ഉൽപത്തി 42:29-38

ഉൽപത്തി 42:29-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനോട് അറിയിച്ചു പറഞ്ഞത്: ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. ഞങ്ങൾ അവനോട്: ഞങ്ങൾ പരമാർഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല. ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു. അതിനു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: നിങ്ങൾ പരമാർഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർഥികൾ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം. പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടാറെ ഭയപ്പെട്ടുപോയി. അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു. അതിനു രൂബേൻ അപ്പനോട്: എന്റെ കൈയിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കിക്കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു. എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരുകയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളൂ; നിങ്ങൾ പോകുന്ന വഴിയിൽ അവനു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

ഉൽപത്തി 42:29-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ കനാനിൽ പിതാവിന്റെ അടുക്കൽ തിരിച്ചെത്തിയപ്പോൾ സംഭവിച്ചതെല്ലാം വിവരിച്ചുപറഞ്ഞു: “ദേശാധിപതിയായ ഉദ്യോഗസ്ഥൻ ഞങ്ങൾ ചാരന്മാരാണെന്നു പറഞ്ഞു ഞങ്ങളോടു പരുഷമായിട്ടാണു സംസാരിച്ചത്. എന്നാൽ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ ചാരന്മാരല്ല ഞങ്ങൾ പറയുന്നതു വാസ്തവമാണ് ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങൾ; ഒരാൾ മരിച്ചുപോയി; ഏറ്റവും ഇളയ സഹോദരൻ പിതാവിന്റെകൂടെ കനാൻദേശത്തു പാർക്കുന്നു.’ ദേശാധിപതി അപ്പോൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരാണ് പറയുന്നതെന്ന് എങ്ങനെ അറിയും? നിങ്ങളുടെ സഹോദരന്മാരിൽ ഒരാൾ ഇവിടെ നില്‌ക്കട്ടെ. പട്ടിണി കിടക്കുന്ന നിങ്ങളുടെ കുടുംബങ്ങൾക്കാവശ്യമായ ധാന്യവുംകൊണ്ടു മറ്റുള്ളവർക്കു പോകാം. നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരിക; അപ്പോൾ നിങ്ങൾ ചാരന്മാരല്ലെന്നും നിങ്ങൾ പറഞ്ഞതു നേരാണെന്നും ഞാൻ ഗ്രഹിക്കും. പിന്നീടു നിങ്ങളുടെ സഹോദരനെ വിട്ടുതരാം. നിങ്ങൾക്ക് ഇവിടെ വ്യാപാരംചെയ്തു പാർക്കുകയും ആകാം.’ ” ചാക്കുകളുടെ കെട്ടഴിച്ചപ്പോൾ ഓരോരുത്തനും കൊടുത്ത പണം അവരവരുടെ ചാക്കിൽത്തന്നെ ഇരിക്കുന്നതു കണ്ടു. അവരും പിതാവും ഈ പണം കണ്ടപ്പോൾ ഭയംകൊണ്ടു വിറച്ചു. പിതാവ് അവരോടു പറഞ്ഞു: “നിങ്ങൾ എനിക്കു പുത്രദുഃഖം വരുത്തുന്നു. യോസേഫ് പോയി; ശിമെയോനും പോയി; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകുന്നു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നല്ലോ.” അപ്പോൾ രൂബേൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്റെ കൈയിൽ ഏല്പിക്കുക; ഞാൻ അവനെ തിരിച്ചുകൊണ്ടുവരാം.” എന്നാൽ യാക്കോബു പറഞ്ഞു: “എന്റെ മകനെ കൊണ്ടുപോകാൻ ഞാൻ അനുവദിക്കുകയില്ല; അവന്റെ സഹോദരൻ മരിച്ചുപോയി; അവൻ മാത്രം ശേഷിച്ചിരിക്കുന്നു. വഴിയിൽവച്ച് അവന് എന്തെങ്കിലും സംഭവിച്ചാൽ വാർധക്യത്തിലെത്തിയ എനിക്കു ദുഃഖത്തോടുകൂടി പാതാളത്തിലേക്കു പോകേണ്ടിവരും.”

ഉൽപത്തി 42:29-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്‍റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചത് ആദ്യന്തം അവനോട് അറിയിച്ചു പറഞ്ഞത്: “ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല. ഞങ്ങൾ ഒരു അപ്പന്‍റെ മക്കൾ; പന്ത്രണ്ട് സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്‍റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു. അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്‍റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. നിങ്ങളുടെ ഇളയസഹോദരനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്ക് ദേശത്തു വ്യാപാരവും ചെയ്യാം.“ പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്‍റെ ചാക്കിൽ അവനവന്‍റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി. അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു. അതിന് രൂബേൻ അപ്പനോട്: “എന്‍റെ കയ്യിൽ അവനെ ഏല്പിക്കുക; ഞാൻ അവനെ നിന്‍റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്‍റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു. എന്നാൽ അവൻ: “എന്‍റെ മകൻ നിങ്ങളോടുകൂടെ വരികയില്ല; അവന്‍റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവനു വല്ല ആപത്തും സംഭവിച്ചേക്കാം. വൃദ്ധനായ എനിക്ക് നിങ്ങൾ വരുത്തുന്ന ദുഃഖം മരണത്തിലേക്ക് എത്തിക്കുമാറാക്കും“ എന്നു പറഞ്ഞു.

ഉൽപത്തി 42:29-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു: ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല. ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു. അതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാർത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം. പിന്നെ അവർ ചാക്കു ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി. അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നേ എന്നു പറഞ്ഞു. അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു. എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

ഉൽപത്തി 42:29-38 സമകാലിക മലയാളവിവർത്തനം (MCV)

അവർ കനാൻദേശത്തു തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തി തങ്ങൾക്കു സംഭവിച്ചതെല്ലാം അദ്ദേഹത്തോട് അറിയിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “ആ ദേശത്തിന്റെ അധികാരിയായ മനുഷ്യൻ ഞങ്ങളോടു വളരെ പരുഷമായി സംസാരിക്കുകയും ഞങ്ങൾ ആ ദേശത്തെ പര്യവേക്ഷണംചെയ്യാൻ ചെന്നവരെന്നഭാവേന ഞങ്ങളോടു പെരുമാറുകയും ചെയ്തു. ഞങ്ങൾ അദ്ദേഹത്തോട്: ‘ഞങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല. ഞങ്ങൾ ഒരേ പിതാവിന്റെ പുത്രന്മാരായി പന്ത്രണ്ടു സഹോദരന്മാരുണ്ടായിരുന്നു; ഒരാൾ മരിച്ചുപോയി, ഏറ്റവും ഇളയവൻ കനാനിൽ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്’ എന്നു പറഞ്ഞു. “അപ്പോൾ ദേശത്തിന്റെ അധികാരിയായ ആ മനുഷ്യൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ സത്യസന്ധരോ എന്നു ഞാൻ ഇതിനാൽ അറിയും. നിങ്ങളുടെ സഹോദരന്മാരിൽ ഒരുവനെ ഇവിടെ എന്റെ അടുക്കൽ വിട്ടിട്ട്; നിങ്ങളുടെ കുടുംബത്തിൽ പട്ടിണികിടക്കുന്നവർക്കായി ധാന്യം കൊണ്ടുപോകുക. എന്നാൽ, നിങ്ങൾ ചാരന്മാരല്ല, സത്യസന്ധരാണ് എന്നു ഞാൻ മനസ്സിലാക്കേണ്ടതിന് നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം. അപ്പോൾ ഞാൻ നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു തിരികെത്തരും, അങ്ങനെ നിങ്ങൾക്കു ദേശത്തു വ്യാപാരം നടത്തുകയും ചെയ്യാം.’ ” പിന്നെ അവർ തങ്ങളുടെ ചാക്കുകൾ ഒഴിച്ചപ്പോൾ ഓരോരുത്തന്റെയും പണസഞ്ചി അവനവന്റെ ചാക്കിൽ ഉള്ളതായി കണ്ടു. അവരും അവരുടെ പിതാവും പണസഞ്ചി കണ്ടു ഭയപ്പെട്ടു. അവരുടെ പിതാവായ യാക്കോബ് അവരോട്, “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുകയാണ്. യോസേഫ് ഇല്ലാതെയായി, ശിമെയോനും ഇല്ല; ഇപ്പോൾ ഇതാ ബെന്യാമീനെയും കൊണ്ടുപോകണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു. എല്ലാം എനിക്ക് പ്രതികൂലമാകുന്നു” എന്നു പറഞ്ഞു. അപ്പോൾ രൂബേൻ പിതാവിനോട്, “ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങ് എന്റെ പുത്രന്മാരെ ഇരുവരെയും കൊന്നുകൊള്ളുക. അവനെ എന്റെ ചുമതലയിൽ ഏൽപ്പിച്ചുതരിക; ഞാൻ അവനെ തിരികെ കൊണ്ടുവന്നുകൊള്ളാം” എന്നു പറഞ്ഞു. എന്നാൽ യാക്കോബ്, “എന്റെ മകൻ നിങ്ങളുടെകൂടെ അവിടേക്ക് പോരുകയില്ല. അവന്റെ സഹോദരൻ മരിച്ചു, ഇനി ശേഷിക്കുന്നത് അവൻമാത്രം. നിങ്ങളുടെ വഴിയാത്രയിൽ അവന് എന്തെങ്കിലും ഹാനി ഭവിച്ചാൽ നിങ്ങൾ എന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും” എന്നു പറഞ്ഞു.