ഉൽപത്തി 35:1-5
ഉൽപത്തി 35:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിൻതുടർന്നില്ല.
ഉൽപത്തി 35:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം യാക്കോബിനോടു പറഞ്ഞു: “നീ ബേഥേലിൽ ചെന്ന് അവിടെ പാർക്കുക. നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയണം.” യാക്കോബ് കുടുംബാംഗങ്ങളോടും, കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിക്കുവിൻ; നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിർമ്മലവസ്ത്രം ധരിക്കുവിൻ. എന്റെ വിഷമസന്ധിയിൽ എന്നെ സഹായിക്കുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്ത ദൈവത്തിന് ഒരു യാഗപീഠം പണിയുന്നതിനു നമുക്കു ബേഥേലിലേക്കു പോകാം.” അവരുടെ കൈയിലുണ്ടായിരുന്ന ദേവവിഗ്രഹങ്ങളും മൂക്കുത്തികളും അവർ യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിനടുത്ത് ഒരു കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. അവരുടെ യാത്രാവേളയിൽ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളിൽ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവർ യാക്കോബിന്റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല.
ഉൽപത്തി 35:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോകുക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോട് കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു. അങ്ങനെ അവർ അവരുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്‍റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഉണ്ടായിരുന്ന പട്ടണങ്ങളിലെ ജനങ്ങളുടെമേൽ ദൈവത്തിന്‍റെ വലിയ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
ഉൽപത്തി 35:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
ഉൽപത്തി 35:1-5 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭവത്തിനുശേഷം ദൈവം യാക്കോബിനോട്: “നീ ബേഥേലിലേക്കുപോയി അവിടെ സ്ഥിരതാമസം തുടങ്ങുകയും നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് നീ ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുകയും വേണം” എന്ന് അരുളിച്ചെയ്തു. അതിൻപ്രകാരം യാക്കോബ് തന്റെ കുടുംബത്തിലുള്ളവരോടും കൂടെയുള്ള മറ്റെല്ലാവരോടുമായി, “നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പുതിയ വസ്ത്രം ധരിക്കുകയുംചെയ്യുക. നമുക്ക് ബേഥേലിലേക്കു പോകാം; എന്റെ കഷ്ടദിവസത്തിൽ എനിക്ക് ഉത്തരമരുളുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെയിരിക്കുകയും ചെയ്ത ദൈവത്തിനു ഞാൻ അവിടെ ഒരു യാഗപീഠം പണിയും” എന്നു പറഞ്ഞു. അപ്പോൾ അവർ തങ്ങൾക്കുണ്ടായിരുന്ന സകല അന്യദേവന്മാരെയും കർണാഭരണങ്ങളെയും യാക്കോബിനെ ഏൽപ്പിച്ചു; യാക്കോബ് അവ ശേഖേമിലെ കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്രപുറപ്പെട്ടു; അവർക്കു ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്മേലും ദൈവത്തെക്കുറിച്ചുള്ള ഭീതി പരന്നതുനിമിത്തം ആരും അവരെ പിൻതുടർന്നില്ല.