെ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: “ഇവരെ എന്റെ ഗൃഹത്തിലേക്കു കൊണ്ടുപോകുക. മൃഗത്തെ കൊന്ന് ഭക്ഷണം തയ്യാറാക്കുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്റെ കൂടെയാണ്. യോസേഫ് ആജ്ഞാപിച്ചതുപോലെ അയാൾ ചെയ്തു; അവരെ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോസേഫിന്റെ ഭവനത്തിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോയതുകൊണ്ട് അവർ ഭയപ്പെട്ടു. “ആദ്യത്തെ തവണ കൊണ്ടുപോയ ധാന്യങ്ങളുടെ പണം ചാക്കിൽ നിക്ഷേപിച്ചിട്ടു നമുക്കെതിരായ കുറ്റം കണ്ടുപിടിക്കുകയും നമ്മെ അടിമകളാക്കിയിട്ട് കഴുതകളെ കൈവശപ്പെടുത്തുകയുമായിരിക്കും ലക്ഷ്യം” എന്നവർ ചിന്തിച്ചു. അതുകൊണ്ട് വീടിന്റെ വാതില്‌ക്കൽവച്ചു യോസേഫിന്റെ ഗൃഹവിചാരകനോട് അവർ പറഞ്ഞു: “യജമാനനേ, സത്യമായി ധാന്യം വാങ്ങുന്നതിനായിരുന്നു മുമ്പു ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നത്. ഞങ്ങൾ രാത്രി വിശ്രമത്തിനു സത്രത്തിൽ ചെന്നു ചാക്കഴിക്കുമ്പോഴാണ് പണം മുഴുവനും ഓരോരുത്തന്റെയും ചാക്കിന്റെ വായ്‍ക്കൽ ഇരിക്കുന്നതു കണ്ടത്. അതു ഞങ്ങൾ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ധാന്യം വാങ്ങാൻ വേറെ പണവും കൊണ്ടുവന്നിരിക്കുന്നു; ചാക്കുകളിൽ പണം വച്ചതാരാണെന്നു ഞങ്ങൾക്കറിവില്ല.” കാര്യസ്ഥൻ പറഞ്ഞു: “ഭയപ്പെടാതെ ധൈര്യമായിരിക്കുക; നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവം നിങ്ങളുടെ ചാക്കുകളിൽ നിധി നിക്ഷേപിച്ചതായിരിക്കണം. നിങ്ങളുടെ പണം എനിക്കു കിട്ടിയതാണല്ലോ.” അതിനുശേഷം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു. കാര്യസ്ഥൻ അവരെ യോസേഫിന്റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവർക്കു കാൽ കഴുകാൻ വെള്ളം കൊടുത്തു. അവർ പാദങ്ങൾ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകൾക്കു തീറ്റയും കൊടുത്തു. ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോൾ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങൾ അവർ ഒരുക്കിവച്ചു. യോസേഫ് വീട്ടിലെത്തിയപ്പോൾ അവർ ആ സമ്മാനങ്ങൾ അദ്ദേഹത്തിനു സമർപ്പിച്ചശേഷം അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു. അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് യോസേഫ് ചോദിച്ചു: “നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ വൃദ്ധനായ പിതാവ് ജീവിച്ചിരിക്കുന്നുവോ? അദ്ദേഹത്തിനു സുഖം തന്നെയോ?” “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നു; അദ്ദേഹത്തിനു സുഖംതന്നെ” എന്നു പറഞ്ഞ് അവർ താണുവണങ്ങി. തന്റെ അനുജനായ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് ചോദിച്ചു: “നിങ്ങൾ പറഞ്ഞിരുന്ന ഇളയ സഹോദരൻ തന്നെയോ ഇവൻ? എന്റെ കുഞ്ഞേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.” തന്റെ സഹോദരനെ കണ്ടപ്പോൾ വികാരഭരിതനായിത്തീർന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയിൽ പ്രവേശിച്ചു കരഞ്ഞു. പിന്നീട് മുഖം കഴുകി പുറത്തുവന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് യോസേഫ് ഭക്ഷണം വിളമ്പാൻ പറഞ്ഞു. ഭൃത്യന്മാർ അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാർക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാർക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാർക്ക് നിഷിദ്ധമായിരുന്നു. യോസേഫിന് അഭിമുഖമായി സഹോദരന്മാരെ മൂപ്പുമുറയ്‍ക്ക് ഭക്ഷണത്തിനിരുത്തിയപ്പോൾ അവർ അമ്പരന്നു പരസ്പരം നോക്കി. യോസേഫിന്റെ മേശയിൽനിന്നായിരുന്നു അവർക്ക് ഭക്ഷണം വിളമ്പിയത്. ബെന്യാമീന്റെ മുമ്പിൽ മറ്റുള്ളവരുടേതിലും അഞ്ചിരട്ടി ആഹാരം വിളമ്പി. അവർ യോസേഫിനോടൊത്ത് വിരുന്നിൽ സന്തോഷപൂർവം പങ്കെടുത്തു.

GENESIS 43 വായിക്കുക

GENESIS 43:15-34 - നുള്ള വീഡിയോ