യാക്കോബു യാത്ര തുടർന്നു; വഴിയിൽവച്ചു ദൈവത്തിന്റെ ദൂതന്മാർ യാക്കോബിനു പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടപ്പോൾ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘മഹനയീം’ എന്നു പേരിട്ടു. യാക്കോബ് ഏദോമിൽ സേയിർദേശത്തു വസിച്ചിരുന്ന ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ പറഞ്ഞയച്ചു: “അങ്ങയുടെ ദാസനായ ഞാൻ ഇത്രയും കാലം ലാബാന്റെ വീട്ടിൽ പാർക്കുകയായിരുന്നു. എനിക്കു ധാരാളം കാളകളും കഴുതകളും ആട്ടിൻപറ്റങ്ങളും ദാസീദാസന്മാരും ഉണ്ട്; അങ്ങ് എന്നിൽ പ്രസാദിക്കുന്നതിനായി ഞാൻ ഇവരെ അയയ്‍ക്കുന്നു.” ദൂതന്മാർ മടങ്ങിവന്നു യാക്കോബിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയിരുന്നു; അങ്ങയെ എതിരേല്‌ക്കാൻ നാനൂറുപേരോടുകൂടി അദ്ദേഹം വരുന്നുണ്ട്.” അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിൻപറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു. “ഒരു കൂട്ടത്തെ ഏശാവ് ആക്രമിച്ചു നശിപ്പിച്ചാൽ മറ്റേകൂട്ടം രക്ഷപെടുമല്ലോ” എന്നദ്ദേഹം കരുതി. യാക്കോബ് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമേ, നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാൻ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സർവേശ്വരാ, അവിടുന്ന് ഈ ദാസനോടു കാണിച്ചിട്ടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും അടിയൻ അർഹിക്കുന്നതിനപ്പുറമാണ്; ഞാൻ യോർദ്ദാൻ കടന്നുപോകുമ്പോൾ ഒരു വടി മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളൂ; ഇപ്പോൾ ഞാൻ രണ്ടു വലിയ സംഘങ്ങളായി വളർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ. ഞങ്ങളെ എല്ലാവരെയും മക്കളെയും അവരുടെ അമ്മമാരെയും അദ്ദേഹം നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. എന്നാൽ അവിടുന്നു, ‘ഞാൻ നിനക്കു നന്മചെയ്യും; നിന്റെ സന്തതികളെ കടൽപ്പുറത്തെ മണൽപോലെ എണ്ണിക്കൂടാത്തവിധം അസംഖ്യമാക്കും’ എന്നു കല്പിച്ചുവല്ലോ.” യാക്കോബ് അന്നുരാത്രി അവിടെ പാർത്തു; സഹോദരനായ ഏശാവിനു സമ്മാനമായി നല്‌കാൻ തന്റെ സമ്പത്തിൽ ചിലത് തിരഞ്ഞെടുത്തു. ഇരുനൂറു പെൺകോലാട്, ഇരുപതു ആൺകോലാട്, ഇരുനൂറു പെൺചെമ്മരിയാട്, ഇരുപത് ആൺചെമ്മരിയാട്, കറവയുള്ള മുപ്പത് ഒട്ടകങ്ങളും അവയുടെ കുട്ടികളും, നാല്പതു പശുക്കൾ, പത്തു കാളകൾ, ഇരുപതു പെൺകഴുതകൾ, പത്ത് ആൺകഴുതകൾ എന്നിവയെയാണ് തിരഞ്ഞെടുത്തത്. ഇവയെ പറ്റംപറ്റമായി തിരിച്ച് ഓരോ കൂട്ടത്തെയും ഓരോ ഭൃത്യന്റെ ചുമതലയിൽ ഏല്പിച്ചു; അവർ തനിക്കു മുമ്പേ പോകാനും യാത്രയിൽ പറ്റങ്ങൾ തമ്മിൽ അകലം സൂക്ഷിക്കാനും യാക്കോബ് അവരോടു നിർദ്ദേശിച്ചു. ഏറ്റവും മുമ്പിൽ പോകുന്നവനോടു യാക്കോബു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നീ ആരുടെ ആൾ? നീ എവിടെ പോകുന്നു? ഈ മൃഗങ്ങൾ ആരുടെ വകയാണ്? എന്നിങ്ങനെ ചോദിക്കുമ്പോൾ: “അവ അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്; യജമാനനായ അങ്ങേക്ക് സമ്മാനമായി തന്നയച്ചതാണ്; യാക്കോബും പിന്നാലെ വരുന്നുണ്ട്” എന്നു പറയുക.” പറ്റങ്ങളെ നയിച്ചിരുന്ന എല്ലാവരോടും യാക്കോബ് ഇപ്രകാരം നിർദ്ദേശിച്ചു. “അങ്ങയുടെ ദാസനായ യാക്കോബു പിന്നാലെ വരുന്നുണ്ടെന്നു പറയണം.” താൻ കൊടുത്തയച്ച സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ കഴിഞ്ഞാൽ പിന്നീടു നേരിൽ കാണുമ്പോൾ തന്നോടു കരുണ തോന്നിയേക്കാം എന്നു യാക്കോബ് വിചാരിച്ചു. സമ്മാനങ്ങൾ കൊടുത്തയച്ചശേഷം യാക്കോബ് രാത്രിയിൽ കൂടാരത്തിൽ പാർത്തു. ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസികളെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്കു കടവു കടന്നു. അവരെ തന്റെ സർവസമ്പത്തോടുംകൂടി അക്കരയ്‍ക്ക് അയച്ചു. യാക്കോബു മാത്രം ഇക്കരെ ശേഷിച്ചു. അപ്പോൾ ഒരാൾ വന്നു യാക്കോബുമായി പ്രഭാതംവരെ മൽപ്പിടുത്തം നടത്തി. യാക്കോബിനെ കീഴ്പെടുത്താൻ കഴിയുകയില്ല എന്നു മനസ്സിലായപ്പോൾ അദ്ദേഹം യാക്കോബിന്റെ അരക്കെട്ടിൽ അടിച്ചു; വീണ്ടും മൽപ്പിടുത്തം നടത്തിയപ്പോൾ യാക്കോബിന്റെ തുട ഉളുക്കിപ്പോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: “പ്രഭാതമാകുന്നു ഞാൻ പോകട്ടെ.” “എന്നെ അനുഗ്രഹിക്കാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബു മറുപടി പറഞ്ഞു. അദ്ദേഹം ചോദിച്ചു: “നിന്റെ പേരെന്താണ്?” “യാക്കോബ്” എന്ന് മറുപടി പറഞ്ഞു. നിന്റെ പേര് ഇനിമേൽ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മൽപ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്റെ പേർ ഇസ്രായേൽ എന്നായിരിക്കും.” “അങ്ങയുടെ പേരെന്താണ്” എന്നു യാക്കോബ് ചോദിച്ചു. “എന്തിനു നീ എന്റെ പേരു തിരക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അവിടെവച്ച് അദ്ദേഹം യാക്കോബിനെ അനുഗ്രഹിച്ചു. “ഞാൻ ദൈവത്തെ അഭിമുഖമായി ദർശിച്ചെങ്കിലും എനിക്കു ജീവഹാനി സംഭവിച്ചില്ല” എന്നു പറഞ്ഞു യാക്കോബ് ആ സ്ഥലത്തിനു ‘പെനീയേൽ’ എന്നു പേരിട്ടു. തുടയുടെ ഉളുക്കു നിമിത്തം യാക്കോബ് മുടന്തിക്കൊണ്ട് പെനീയേൽ കടന്നപ്പോഴേക്കും സൂര്യൻ ഉദിച്ചു. അരക്കെട്ടിലെ ഞരമ്പ് ഇങ്ങനെ സ്പർശിക്കപ്പെട്ടതിനാലാണ് ഇസ്രായേൽജനം ആ ഭാഗത്തെ ഞരമ്പ് ഇപ്പോഴും ഭക്ഷിക്കാത്തത്.
GENESIS 32 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 32:1-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ