ഉൽപ്പത്തി 33:1-11

ഉൽപ്പത്തി 33:1-11 MCV

യാക്കോബ് തലയുയർത്തിനോക്കി; അതാ, ഏശാവ് തന്റെ നാനൂറ് ആളുകളുമായി വരുന്നു. യാക്കോബ് കുട്ടികളെ വീതിച്ച് ലേയയെയും റാഹേലിനെയും രണ്ടു ദാസിമാരെയും ഏൽപ്പിച്ചു. ദാസികളെയും അവരുടെ കുട്ടികളെയും മുന്നിലും ലേയയെയും അവളുടെ കുട്ടികളെയും അവർക്കു തൊട്ടുപിന്നിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിറകിലും നിർത്തി. പിന്നെ അദ്ദേഹം മുമ്പോട്ടുചെന്ന്, സഹോദരന്റെ സമീപമെത്തിയപ്പോൾ ഏഴുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി. എന്നാൽ ഏശാവ് യാക്കോബിനെ വരവേൽക്കുന്നതിനായി ഓടിവന്ന് അദ്ദേഹത്തെ ആലിംഗനംചെയ്തു; കഴുത്തിൽ കെട്ടിപ്പിടിച്ച് അദ്ദേഹത്തെ ചുംബിച്ചു; ഇരുവരും കരഞ്ഞു. ഇതിനുശേഷം ഏശാവു ചുറ്റും നോക്കി സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ട്. “നിന്റെ കൂടെയുള്ള ഇവർ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസന് ദൈവം കരുണതോന്നി നൽകിയ കുട്ടികളാണ് ഇവർ,” യാക്കോബ് ഉത്തരം പറഞ്ഞു. ഇതിനെത്തുടർന്ന് ദാസിമാരും അവരുടെ കുട്ടികളും വന്ന് അദ്ദേഹത്തെ വണങ്ങി. അതിനുശേഷം ലേയയും അവളുടെ കുട്ടികളും വന്നു വണങ്ങി. ഏറ്റവും ഒടുവിലായി യോസേഫും റാഹേലും വന്നു, അവരും വണങ്ങി. “ഞാൻ വഴിയിൽവെച്ച് കണ്ട ഈ പറ്റങ്ങൾ എല്ലാം എന്തിന്?” ഏശാവു ചോദിച്ചു. അതിന് യാക്കോബ്, “എന്റെ യജമാനനേ, അങ്ങയുടെ പ്രീതിക്കുവേണ്ടിയുള്ള എന്റെ ഉപഹാരമാണ്.” അതിന് ഏശാവ്, “എന്റെ സഹോദരാ, എനിക്ക് ഇപ്പോൾത്തന്നെ ധാരാളമുണ്ട്. നിനക്കുള്ളതു നിനക്കായിത്തന്നെ സൂക്ഷിക്കുക” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ്: “ദയവായി അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ഈ സമ്മാനം സ്വീകരിക്കണം. അങ്ങ് എന്നെ കൃപയോടെ സ്വീകരിച്ചല്ലോ, അങ്ങയുടെ മുഖം കാണുന്നത് ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണ്. ഞാൻ കൊണ്ടുവന്നിരിക്കുന്ന സമ്മാനം ദയവായി ഏറ്റുവാങ്ങണം; ദൈവത്തിന്റെ കരുണയാൽ എനിക്കു വേണ്ടുവോളമുണ്ട്” എന്നു പറഞ്ഞു. യാക്കോബ് നിർബന്ധിച്ചതിനാൽ ഏശാവ് അതു സ്വീകരിച്ചു.

ഉൽപ്പത്തി 33:1-11 - നുള്ള വീഡിയോ