ഉല്പത്തി 41:37-54

ഉല്പത്തി 41:37-54 വേദപുസ്തകം

ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു. ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു. തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി. പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു. ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു. യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു. എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു. സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു. മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.

ഉല്പത്തി 41:37-54 - നുള്ള വീഡിയോ