ഉൽപത്തി 35:1-27

ഉൽപത്തി 35:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിൻതുടർന്നില്ല. യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു. റിബെക്കായുടെ ധാത്രിയായ ദബോറാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻകീഴിൽ അടക്കി; അതിന് അല്ലോൻ-ബാഖൂത്ത് (വിലാപ വൃക്ഷം) എന്നു പേരിട്ടു. യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. ദൈവം അവനോട്: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം എന്നു കല്പിച്ച് അവനു യിസ്രായേൽ എന്നു പേരിട്ടു. ദൈവം പിന്നെയും അവനോട്: ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്‍ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽനിന്ന് ഉദ്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തുനിന്നു പുറപ്പെടും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും; നിന്റെശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിച്ചെയ്തു. അവനോടു സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി. അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു. ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു. അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിനവേദനയുണ്ടായി. അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമിണി അവളോട്: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേരിട്ടു; അവന്റെ അപ്പനോ അവനു ബെന്യാമീൻ എന്നു പേരിട്ടു. റാഹേൽ മരിച്ചിട്ട് അവളെ ബേത്‍ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു. പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതു കേട്ടു. യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും. ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ: ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ. പിന്നെ യാക്കോബ് കിര്യത്തർബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതുതന്നെ.

ഉൽപത്തി 35:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം യാക്കോബിനോടു പറഞ്ഞു: “നീ ബേഥേലിൽ ചെന്ന് അവിടെ പാർക്കുക. നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയണം.” യാക്കോബ് കുടുംബാംഗങ്ങളോടും, കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിക്കുവിൻ; നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിർമ്മലവസ്ത്രം ധരിക്കുവിൻ. എന്റെ വിഷമസന്ധിയിൽ എന്നെ സഹായിക്കുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്ത ദൈവത്തിന് ഒരു യാഗപീഠം പണിയുന്നതിനു നമുക്കു ബേഥേലിലേക്കു പോകാം.” അവരുടെ കൈയിലുണ്ടായിരുന്ന ദേവവിഗ്രഹങ്ങളും മൂക്കുത്തികളും അവർ യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിനടുത്ത് ഒരു കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. അവരുടെ യാത്രാവേളയിൽ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളിൽ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവർ യാക്കോബിന്റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല. യാക്കോബും സംഘവും കനാൻദേശത്തു ലൂസ് അഥവാ ബേഥേലിൽ എത്തി. യാക്കോബ് അവിടെ ഒരു യാഗപീഠം പണിതു; സഹോദരന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം തനിക്കു പ്രത്യക്ഷനായ സ്ഥലം ആയതുകൊണ്ട് എൽ-ബേഥേൽ എന്ന് അതിനു പേരിട്ടു. റിബേക്കായുടെ ധാത്രിയായ ദെബോറാ അവിടെവച്ചു മരിച്ചു; ബേഥേലിന്റെ താഴ്‌വരയിൽ ഒരു കരുവേലകത്തിന്റെ ചുവട്ടിൽ അവളെ സംസ്കരിച്ചു. അതിനു അല്ലോൻ-ബാഖൂത്ത് അഥവാ വിലാപവൃക്ഷം എന്നു പേരിട്ടു. പദ്ദൻ-അരാമിൽനിന്നു വരുന്ന സമയത്ത് ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷനായി അദ്ദേഹത്തെ അനുഗ്രഹിച്ചു. ദൈവം യാക്കോബിനോടു പറഞ്ഞു: “നിന്റെ പേരു യാക്കോബ് എന്നാകുന്നു; എന്നാൽ ഇനിമേൽ നിന്റെ പേര് യാക്കോബ് എന്നല്ല ഇസ്രായേൽ എന്നായിരിക്കും. അങ്ങനെ യാക്കോബിന് ഇസ്രായേൽ എന്ന പേർ ലഭിച്ചു. ദൈവം യാക്കോബിനോടു പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാകുന്നു; നിന്റെ സന്താനങ്ങൾ വർധിച്ച് ഒരു വലിയ ജനതയായിത്തീരും; അനേകം ജനതകൾ നിന്നിൽനിന്നു പുറപ്പെടും; രാജാക്കന്മാരും നിങ്ങളുടെ ഇടയിൽനിന്ന് ഉയർന്നുവരും. അബ്രഹാമിനും ഇസ്ഹാക്കിനും ഞാൻ നല്‌കിയ ദേശം നിനക്കു തരും. നിന്റെ മരണശേഷം അതു നിന്റെ ഭാവിതലമുറകൾക്ക് അവകാശപ്പെട്ടിരിക്കും.” പിന്നീട് ദൈവം അപ്രത്യക്ഷനായി. അവിടെ യാക്കോബ് ഒരു കൽത്തൂൺ നാട്ടി; അതിന്മേൽ പാനീയയാഗം അർപ്പിക്കുകയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. ദൈവം തന്നോടു സംസാരിച്ചുകൊണ്ടുനിന്ന സ്ഥലത്തിനു ബേഥേൽ എന്നു പേരു വിളിച്ചു. ബേഥേലിൽനിന്ന് അവർ യാത്ര പുറപ്പെട്ടു; എഫ്രാത്തിൽ എത്തുന്നതിനുമുമ്പ് റാഹേലിനു പ്രസവവേദന ആരംഭിച്ചു. അവൾക്കു കഠിനമായ വേദനയുണ്ടായി; അപ്പോൾ സൂതികർമിണി പറഞ്ഞു: “ഭയപ്പെടേണ്ടാ; ഒരു പുത്രൻകൂടി ഇപ്പോൾ ജനിക്കും.” എന്നാൽ അവൾ മരിക്കുകയായിരുന്നു; അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അവൾ ശിശുവിനു ‘ബെനോനി’ എന്നു പേരിട്ടു. എന്നാൽ പിതാവ് അവനെ ‘ബെന്യാമീൻ’ എന്നാണു വിളിച്ചത്. റാഹേൽ മരിച്ചു; ബേത്‍ലഹേം എന്ന് ഇന്നറിയപ്പെടുന്ന എഫ്രാത്തിലേക്ക് പോകുന്ന വഴിയിൽ അവളെ സംസ്കരിച്ചു. അവളുടെ ശവകുടീരത്തിന്മേൽ യാക്കോബ് ഒരു കൽത്തൂൺ നാട്ടി; “റാഹേലിന്റെ കല്ലറത്തൂൺ” എന്ന പേരിൽ അത് ഇപ്പോഴും അറിയപ്പെടുന്നു. ഇസ്രായേൽ യാത്ര തുടർന്നു; ഏദെർ ഗോപുരത്തിന്റെ അപ്പുറത്തു കൂടാരമടിച്ചു. അവിടെ വസിക്കുന്ന കാലത്തു രൂബേൻ റാഹേലിന്റെ ദാസിയായ ബിൽഹായോടുകൂടെ ശയിച്ചു. ആ വിവരം ഇസ്രായേൽ അറിഞ്ഞു. യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ലേയായുടെ പുത്രന്മാർ: രൂബേൻ (യാക്കോബിന്റെ ആദ്യജാതൻ), ശിമെയോൻ, ലേവി, യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ എന്നിവർ. റാഹേലിന്റെ പുത്രന്മാർ യോസേഫും ബെന്യാമീനും. റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ ദാനും നഫ്താലിയും. ലേയായുടെ ദാസി സില്പായുടെ പുത്രന്മാർ ഗാദും ആശ്ശേരും ആയിരുന്നു. പദ്ദൻ-അരാമിൽവച്ചു യാക്കോബിനു ജനിച്ച പുത്രന്മാരാണ് ഇവരെല്ലാം. പിതാവായ ഇസ്ഹാക്ക് പാർത്തിരുന്ന കിര്യത്തർബായിലെ മമ്രെയിൽ യാക്കോബു വന്നു; അബ്രഹാമും ഇസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ അതുതന്നെ ആയിരുന്നു.

ഉൽപത്തി 35:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്‍റെ സഹോദരനായ ഏശാവിന്‍റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്‍റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോകുക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോട് കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു. അങ്ങനെ അവർ അവരുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്‍റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഉണ്ടായിരുന്ന പട്ടണങ്ങളിലെ ജനങ്ങളുടെമേൽ ദൈവത്തിന്‍റെ വലിയ ഭീതി വീണതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല. യാക്കോബും കൂടെയുള്ള ജനങ്ങളും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്‍റെ സഹോദരന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവനു അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേർവിളിച്ചു. റിബെക്കയുടെ പോറ്റമ്മയായ ദെബോരാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻ കീഴിൽ സംസ്കരിച്ചു; അതിന് അല്ലോൻ-ബാഖൂത്ത്എന്നു പേരിട്ടു. യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. ദൈവം അവനോട്: “നിന്‍റെ പേര് യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം” എന്നു കല്പിച്ച് അവനു യിസ്രായേൽ എന്നു പേരിട്ടു. ദൈവം പിന്നെയും അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജനതയും ജനതകളുടെ കൂട്ടവും നിന്നിൽനിന്ന് ഉത്ഭവിക്കും; രാജാക്കന്മാരും നിന്നിൽനിന്നു പുറപ്പെടും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്തദേശം നിനക്കു തരും; നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ഈ ദേശം കൊടുക്കും” എന്നു അരുളിച്ചെയ്തു. അവനോട് സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി. അവിടുന്ന് തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു. ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു. അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി. അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോട്: “ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും” എന്നു പറഞ്ഞു. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേർ ഇട്ടു; അവന്‍റെ അപ്പനോ അവനു ബെന്യാമീൻ എന്നു പേരിട്ടു. റാഹേൽ മരിച്ചിട്ട് അവളെ ബേത്ലേഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അത് റാഹേലിന്‍റെ കല്ലറത്തൂൺ എന്ന പേരിൽ ഇന്നുവരെയും നില്ക്കുന്നു. പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. യിസ്രായേൽ ആ ദേശത്തു താമസിക്കുമ്പോൾ രൂബേൻ ചെന്നു തന്‍റെ അപ്പന്‍റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു. യാക്കോബിന്‍റെ പുത്രന്മാർ പന്ത്രണ്ട് പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്‍റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. റാഹേലിന്‍റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. റാഹേലിന്‍റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും. ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ. പിന്നെ യാക്കോബ് കിര്യത്ത്-അർബ്ബ എന്ന മമ്രേയിൽ തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും വസിച്ചിരുന്ന ഹെബ്രോൻ ഇതുതന്നെ.

ഉൽപത്തി 35:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല. യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഓടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു. റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിൻ കീഴിൽ അടക്കി; അതിന്നു അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടു. യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു. ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തുനിന്നു പുറപ്പെടും. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു. അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി. അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു. അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി. അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു. റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു. അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു. പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു. യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു. യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും. ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ; ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ. പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതു തന്നേ.

ഉൽപത്തി 35:1-27 സമകാലിക മലയാളവിവർത്തനം (MCV)

ഈ സംഭവത്തിനുശേഷം ദൈവം യാക്കോബിനോട്: “നീ ബേഥേലിലേക്കുപോയി അവിടെ സ്ഥിരതാമസം തുടങ്ങുകയും നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് നീ ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുകയും വേണം” എന്ന് അരുളിച്ചെയ്തു. അതിൻപ്രകാരം യാക്കോബ് തന്റെ കുടുംബത്തിലുള്ളവരോടും കൂടെയുള്ള മറ്റെല്ലാവരോടുമായി, “നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പുതിയ വസ്ത്രം ധരിക്കുകയുംചെയ്യുക. നമുക്ക് ബേഥേലിലേക്കു പോകാം; എന്റെ കഷ്ടദിവസത്തിൽ എനിക്ക് ഉത്തരമരുളുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെയിരിക്കുകയും ചെയ്ത ദൈവത്തിനു ഞാൻ അവിടെ ഒരു യാഗപീഠം പണിയും” എന്നു പറഞ്ഞു. അപ്പോൾ അവർ തങ്ങൾക്കുണ്ടായിരുന്ന സകല അന്യദേവന്മാരെയും കർണാഭരണങ്ങളെയും യാക്കോബിനെ ഏൽപ്പിച്ചു; യാക്കോബ് അവ ശേഖേമിലെ കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്രപുറപ്പെട്ടു; അവർക്കു ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്മേലും ദൈവത്തെക്കുറിച്ചുള്ള ഭീതി പരന്നതുനിമിത്തം ആരും അവരെ പിൻതുടർന്നില്ല. യാക്കോബും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നവർ എല്ലാവരും കനാൻദേശത്തിലെ ലൂസിൽ (അതായതു, ബേഥേലിൽ) എത്തിച്ചേർന്നു. അവിടെ അദ്ദേഹം ഒരു യാഗപീഠം പണിതു; അദ്ദേഹം തന്റെ സഹോദരന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായത് അവിടെവെച്ചായിരുന്നതുകൊണ്ട് ആ സ്ഥലത്തിന് അദ്ദേഹം ഏൽ-ബേഥേൽ എന്നു പേരിട്ടു. ഇതിനുശേഷം റിബേക്കയുടെ പരിചാരികയായ ദെബോറാ മരിച്ചു, ബേഥേലിനു താഴെയുള്ള കരുവേലകത്തിന്റെ കീഴിൽ അവളെ അടക്കംചെയ്തു. അതുകൊണ്ട് ആ മരത്തിന് അല്ലോൻ-ബാഖൂത്ത് എന്നു പേരിട്ടു. യാക്കോബ് പദ്ദൻ-അരാമിൽനിന്ന് മടങ്ങിയെത്തിയതിനുശേഷം ദൈവം വീണ്ടും അദ്ദേഹത്തിനു പ്രത്യക്ഷനാകുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ദൈവം അദ്ദേഹത്തോട്: “നിന്റെ പേരു യാക്കോബ് എന്നാണ്; എന്നാൽ ഇനിയൊരിക്കലും നീ യാക്കോബ് എന്നു വിളിക്കപ്പെടുകയില്ല; നിന്റെ പേര് ഇസ്രായേൽ എന്നായിരിക്കും.” അങ്ങനെ ദൈവം അദ്ദേഹത്തിന് ഇസ്രായേൽ എന്നു പേരിട്ടു. ദൈവം പിന്നെയും അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ സന്താനപുഷ്ടിയുള്ളവനായി എണ്ണത്തിൽ വർധിച്ചുവരിക. ഒരു ജനത, അതേ ജനതകളുടെ സമൂഹംതന്നെ നിന്നിൽനിന്ന് ഉത്ഭവിക്കും; നിന്റെ സന്തതികളിൽനിന്ന് രാജാക്കന്മാർ ഉത്ഭവിക്കും. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരുന്നു; നിന്റെ കാലശേഷം ഈ ദേശം ഞാൻ നിന്റെ സന്തതികൾക്കു കൊടുക്കും” എന്ന് അരുളിച്ചെയ്തു. ഇതിനുശേഷം, അദ്ദേഹത്തോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം ആരോഹണംചെയ്തു. തന്നോടു ദൈവം സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നാട്ടി അതിന്മേൽ ഒരു പാനീയയാഗം പകർന്നു; അദ്ദേഹം അതിന്മേൽ എണ്ണയും ഒഴിച്ചു. തന്നോടു ദൈവം സംഭാഷണം നടത്തിയ സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു. പിന്നെ അവർ ബേഥേലിൽനിന്ന് മുന്നോട്ടു പ്രയാണംചെയ്തു. അവർ എഫ്രാത്തിൽ എത്താറായപ്പോൾ റാഹേലിനു പ്രസവസമയം അടുത്തു; അവൾ കഠിനവേദനയിലായി. പ്രസവവേദന അതികഠിനമായപ്പോൾ സൂതികർമിണി അവളോട്, “ഭയപ്പെടരുത്, നിനക്ക് ഇതാ, മറ്റൊരുമകൻ ജനിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവൾ മരിക്കുകയായിരുന്നു, ജീവൻ പോകുമ്പോൾ തന്റെ മകന് അവൾ ബെനോനി എന്നു പേരിട്ടു. അവന്റെ അപ്പനാകട്ടെ, അവന് ബെന്യാമീൻ എന്നു പേരുനൽകി. അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തിലേക്കുള്ള വഴിയരികെ (അതായതു, ബേത്ലഹേമിൽ) അവളെ സംസ്കരിച്ചു. അവളുടെ ശവകുടീരത്തിനുമീതേയായി യാക്കോബ് ഒരു സ്തൂപം സ്ഥാപിച്ചു, അത് ഇന്നുവരെയും റാഹേലിന്റെ കല്ലറയുടെ ചിഹ്നമായിരിക്കുന്നു. ഇസ്രായേൽ വീണ്ടും യാത്രചെയ്ത് മിഗ്ദൽ-ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. ഇസ്രായേൽ ആ ദേശത്തു താമസിച്ചിരുന്നകാലത്ത് രൂബേൻ ചെന്ന് അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടൊപ്പം കിടക്കപങ്കിട്ടു; അതേപ്പറ്റി ഇസ്രായേൽ കേട്ടു. യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു: ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും, റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും, ലേയയുടെ ദാസിയായ സിൽപ്പയുടെ പുത്രന്മാർ: ഗാദും ആശേരും. ഇവരായിരുന്നു യാക്കോബിനു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ. യാക്കോബ് കിര്യത്ത്-അർബക്കു സമീപമുള്ള മമ്രേയിൽ, അതായത്, അബ്രാഹാമും യിസ്ഹാക്കും താമസിച്ചിരുന്ന ഹെബ്രോനിൽ, തന്റെ ഭവനത്തിൽ, പിതാവിന്റെ അടുക്കൽ എത്തി.