ഉൽപത്തി 35
35
1അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. 2അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. 3നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. 4അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ടു. 5പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിൻതുടർന്നില്ല. 6യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. 7അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു. 8റിബെക്കായുടെ ധാത്രിയായ ദബോറാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻകീഴിൽ അടക്കി; അതിന് അല്ലോൻ-ബാഖൂത്ത് (വിലാപ വൃക്ഷം) എന്നു പേരിട്ടു.
9യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. 10ദൈവം അവനോട്: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം എന്നു കല്പിച്ച് അവനു യിസ്രായേൽ എന്നു പേരിട്ടു. 11ദൈവം പിന്നെയും അവനോട്: ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്‍ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽനിന്ന് ഉദ്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തുനിന്നു പുറപ്പെടും. 12ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും; നിന്റെശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിച്ചെയ്തു. 13അവനോടു സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി. 14അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു. 15ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു. 16അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിനവേദനയുണ്ടായി. 17അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമിണി അവളോട്: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു. 18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേരിട്ടു; അവന്റെ അപ്പനോ അവനു ബെന്യാമീൻ എന്നു പേരിട്ടു. 19റാഹേൽ മരിച്ചിട്ട് അവളെ ബേത്‍ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. 20അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു. 21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. 22യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതു കേട്ടു.
23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. 24റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. 25റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും. 26ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ: ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ. 27പിന്നെ യാക്കോബ് കിര്യത്തർബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതുതന്നെ. 28യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു സംവത്സരമായിരുന്നു. 29യിസ്ഹാക് വയോധികനും കാലസമ്പൂർണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അവനെ അടക്കം ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉൽപത്തി 35: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.