ഉൽപത്തി 41:37-54

ഉൽപത്തി 41:37-54 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഈ വാക്ക് ഫറവോനും അവന്റെ സകല ഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്റെ ഭൃത്യന്മാരോട്: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോട്: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീംദേശത്തിനൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു. ഫറവോൻ തന്റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്ക് ഇട്ടു, അവനെ നേർമയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണസരപ്പളിയും അവന്റെ കഴുത്തിലിട്ടു. തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിനൊക്കെയും മേലധികാരി ആക്കി. പിന്നെ ഫറവോൻ യോസേഫിനോട്: ഞാൻ ഫറവോനാകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു. ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു. യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് മിസ്രയീംദേശത്തൊക്കെയും സഞ്ചരിച്ചു. എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യമൊക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടല്ക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനമൊക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. സങ്കടദേശത്തു ദൈവം എന്നെ വർധിപ്പിച്ചു എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു. മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകല ദേശങ്ങളിലും ക്ഷാമം ഉണ്ടായി; എന്നാൽ മിസ്രയീംദേശത്ത് എല്ലായിടവും ആഹാരം ഉണ്ടായിരുന്നു.

ഉൽപത്തി 41:37-54 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈ നിർദ്ദേശം നല്ലതാണെന്നു ഫറവോയ്‍ക്കും ഉദ്യോഗസ്ഥപ്രമുഖർക്കും തോന്നി. ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താൻ കഴിയുമോ?” ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാൽ നിന്നെക്കാൾ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല. നീ എന്റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്റെ പ്രജകളെല്ലാം നിന്റെ ആജ്ഞയനുസരിച്ചു പ്രവർത്തിച്ചുകൊള്ളും; സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.” അതിനുശേഷം ഫറവോ യോസേഫിനെ ഈജിപ്തിന്റെ ഭരണാധികാരിയായി നിയമിച്ചു. ഫറവോ തന്റെ മുദ്രമോതിരം ഊരി യോസേഫിന്റെ വിരലിൽ അണിയിച്ചു. മേൽത്തരം വസ്ത്രം ധരിപ്പിക്കുകയും സ്വർണമാല അണിയിക്കുകയും ചെയ്തു. ഫറവോ തന്റെ രണ്ടാം രാജകീയരഥത്തിൽ യോസേഫിനെ ഇരുത്തി നഗരത്തിൽ പ്രദക്ഷിണം നടത്തിച്ചു. യോസേഫിനെ വണങ്ങാൻ ഘോഷകർ ജനത്തോടു വിളിച്ചുപറഞ്ഞു. അങ്ങനെ ഫറവോ അദ്ദേഹത്തെ ഈജിപ്തിന്റെ മുഴുവൻ മേലധികാരിയാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഫറവോ ആകുന്നു. നിന്റെ അനുവാദം കൂടാതെ ഈജിപ്തിൽ യാതൊരുവനും കൈയോ കാലോ ഉയർത്തുകയില്ല. ഫറവോ യോസേഫിനു ‘സാപ്നത് പനേഹ്’ എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിനെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെങ്ങും സഞ്ചരിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തിൽ പ്രവേശിക്കുമ്പോൾ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു. സുഭിക്ഷതയുടെ ഏഴു വർഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി. യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തിൽ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിൽ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തിൽത്തന്നെ സംഭരിച്ചു. അങ്ങനെ കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാൽ അളവുതന്നെ വേണ്ടെന്നുവച്ചു. ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. “എന്റെ സകല ദുരിതങ്ങളും എന്റെ പിതൃഭവനവും ഞാൻ മറക്കാൻ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂൽപുത്രന് മനശ്ശെ എന്നു പേരിട്ടു.” കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു. ഈജിപ്തിലെ സമൃദ്ധിയുള്ള ഏഴു വർഷങ്ങൾ അവസാനിച്ചു; യോസേഫ് പറഞ്ഞതുപോലെ ഏഴു വർഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലം ആരംഭിക്കുകയും ചെയ്തു. മറ്റെല്ലാ രാജ്യങ്ങളെയും ക്ഷാമം ബാധിച്ചു. പക്ഷേ ഈജിപ്തിൽ എല്ലായിടത്തും ധാന്യം ലഭ്യമായിരുന്നു.

ഉൽപത്തി 41:37-54 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഈ നിർദ്ദേശം ഫറവോനും അവന്‍റെ സകലഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്‍റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ കണ്ടുകിട്ടുമോ?” എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്‍റെ രാജ്യത്തിനു മേലധികാരിയാകും; നിന്‍റെ വാക്ക് എന്‍റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു. “ഇതാ, മിസ്രയീം ദേശത്തിനൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു,” എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു. ഫറവോൻ തന്‍റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈയ്ക്ക് ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണ്ണമാലയും അവന്‍റെ കഴുത്തിൽ ഇട്ടു. തന്‍റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: “മുട്ടുകുത്തുവിൻ” എന്നു അവന്‍റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീം ദേശത്തിനൊക്കെയും മേലധികാരിയാക്കി. പിന്നെ ഫറവോൻ യോസേഫിനോട്: “ഞാൻ ഫറവോൻ ആകുന്നു; നിന്‍റെ കല്പന കൂടാതെ മിസ്രയീം ദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു. ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു. യോസേഫ് മിസ്രയീം രാജാവായ ഫറവോന്‍റെ മുമ്പാകെ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്‍റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീം ദേശത്തെല്ലായിടവും സഞ്ചരിച്ചു. എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിവച്ചു. ക്ഷാമകാലം വരുംമുമ്പ് യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. “എന്‍റെ സകല കഷ്ടതയും എന്‍റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്‍റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. “സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു. മിസ്രയീം ദേശത്തുണ്ടായ സമൃദ്ധിയുടെ ഏഴു വർഷം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീം ദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു.

ഉൽപത്തി 41:37-54 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു. ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു. തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി. പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു. ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു. യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു. എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു. സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു. മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.

ഉൽപത്തി 41:37-54 സമകാലിക മലയാളവിവർത്തനം (MCV)

ഈ നിർദേശം നല്ലതെന്ന് ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും തോന്നി. അതുകൊണ്ടു ഫറവോൻ അവരോട്, “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?” എന്നു ചോദിച്ചു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല. എന്റെ കൊട്ടാരത്തിന്റെ ചുമതല നിനക്കായിരിക്കും; എന്റെ സകലപ്രജകളും നിന്റെ ആജ്ഞകൾക്കു വിധേയരായിരിക്കും. സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ ശ്രേഷ്ഠനായിരിക്കും.” ഫറവോൻ യോസേഫിനോട്, “ഞാൻ ഇതിനാൽ നിന്നെ ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ അധികാരിയായി നിയമിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ഫറവോൻ തന്റെ മുദ്രമോതിരം കൈയിൽനിന്നും ഊരി യോസേഫിന്റെ കൈയിൽ ഇട്ടു. അദ്ദേഹം യോസേഫിനെ നേർമയേറിയ നിലയങ്കി ധരിപ്പിക്കുകയും അവന്റെ കഴുത്തിൽ സ്വർണമാല അണിയിക്കുകയും ചെയ്തു. അതിനുശേഷം യോസേഫിനെ തന്റെ അടുത്ത അധികാരി കയറുന്ന രഥത്തിൽ കയറ്റി; “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുന്നിൽ വിളിച്ചുപറയിച്ചു. അങ്ങനെ ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റുദേശത്തിന്റെ മുഴുവനും അധികാരിയാക്കി. ഇതിനുശേഷം ഫറവോൻ യോസേഫിനോട്, “ഞാൻ ഫറവോൻ ആകുന്നു; എന്നാൽ നിന്റെ അനുവാദം കൂടാതെ ഈജിപ്റ്റിൽ എങ്ങും ആരും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു. ഫറവോൻ യോസേഫിനു സാപ്നത്-പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ പുത്രിയായ ആസ്നത്തിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുക്കുകയും ചെയ്തു. യോസേഫ് ഈജിപ്റ്റുദേശത്തുടനീളം സഞ്ചരിച്ചു. ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മുന്നിൽ യോസേഫ് നിൽക്കുമ്പോൾ യോസേഫിന് മുപ്പതുവയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി ദേശത്തെങ്ങും സഞ്ചരിച്ചു. സമൃദ്ധിയുടെ ഏഴുവർഷങ്ങളിൽ ദേശം അത്യധികം വിളവുനൽകി. ഈജിപ്റ്റിൽ, സമൃദ്ധിയുടെ ആ ഏഴുവർഷങ്ങളിൽ വിളഞ്ഞ ധാന്യം മുഴുവൻ യോസേഫ് ശേഖരിച്ച് നഗരങ്ങളിൽ സൂക്ഷിച്ചു. ഓരോ നഗരത്തിന്റെയും ചുറ്റുപാടുമുള്ള വയലുകളിൽ വിളഞ്ഞ ധാന്യം അദ്ദേഹം അതതു നഗരത്തിൽ സൂക്ഷിച്ചുവെച്ചു. കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു. അളന്നു തിട്ടപ്പെടുത്താൻ അസാധ്യമായതുകൊണ്ട് അളക്കുന്നതു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. “എന്റെ സകലകഷ്ടതയെയും എന്റെ പിതൃഭവനത്തെയും മറക്കാൻ ദൈവം എനിക്ക് ഇടയാക്കി,” എന്നു പറഞ്ഞുകൊണ്ട് യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. “എന്റെ യാതനയുടെ ദേശത്ത് ദൈവം എനിക്കു ഫലസമൃദ്ധി നൽകി,” എന്നു പറഞ്ഞ് അദ്ദേഹം രണ്ടാമത്തെ മകന് എഫ്രയീം എന്നു പേരിട്ടു. ഈജിപ്റ്റിലെ സമൃദ്ധിയുടെ ഏഴുവർഷങ്ങൾ അവസാനിച്ചു; യോസേഫ് പറഞ്ഞിരുന്നതുപോലെ ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ ആരംഭിച്ചു. എല്ലാ ദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റിലെല്ലായിടത്തും ആഹാരം ലഭ്യമായിരുന്നു.