ഉൽപത്തി 36:31-43
ഉൽപത്തി 36:31-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി. യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി. ഹൂശാം മരിച്ചശേഷം മോവാബു സമഭൂമിയിൽ വച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവനു പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി. ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവൂ എന്നു പേർ. അവന്റെ ഭാര്യക്ക് മെഹേതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിത്: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവ് ഏശാവു തന്നെ.
ഉൽപത്തി 36:31-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിൽ രാജഭരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ എദോംദേശം ഭരിച്ചിരുന്ന രാജാക്കന്മാർ ഇവരാണ്. ബെയോരിന്റെ മകൻ ബേലാ എദോമിലെ രാജാവായിരുന്നു; അദ്ദേഹത്തിന്റെ പട്ടണമായിരുന്നു ദിൻഹാബാ. ബേലാ മരിച്ചപ്പോൾ ബൊസ്രയിലെ സേരഹിന്റെ പുത്രൻ യോബാബ് രാജാവായി. യോബാബിനുശേഷം തേമാന്യദേശക്കാരനായ ഹൂശാം രാജാവായി. ഹൂശാം മരിച്ചപ്പോൾ രാജാവായത് മോവാബിൽവച്ചു മിദ്യാന്യരെ തോല്പിച്ചോടിച്ച ബെദദിന്റെ പുത്രൻ ഹദദ് ആയിരുന്നു. അദ്ദേഹത്തിന്റെ പട്ടണത്തിന്റെ പേരാണ് അവീത്ത്. ഹദദ് മരിച്ചപ്പോൾ മസ്രേക്കയിലെ സമ്ലാ രാജാവായി. സമ്ലായ്ക്കുശേഷം യൂഫ്രട്ടീസ് നദീതീരത്തുള്ള രെഹോബോത്തിലെ ശൗൽ രാജാവായി. ശൗൽ മരിച്ചപ്പോൾ അക്ബോരിന്റെ പുത്രനായ ബാൽഹാനാൻ രാജാവായി. അദ്ദേഹം മരിച്ചപ്പോൾ ഹദർ രാജാവായി. അദ്ദേഹത്തിന്റെ പട്ടണത്തിന്റെ പേരാണ് പാവൂ. മേസാഹാബിന്റെ പുത്രിയായ മിത്രേദിന്റെ പുത്രി മെഹേതബേൽ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. തിമ്നാ, അൽവാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പിനോൻ, കെനസ്, തേമാൻ, മിബ്സാർ, മഗ്ദിയേൽ, ഈരാം എന്നീ എദോമ്യഗോത്രങ്ങളുടെ പൂർവപിതാവായിരുന്നു ഏശാവ്. ഓരോ ഗോത്രത്തിന്റെയും പേരുകളിൽത്തന്നെ അവർ പാർത്തിരുന്ന ദേശങ്ങളും അറിയപ്പെട്ടിരുന്നു.
ഉൽപത്തി 36:31-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി. യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി. ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്റെ മകൻ ഹദദ് അവനു പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല് അവനു പകരം രാജാവായി. ശൗല് മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവു എന്നു പേർ. അവന്റെ ഭാര്യക്ക് മെഹേതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.
ഉൽപത്തി 36:31-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി. യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി. ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ. ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി. സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി. ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു; ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു; മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.
ഉൽപത്തി 36:31-43 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്: ബെയോരിന്റെ മകനായ ബേല ഏദോമിലെ രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരുണ്ടായി. ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു. യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി. ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നു പേരായി. ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി. സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി. ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി. അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നു പേരിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു; അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ വംശങ്ങളും പ്രദേശങ്ങളും അനുസരിച്ചുള്ള പേരുകൾ ഇവയാകുന്നു: തിമ്നാ, അല്വാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പീനോൻ, കെനസ്, തേമാൻ, മിബ്സാർ, മഗ്ദീയേൽ, ഈരാം. തങ്ങൾ കൈവശപ്പെടുത്തിയ ദേശത്ത്, തങ്ങളുടെ വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.