ഉൽപത്തി 33:1-11
ഉൽപത്തി 33:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യാക്കോബ് തല പൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിർത്തി. അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി. അവൻ അവർക്കു മുമ്പായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു. ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. പിന്നെ അവൻ തല പൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടു കൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചതിന്: ദൈവം അടിയനു നല്കിയിരിക്കുന്ന മക്കൾ എന്ന് അവൻ പറഞ്ഞു. അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. ഞാൻ വഴിക്കുകണ്ട ആ കൂട്ടമൊക്കെയും എന്തിന് എന്ന് അവൻ ചോദിച്ചതിന്: യജമാനന് എന്നോടു കൃപ തോന്നേണ്ടതിന് ആകുന്നു എന്ന് അവൻ പറഞ്ഞു. അതിന് ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നത് ഉണ്ട്; നിനക്കുള്ളതു നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു. അതിനു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപയുണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്ക് എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ; ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ട് എന്നു പറഞ്ഞ് അവനെ നിർബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.
ഉൽപത്തി 33:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏശാവ് നാനൂറ് ആളുകളുമായി വരുന്നതു ദൂരെനിന്നു യാക്കോബ് കണ്ടു. അപ്പോൾ മക്കളെ ലേയായുടെയും റാഹേലിന്റെയും മറ്റു രണ്ടു ദാസിമാരുടെയും അടുക്കൽ വേർതിരിച്ചു നിർത്തി. ദാസിമാരെയും അവരുടെ മക്കളെയും ഏറ്റവും മുമ്പിലും ലേയായെയും അവളുടെ മക്കളെയും അവരുടെ പിമ്പിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിന്നിലുമായിട്ടാണ് നിർത്തിയത്. യാക്കോബ് അവർക്കു മുമ്പേ നടന്നു. യാക്കോബ് ദൂരെവച്ചു തന്നെ ഏഴു പ്രാവശ്യം ഏശാവിനെ സാഷ്ടാംഗം നമസ്കരിച്ചു. ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവർ ഇരുവരും കരഞ്ഞു. സ്‍ത്രീകളും കുട്ടികളും നില്‌ക്കുന്നതു കണ്ട് അവർ ആരെല്ലാമാണ് എന്ന് ഏശാവ് ചോദിച്ചു. “ദൈവത്തിന്റെ കൃപയാൽ അങ്ങയുടെ ദാസനു നല്‌കിയ മക്കളാണ് ഇവർ” എന്നു യാക്കോബു മറുപടി പറഞ്ഞു. അപ്പോൾ ദാസിമാരും മക്കളും ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്ന് ഏശാവിനെ താണുവണങ്ങി. “ഞാൻ വഴിയിൽവച്ചു കണ്ട മൃഗങ്ങളെയും ഭൃത്യന്മാരെയും എന്തിനാണ് നീ അയച്ചത്?” എന്ന് ഏശാവു ചോദിച്ചപ്പോൾ “അങ്ങയുടെ പ്രീതിക്കുവേണ്ടിയാണ്” എന്നു യാക്കോബ് പ്രതിവചിച്ചു. ഏശാവ് പറഞ്ഞു: “എന്റെ സഹോദരാ, എനിക്കിവയെല്ലാം വേണ്ടുവോളമുണ്ട്; നിന്റെ വകയെല്ലാം നീ തന്നെ സൂക്ഷിച്ചുകൊള്ളുക.” യാക്കോബ് പറഞ്ഞു: “ഒരിക്കലും അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രസാദം തോന്നിയിട്ടുണ്ടെങ്കിൽ എന്റെ ഈ സമ്മാനങ്ങൾ സ്വീകരിക്കണമേ; അങ്ങയുടെ മുഖം കാണുന്നതു ദൈവത്തിന്റെ മുഖം കാണുന്നതിനു തുല്യമാണ്; അങ്ങ് എന്നെ സസന്തോഷം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അങ്ങേക്കു കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനം സ്വീകരിച്ചാലും. ദൈവം എന്നോടു കൃപചെയ്ത് എനിക്കാവശ്യമുള്ളതെല്ലാം നല്‌കിയിട്ടുണ്ട്.” യാക്കോബു തുടർന്നു നിർബന്ധിച്ചതുകൊണ്ട് ഏശാവ് അതു സ്വീകരിച്ചു.
ഉൽപത്തി 33:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നത് കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി. അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപിലായും ലേയായെയും അവളുടെ മക്കളെയും പിമ്പിലും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി. അവൻ അവർക്ക് മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു. ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആരാകുന്നു?” എന്നു ചോദിച്ചു. അതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്നു അവൻ പറഞ്ഞു. അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. “ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്?” എന്നു ഏശാവ് ചോദിച്ചു. അതിന്: “യജമാനന് എന്നോട് കൃപതോന്നേണ്ടതിന് ആകുന്നു” എന്നു യാക്കോബ് പറഞ്ഞു. അതിന് ഏശാവ്: “സഹോദരാ, എനിക്ക് വേണ്ടത്ര ഉണ്ട്; നിനക്കുള്ളത് നിനക്കു ഇരിക്കട്ടെ” എന്നു പറഞ്ഞു. അതിന് യാക്കോബ്: “അങ്ങനെയല്ല, എന്നോട് കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോട് ദയ തോന്നുകയും ചെയ്തുവല്ലോ; ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങേണമേ; ദൈവം എന്നോട് കൃപ ചെയ്തിരിക്കുന്നു; എനിക്ക് വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അത് വാങ്ങി.
ഉൽപത്തി 33:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി. അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി. അവൻ അവർക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു. ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. പിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു. അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു. അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു. അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ; ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.
ഉൽപത്തി 33:1-11 സമകാലിക മലയാളവിവർത്തനം (MCV)
യാക്കോബ് തലയുയർത്തിനോക്കി; അതാ, ഏശാവ് തന്റെ നാനൂറ് ആളുകളുമായി വരുന്നു. യാക്കോബ് കുട്ടികളെ വീതിച്ച് ലേയയെയും റാഹേലിനെയും രണ്ടു ദാസിമാരെയും ഏൽപ്പിച്ചു. ദാസികളെയും അവരുടെ കുട്ടികളെയും മുന്നിലും ലേയയെയും അവളുടെ കുട്ടികളെയും അവർക്കു തൊട്ടുപിന്നിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിറകിലും നിർത്തി. പിന്നെ അദ്ദേഹം മുമ്പോട്ടുചെന്ന്, സഹോദരന്റെ സമീപമെത്തിയപ്പോൾ ഏഴുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി. എന്നാൽ ഏശാവ് യാക്കോബിനെ വരവേൽക്കുന്നതിനായി ഓടിവന്ന് അദ്ദേഹത്തെ ആലിംഗനംചെയ്തു; കഴുത്തിൽ കെട്ടിപ്പിടിച്ച് അദ്ദേഹത്തെ ചുംബിച്ചു; ഇരുവരും കരഞ്ഞു. ഇതിനുശേഷം ഏശാവു ചുറ്റും നോക്കി സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ട്. “നിന്റെ കൂടെയുള്ള ഇവർ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസന് ദൈവം കരുണതോന്നി നൽകിയ കുട്ടികളാണ് ഇവർ,” യാക്കോബ് ഉത്തരം പറഞ്ഞു. ഇതിനെത്തുടർന്ന് ദാസിമാരും അവരുടെ കുട്ടികളും വന്ന് അദ്ദേഹത്തെ വണങ്ങി. അതിനുശേഷം ലേയയും അവളുടെ കുട്ടികളും വന്നു വണങ്ങി. ഏറ്റവും ഒടുവിലായി യോസേഫും റാഹേലും വന്നു, അവരും വണങ്ങി. “ഞാൻ വഴിയിൽവെച്ച് കണ്ട ഈ പറ്റങ്ങൾ എല്ലാം എന്തിന്?” ഏശാവു ചോദിച്ചു. അതിന് യാക്കോബ്, “എന്റെ യജമാനനേ, അങ്ങയുടെ പ്രീതിക്കുവേണ്ടിയുള്ള എന്റെ ഉപഹാരമാണ്.” അതിന് ഏശാവ്, “എന്റെ സഹോദരാ, എനിക്ക് ഇപ്പോൾത്തന്നെ ധാരാളമുണ്ട്. നിനക്കുള്ളതു നിനക്കായിത്തന്നെ സൂക്ഷിക്കുക” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ്: “ദയവായി അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ഈ സമ്മാനം സ്വീകരിക്കണം. അങ്ങ് എന്നെ കൃപയോടെ സ്വീകരിച്ചല്ലോ, അങ്ങയുടെ മുഖം കാണുന്നത് ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണ്. ഞാൻ കൊണ്ടുവന്നിരിക്കുന്ന സമ്മാനം ദയവായി ഏറ്റുവാങ്ങണം; ദൈവത്തിന്റെ കരുണയാൽ എനിക്കു വേണ്ടുവോളമുണ്ട്” എന്നു പറഞ്ഞു. യാക്കോബ് നിർബന്ധിച്ചതിനാൽ ഏശാവ് അതു സ്വീകരിച്ചു.