ഉൽപത്തി 32:1-32

ഉൽപത്തി 32:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരേ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു. അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവരോടു കല്പിച്ചത് എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു. എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാൻ ആളയയ്ക്കുന്നത്. ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങിവന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. ഏശാവ് ഒരു കൂട്ടത്തിന്റെ നേരേ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന് ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. പിന്നെ യാക്കോബ് പ്രാർഥിച്ചത്: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണിക്കൂടാത്ത കടല്ക്കരയിലെ മണൽപോലെ ആക്കുമെന്ന് അരുളിച്ചെയ്തുവല്ലോ. അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട് ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു. തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോട്: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിനു മധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു. ഒന്നാമതു പോകുന്നവനോട് അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ട്: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ: നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു. രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടു പറവിൻ; അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്ന് അവൻ കല്പിച്ചു. എനിക്കു മുമ്പായി പോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന് എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു. അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു. രാത്രിയിൽ അവൻ എഴുന്നേറ്റു തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യബ്ബോക് കടവു കടന്നു. അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയെ ശേഷിച്ചു. അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവൻ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് അവൻ പറഞ്ഞു. നിന്റെ പേർ എന്ത് എന്ന് അവൻ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവൻ പറഞ്ഞു. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു. യാക്കോബ് അവനോട്: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നത് എന്ത് എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തി നടന്നു. അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

ഉൽപത്തി 32:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബു യാത്ര തുടർന്നു; വഴിയിൽവച്ചു ദൈവത്തിന്റെ ദൂതന്മാർ യാക്കോബിനു പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടപ്പോൾ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘മഹനയീം’ എന്നു പേരിട്ടു. യാക്കോബ് ഏദോമിൽ സേയിർദേശത്തു വസിച്ചിരുന്ന ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ പറഞ്ഞയച്ചു: “അങ്ങയുടെ ദാസനായ ഞാൻ ഇത്രയും കാലം ലാബാന്റെ വീട്ടിൽ പാർക്കുകയായിരുന്നു. എനിക്കു ധാരാളം കാളകളും കഴുതകളും ആട്ടിൻപറ്റങ്ങളും ദാസീദാസന്മാരും ഉണ്ട്; അങ്ങ് എന്നിൽ പ്രസാദിക്കുന്നതിനായി ഞാൻ ഇവരെ അയയ്‍ക്കുന്നു.” ദൂതന്മാർ മടങ്ങിവന്നു യാക്കോബിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയിരുന്നു; അങ്ങയെ എതിരേല്‌ക്കാൻ നാനൂറുപേരോടുകൂടി അദ്ദേഹം വരുന്നുണ്ട്.” അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിൻപറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു. “ഒരു കൂട്ടത്തെ ഏശാവ് ആക്രമിച്ചു നശിപ്പിച്ചാൽ മറ്റേകൂട്ടം രക്ഷപെടുമല്ലോ” എന്നദ്ദേഹം കരുതി. യാക്കോബ് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമേ, നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാൻ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സർവേശ്വരാ, അവിടുന്ന് ഈ ദാസനോടു കാണിച്ചിട്ടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും അടിയൻ അർഹിക്കുന്നതിനപ്പുറമാണ്; ഞാൻ യോർദ്ദാൻ കടന്നുപോകുമ്പോൾ ഒരു വടി മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളൂ; ഇപ്പോൾ ഞാൻ രണ്ടു വലിയ സംഘങ്ങളായി വളർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ. ഞങ്ങളെ എല്ലാവരെയും മക്കളെയും അവരുടെ അമ്മമാരെയും അദ്ദേഹം നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. എന്നാൽ അവിടുന്നു, ‘ഞാൻ നിനക്കു നന്മചെയ്യും; നിന്റെ സന്തതികളെ കടൽപ്പുറത്തെ മണൽപോലെ എണ്ണിക്കൂടാത്തവിധം അസംഖ്യമാക്കും’ എന്നു കല്പിച്ചുവല്ലോ.” യാക്കോബ് അന്നുരാത്രി അവിടെ പാർത്തു; സഹോദരനായ ഏശാവിനു സമ്മാനമായി നല്‌കാൻ തന്റെ സമ്പത്തിൽ ചിലത് തിരഞ്ഞെടുത്തു. ഇരുനൂറു പെൺകോലാട്, ഇരുപതു ആൺകോലാട്, ഇരുനൂറു പെൺചെമ്മരിയാട്, ഇരുപത് ആൺചെമ്മരിയാട്, കറവയുള്ള മുപ്പത് ഒട്ടകങ്ങളും അവയുടെ കുട്ടികളും, നാല്പതു പശുക്കൾ, പത്തു കാളകൾ, ഇരുപതു പെൺകഴുതകൾ, പത്ത് ആൺകഴുതകൾ എന്നിവയെയാണ് തിരഞ്ഞെടുത്തത്. ഇവയെ പറ്റംപറ്റമായി തിരിച്ച് ഓരോ കൂട്ടത്തെയും ഓരോ ഭൃത്യന്റെ ചുമതലയിൽ ഏല്പിച്ചു; അവർ തനിക്കു മുമ്പേ പോകാനും യാത്രയിൽ പറ്റങ്ങൾ തമ്മിൽ അകലം സൂക്ഷിക്കാനും യാക്കോബ് അവരോടു നിർദ്ദേശിച്ചു. ഏറ്റവും മുമ്പിൽ പോകുന്നവനോടു യാക്കോബു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നീ ആരുടെ ആൾ? നീ എവിടെ പോകുന്നു? ഈ മൃഗങ്ങൾ ആരുടെ വകയാണ്? എന്നിങ്ങനെ ചോദിക്കുമ്പോൾ: “അവ അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്; യജമാനനായ അങ്ങേക്ക് സമ്മാനമായി തന്നയച്ചതാണ്; യാക്കോബും പിന്നാലെ വരുന്നുണ്ട്” എന്നു പറയുക.” പറ്റങ്ങളെ നയിച്ചിരുന്ന എല്ലാവരോടും യാക്കോബ് ഇപ്രകാരം നിർദ്ദേശിച്ചു. “അങ്ങയുടെ ദാസനായ യാക്കോബു പിന്നാലെ വരുന്നുണ്ടെന്നു പറയണം.” താൻ കൊടുത്തയച്ച സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ കഴിഞ്ഞാൽ പിന്നീടു നേരിൽ കാണുമ്പോൾ തന്നോടു കരുണ തോന്നിയേക്കാം എന്നു യാക്കോബ് വിചാരിച്ചു. സമ്മാനങ്ങൾ കൊടുത്തയച്ചശേഷം യാക്കോബ് രാത്രിയിൽ കൂടാരത്തിൽ പാർത്തു. ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസികളെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്കു കടവു കടന്നു. അവരെ തന്റെ സർവസമ്പത്തോടുംകൂടി അക്കരയ്‍ക്ക് അയച്ചു. യാക്കോബു മാത്രം ഇക്കരെ ശേഷിച്ചു. അപ്പോൾ ഒരാൾ വന്നു യാക്കോബുമായി പ്രഭാതംവരെ മൽപ്പിടുത്തം നടത്തി. യാക്കോബിനെ കീഴ്പെടുത്താൻ കഴിയുകയില്ല എന്നു മനസ്സിലായപ്പോൾ അദ്ദേഹം യാക്കോബിന്റെ അരക്കെട്ടിൽ അടിച്ചു; വീണ്ടും മൽപ്പിടുത്തം നടത്തിയപ്പോൾ യാക്കോബിന്റെ തുട ഉളുക്കിപ്പോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: “പ്രഭാതമാകുന്നു ഞാൻ പോകട്ടെ.” “എന്നെ അനുഗ്രഹിക്കാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബു മറുപടി പറഞ്ഞു. അദ്ദേഹം ചോദിച്ചു: “നിന്റെ പേരെന്താണ്?” “യാക്കോബ്” എന്ന് മറുപടി പറഞ്ഞു. നിന്റെ പേര് ഇനിമേൽ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മൽപ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്റെ പേർ ഇസ്രായേൽ എന്നായിരിക്കും.” “അങ്ങയുടെ പേരെന്താണ്” എന്നു യാക്കോബ് ചോദിച്ചു. “എന്തിനു നീ എന്റെ പേരു തിരക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അവിടെവച്ച് അദ്ദേഹം യാക്കോബിനെ അനുഗ്രഹിച്ചു. “ഞാൻ ദൈവത്തെ അഭിമുഖമായി ദർശിച്ചെങ്കിലും എനിക്കു ജീവഹാനി സംഭവിച്ചില്ല” എന്നു പറഞ്ഞു യാക്കോബ് ആ സ്ഥലത്തിനു ‘പെനീയേൽ’ എന്നു പേരിട്ടു. തുടയുടെ ഉളുക്കു നിമിത്തം യാക്കോബ് മുടന്തിക്കൊണ്ട് പെനീയേൽ കടന്നപ്പോഴേക്കും സൂര്യൻ ഉദിച്ചു. അരക്കെട്ടിലെ ഞരമ്പ് ഇങ്ങനെ സ്പർശിക്കപ്പെട്ടതിനാലാണ് ഇസ്രായേൽജനം ആ ഭാഗത്തെ ഞരമ്പ് ഇപ്പോഴും ഭക്ഷിക്കാത്തത്.

ഉൽപത്തി 32:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യാക്കോബ് തന്‍റെ വഴിക്കുപോയി; ദൈവത്തിന്‍റെ ദൂതന്മാർ അവന്‍റെ എതിരെ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്‍റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു. അനന്തരം യാക്കോബ് ഏദോം നാടായ സേയീർദേശത്ത് തന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ തനിക്കുമുമ്പായി സന്ദേശവാഹകരെ അയച്ചു. അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്‍റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്‍റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാൻ്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു. എനിക്ക് കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്കു എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിക്കുവാൻ ഞാൻ ആളയക്കുന്നത്. ദൂതന്മാർ യാക്കോബിന്‍റെ അടുക്കൽ മടങ്ങിവന്നു: “ഞങ്ങൾ നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുകളുമായി നിന്നെ എതിരേൽക്കുവാൻ വരുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് ഏറ്റവും വ്യാകുലപ്പെട്ടു അസ്വസ്ഥനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. “ഏശാവ് ഒരു കൂട്ടത്തിന്‍റെ നേരെ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റെ കൂട്ടത്തിന് ഓടിപ്പോകാമല്ലോ” എന്നു പറഞ്ഞു. പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, ‘നിന്‍റെ ദേശത്തേക്കും നിന്‍റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോവുക; ഞാൻ നിനക്കു നന്മ ചെയ്യും’ എന്നു എന്നോട് അരുളിച്ചെയ്ത യഹോവേ, അടിയനോട് കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ ഒട്ടും യോഗ്യനല്ല; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ അമ്മമാരെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. അവിടുന്നോ: ‘ഞാൻ നിന്നോട് നന്മ ചെയ്യും; നിന്‍റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണുവാൻ കഴിയാത്ത കടൽകരയിലെ മണൽപോലെ ആക്കും’ എന്നു അരുളിച്ചെയ്തുവല്ലോ.” അന്നു രാത്രി അവൻ അവിടെ പാർത്തു; തന്‍റെ കൈവശം ഉള്ളതിൽ തന്‍റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട് ഇരുനൂറ് പെൺകോലാടുകളെയും ഇരുപതു ആൺകോലാടുകളെയും ഇരുനൂറ് പെൺചെമ്മരിയാടുകളെയും ഇരുപതു ആൺചെമ്മരിയാടുകളെയും കറവയുള്ള മുപ്പതു ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും നാല്പതു പശുക്കളെയും പത്തു കാളകളെയും ഇരുപതു പെൺകഴുതകളെയും പത്തു കഴുതക്കുട്ടികളെയും വേർതിരിച്ചു. തന്‍റെ ദാസന്മാരുടെ കൈവശം ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്‍റെ ദാസന്മാരോട്: “നിങ്ങൾ എനിക്ക് മുമ്പായി കടന്നുപോയി അതത് കൂട്ടത്തിനു മദ്ധ്യേ കുറച്ച് അകലം പാലിക്കുവിൻ” എന്നു പറഞ്ഞു. ഒന്നാമത് പോകുന്നവനോട് അവൻ: “എന്‍റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: ‘നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്‍റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക’ എന്നിങ്ങനെ നിന്നോട് ചോദിച്ചാൽ: ‘നിന്‍റെ ദാസൻ യാക്കോബിന്‍റെ വക ആകുന്നു; ഇത് യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു’ എന്നു നീ പറയേണം” എന്നു കല്പിച്ചു. രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: “നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോട് പറയുവിൻ; ‘അതാ, നിന്‍റെ ദാസൻ യാക്കോബ് പിന്നാലെ വരുന്നു’ എന്നും പറയുവിൻ” എന്നു അവൻ കല്പിച്ചു. “എനിക്ക് മുമ്പായിപോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തനാക്കിയിട്ടു പിന്നെ ഞാൻ അവന്‍റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവൻ എന്നെ സ്വീകരിച്ചേക്കും” എന്നു പറഞ്ഞു. അങ്ങനെ സമ്മാനം അവന്‍റെ മുമ്പിലായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു. ആ രാത്രിയിൽ അവൻ എഴുന്നേറ്റു, തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു. അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ള സർവ്വവും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; അപ്പോൾ ഒരു പുരുഷൻ പുലരുന്നതുവരെ അവനോട് ദ്വന്ദയുദ്ധം നടത്തി. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോട് മല്ലുപിടിക്കുകയിൽ യാക്കോബിന്‍റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി. “എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്നു ആ പുരുഷൻ പറഞ്ഞു. അതിന്: “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബ് പറഞ്ഞു. “നിന്‍റെ പേർ എന്ത്?” എന്നു അവൻ അവനോട് ചോദിച്ചു. അതിന്: “യാക്കോബ്” എന്നു അവൻ പറഞ്ഞു. “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു അവിടുന്ന് പറഞ്ഞു. യാക്കോബ് അവിടുത്തോട്: “അങ്ങേയുടെ പേർ എനിക്ക് പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു: “നീ എന്‍റെ പേർ ചോദിക്കുന്നത് എന്ത്?” എന്നു അവൻ പറഞ്ഞു, അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു. “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ ഇടുപ്പിൻ്റെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു. അവൻ യാക്കോബിന്‍റെ ഇടുപ്പുസന്ധിയിലെ ഞരമ്പിൽ തൊട്ടതുകൊണ്ടു യിസ്രായേൽ മക്കൾ ഇന്നുവരെയും ഇടുപ്പുസന്ധിയിലെ ഞരമ്പു തിന്നാറില്ല.

ഉൽപത്തി 32:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു. അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു. എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു. ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു, ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ. അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു. തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു. ഒന്നാമതു പോകുന്നവനോടു അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ: നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു. രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ; അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു. അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു. രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു. അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു. നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു. അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു. അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

ഉൽപത്തി 32:1-32 സമകാലിക മലയാളവിവർത്തനം (MCV)

യാക്കോബ് യാത്രതുടർന്നു; ദൈവദൂതന്മാർ അദ്ദേഹത്തെ എതിരേറ്റു. യാക്കോബ് അവരെ കണ്ടപ്പോൾ അദ്ദേഹം, “ഇതു ദൈവത്തിന്റെ സേന” എന്നു പറഞ്ഞ് ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു. ഏദോം രാജ്യത്ത്, സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുത്തേക്കു യാക്കോബ് തനിക്കുമുമ്പേ സന്ദേശവാഹകരെ അയച്ചു. അദ്ദേഹം അവർക്ക് ഈ വിധം നിർദേശംനൽകി: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് പറയേണ്ടത് ഇതാണ്: ‘ഞാൻ ലാബാന്റെകൂടെ താമസിക്കുകയായിരുന്നു; ഈ സമയംവരെയും അവിടെ താമസിച്ചു. എനിക്കു കന്നുകാലികളും കഴുതകളും ചെമ്മരിയാടുകളും കോലാടുകളും ദാസീദാസന്മാരും ഉണ്ട്. അങ്ങേക്ക് എന്നോടു കൃപയുണ്ടാകണം, അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ഈ സന്ദേശം അയയ്ക്കുന്നത് എന്ന് അങ്ങയുടെ ദാസനായ യാക്കോബ് അറിയിക്കുന്നു.’ ” സന്ദേശവാഹകന്മാർ യാക്കോബിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ ചെന്നു, അദ്ദേഹം ഇതാ അങ്ങയെ എതിരേൽക്കാൻ വരുന്നു; നാനൂറ് ആളുകളും അദ്ദേഹത്തോടൊപ്പമുണ്ട്” എന്നു പറഞ്ഞു. യാക്കോബിന് മഹാഭയവും സംഭ്രമവും ഉണ്ടായി. യാക്കോബ് തന്നോടുകൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും രണ്ടു സംഘങ്ങളായി വിഭജിച്ചു. “ഏശാവു വന്ന് ഒരു സംഘത്തെ ആക്രമിച്ചാൽ മറ്റേ സംഘത്തിനു രക്ഷപ്പെടാമല്ലോ” എന്ന് അദ്ദേഹം ചിന്തിച്ചു. പിന്നെ യാക്കോബ് പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമേ, എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, അവിടന്ന് എന്നോട്, ‘നിന്റെ നാട്ടിലേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തല്ലോ! അവിടത്തെ ദാസനോട് അവിടന്നു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഈയുള്ളവൻ അയോഗ്യനാണ്. ഒരു വടിയോടുകൂടിമാത്രമല്ലോ ഞാൻ ഈ യോർദാൻ കടന്നത്, എന്നാൽ ഇപ്പോൾ ഇതാ ഞാൻ രണ്ടു സംഘങ്ങളായി വർധിച്ചിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹം വന്ന് മക്കളോടുകൂടെ അമ്മയെയും നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. എങ്കിലും ‘ഞാൻ നിന്നെ നിശ്ചയമായും വർധിപ്പിക്കയും നിന്റെ സന്തതികളെ കടൽക്കരയിലെ എണ്ണിക്കൂടാത്ത മണൽപോലെ ആക്കിത്തീർക്കുകയും ചെയ്യും’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.” യാക്കോബ് ആ രാത്രി അവിടെ ചെലവഴിച്ചു; സഹോദരനായ ഏശാവിനുവേണ്ടി, തനിക്കുള്ളതിൽനിന്ന് ഒരു സമ്മാനം തെരഞ്ഞെടുത്തു: ഇരുനൂറു പെൺകോലാടുകൾ, ഇരുപതു കോലാട്ടുകൊറ്റന്മാർ, ഇരുനൂറ് ചെമ്മരിയാടുകൾ, ഇരുപത് ചെമ്മരിയാട്ടുകൊറ്റന്മാർ. കറവയുള്ള മുപ്പതു പെൺഒട്ടകങ്ങളും അവയുടെ കുട്ടികളും, നാൽപ്പതു പശുക്കളും പത്തു കാളകളും, ഇരുപതു പെൺകഴുതകളും പത്ത് ആൺകഴുതകളും—ഇത്രയുമായിരുന്നു സമ്മാനമായി തെരഞ്ഞെടുത്തത്. അദ്ദേഹം അവയെ ഓരോ കൂട്ടമായിത്തിരിച്ച് ഓരോകൂട്ടത്തിന്റെയും ചുമതല ഓരോ ദാസന്മാരെ ഏൽപ്പിച്ചു. ഇതിനുശേഷം യാക്കോബ് അവരോട്: “നിങ്ങൾ എനിക്കുമുമ്പായി പൊയ്ക്കൊള്ളൂ, കൂട്ടങ്ങൾക്കു മധ്യേ അകലം ഇടണം” എന്നു നിർദേശിച്ചു. ഏറ്റവും മുന്നിൽ പോകുന്നവന് അയാൾ നിർദേശം കൊടുത്തു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നിന്നോട്: ‘നീ ആരുടെ ദാസൻ? നീ എവിടേക്കു പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഈ മൃഗങ്ങൾ ആരുടെ വക?’ എന്നു ചോദിക്കുകയും ചെയ്യുമ്പോൾ, ‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്. ഇവ യജമാനനായ ഏശാവിനുവേണ്ടി അയച്ചിരിക്കുന്ന സമ്മാനം: അതാ, അദ്ദേഹം ഞങ്ങളുടെ പിന്നാലെ വരുന്നു’ എന്നു നീ പറയണം.” രണ്ടാമനും മൂന്നാമനും കന്നുകാലിക്കൂട്ടങ്ങളെ പിൻതുടർന്നിരുന്ന മറ്റെല്ലാവർക്കും അദ്ദേഹം നിർദേശം കൊടുത്തു: “ഏശാവിനെ കാണുമ്പോൾ നിങ്ങൾ എല്ലാവരും ഇതുതന്നെ പറയണം. ‘അങ്ങയുടെ ദാസനായ യാക്കോബ് ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട്’ എന്നു നിങ്ങൾ നിശ്ചയമായും പറയണം. ‘ഞാൻ മുമ്പേ അയയ്ക്കുന്ന ഈ സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ സാമാധാനപ്പെടുത്തും; പിന്നീട്, എന്നെ കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം സ്വീകരിക്കും’ ” എന്ന് യാക്കോബ് ചിന്തിച്ചു. അങ്ങനെ യാക്കോബിന്റെ സമ്മാനങ്ങൾ അദ്ദേഹത്തിനു മുമ്പായി നീങ്ങി. എന്നാൽ യാക്കോബ് പാളയത്തിൽത്തന്നെ രാത്രി ചെലവഴിച്ചു. ആ രാത്രിയിൽ യാക്കോബ് എഴുന്നേറ്റ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യാബ്ബോക്കുകടവു കടന്നു. അവരെ നദിക്കക്കരെ എത്തിച്ചതിനുശേഷം തനിക്കുള്ള സകലതും അക്കരെയെത്തിച്ചു. പിന്നീട് യാക്കോബ് തനിയേ ശേഷിച്ചു. ഒരു പുരുഷൻ പുലർച്ചയാകുന്നതുവരെ അദ്ദേഹത്തോടു മൽപ്പിടിത്തം നടത്തി. യാക്കോബിനെ തോൽപ്പിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നു കണ്ടിട്ട് ആ പുരുഷൻ അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ തട്ടം തൊട്ടു. അങ്ങനെ മൽപ്പിടിത്തത്തിനിടയിൽ യാക്കോബിന്റെ അരക്കെട്ടിന്റെ തട്ടം ഉളുക്കിപ്പോയി. അപ്പോൾ ആ പുരുഷൻ, “എന്നെ പോകാൻ അനുവദിക്കൂ, നേരം പുലരുന്നു” എന്നു പറഞ്ഞു. അതിന് യാക്കോബ്, “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു. ആ പുരുഷൻ അദ്ദേഹത്തോട്, “നിന്റെ പേര് എന്ത്?” എന്നു ചോദിച്ചു. “യാക്കോബ്” അദ്ദേഹം ഉത്തരം പറഞ്ഞു. അപ്പോൾ ആ പുരുഷൻ, “ഇന്നുമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും; എന്തുകൊണ്ടെന്നാൽ നീ ദൈവത്തോടും മനുഷ്യരോടും പൊരുതി ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ദയവുചെയ്ത് അങ്ങയുടെ പേര് എന്നോടു പറഞ്ഞാലും” യാക്കോബ് അപേക്ഷിച്ചു. “നീ എന്തിനാണ് എന്റെ പേരു ചോദിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പിന്നെ ആ പുരുഷൻ അവിടെവെച്ച് യാക്കോബിനെ അനുഗ്രഹിച്ചു. “ഞാൻ ദൈവത്തെ അഭിമുഖമായി കണ്ടു; എന്നിട്ടും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. യാക്കോബ് പെനീയേൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു; ഇടുപ്പിന്റെ ഉളുക്കു നിമിത്തം അദ്ദേഹം മുടന്തിയാണു നടന്നത്. യാക്കോബിന്റെ ഇടുപ്പിലെ തട്ടം അദ്ദേഹം സ്പർശിച്ചതുകൊണ്ട് ഇസ്രായേല്യർ ഇന്നുവരെയും ഇടുപ്പിനോടു ചേർന്നുള്ള സ്നായു ഭക്ഷിക്കാറില്ല.