ഉൽപത്തി 31:1-42
ഉൽപത്തി 31:1-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനമൊക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു. യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരേ മുമ്പേ ഇരുന്നതു പോലെയല്ല എന്നു കണ്ടു. അപ്പോൾ യഹോവ യാക്കോബിനോട്: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു. യാക്കോബ് ആളയച്ചു റാഹേലിനെയും ലേയായെയും വയലിൽ തന്റെ ആട്ടിൻകൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു. അവരോടു പറഞ്ഞത്: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരേ മുമ്പേപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവബലത്തോടുംകൂടെ സേവിച്ചു എന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്വാൻ ദൈവം അവനെ സമ്മതിച്ചില്ല. പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു. ആടുകൾ ചനയേൽക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ: നീ തല പൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകളൊക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശം വിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു. റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നുകളഞ്ഞുവല്ലോ. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊൾക. അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്റെ കന്നുകാലികളെയൊക്കെയും താൻ സമ്പാദിച്ച സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോട് അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദുപർവതത്തിനു നേരേ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി. ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിൻതുടർന്നു ഗിലെയാദുപർവതത്തിൽ അവനോടൊപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദുപർവതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞത്: നീ എന്നെ ഒളിച്ചു പൊയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തത് എന്ത്? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടും കൂടെ നിന്നെ അയപ്പാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്ക് ഇടതരാതിരിക്കയും ചെയ്തത് എന്ത്? ഭോഷത്തമാകുന്നു നീ ചെയ്തത്. നിങ്ങളോട് ദോഷം ചെയ്വാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു. ആകട്ടെ, നിന്റെ പിതൃഭവനത്തിനായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടു പോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചത് എന്തിന്? യാക്കോബ് ലാബാനോട്: പക്ഷേ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു. എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല. അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ലതാനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു. എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനകത്ത് ഇട്ട് അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിലൊക്കെയും തിരഞ്ഞുനോക്കി, കണ്ടില്ലതാനും. അവൾ അപ്പനോട്: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും. അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്? നീ എന്റെ സാമാനമൊക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വയ്ക്കുക; അവർ നമുക്കിരുവർക്കും മധ്യേ വിധിക്കട്ടെ. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല; നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ കളവുപോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി. എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീയിപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു. ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
ഉൽപത്തി 31:1-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞങ്ങളുടെ പിതാവിന്റെ സമ്പത്തു യാക്കോബ് അപഹരിച്ചു; അങ്ങനെയാണ് ഈ സമ്പത്തെല്ലാം അവൻ നേടിയത്” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതു യാക്കോബു കേട്ടു. ലാബാന് തന്നോടു താൽപര്യം കുറയുന്നതായി അദ്ദേഹം മനസ്സിലാക്കി. അപ്പോൾ സർവേശ്വരൻ യാക്കോബിനോടു പറഞ്ഞു: “നിന്റെ പിതൃദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്കു മടങ്ങിപ്പോകുക; ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും.” തന്റെ ആട്ടിൻപറ്റം മേഞ്ഞിരുന്ന വയലിലേക്ക് എത്താൻ യാക്കോബ് റാഹേലിനെയും ലേയായെയും വിളിപ്പിച്ചു. അവരോടു പറഞ്ഞു: “നിങ്ങളുടെ പിതാവിന് എന്നോടിപ്പോൾ പണ്ടത്തെപ്പോലെ താൽപര്യമില്ല. എന്നാൽ ദൈവം എന്റെകൂടെ ഉണ്ട്. എന്റെ സർവകഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനെ ഞാൻ സേവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങളുടെ പിതാവാകട്ടെ എന്നെ ചതിച്ചു; പത്തു പ്രാവശ്യം എന്റെ പ്രതിഫലത്തിനു മാറ്റം വരുത്തി; എങ്കിലും എന്നെ ഉപദ്രവിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. ‘മറുകുള്ള ആടുകൾ നിനക്കു പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനുശേഷം ആട്ടിൻപറ്റത്തിൽ ഉണ്ടായ ആട്ടിൻകുട്ടികളെല്ലാം മറുകുള്ളവയായിത്തീർന്നു. ‘വരയുള്ള ആടുകൾ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു പറഞ്ഞശേഷം ഉണ്ടായവയെല്ലാം വരയുള്ളവ ആയിരുന്നു. ഇങ്ങനെ ദൈവം നിങ്ങളുടെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു നല്കിയിരിക്കുന്നു. ആടുകൾ ഇണചേരുന്ന സമയത്തു ഞാൻ ഒരു സ്വപ്നം കണ്ടു; ആ സ്വപ്നത്തിൽ ഇണചേർന്നതായി കണ്ട മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയായിരുന്നു; ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഇതാ ഞാൻ’ എന്നു ഞാൻ വിളികേട്ടു. ദൂതൻ പറഞ്ഞു: “നോക്കൂ, ഇണചേരുന്ന മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്; ലാബാൻ നിന്നോടു ചെയ്യുന്നതെല്ലാം ഞാൻ കാണുന്നുണ്ട്. നീ തൂണു നാട്ടി എണ്ണ അഭിഷേകം ചെയ്ത് എന്നോട് പ്രതിജ്ഞചെയ്ത ബേഥേലിൽവച്ചു നിന്നെ സന്ദർശിച്ച ദൈവമാണു ഞാൻ. നീ ഇവിടം വിട്ടു നിന്റെ ജന്മസ്ഥലത്തേക്കു പോകുക.” റാഹേലും ലേയായും പറഞ്ഞു: “പിതാവിന്റെ ഭവനത്തിൽ ഞങ്ങൾക്ക് ഇനി എന്തെങ്കിലും അവകാശമുണ്ടോ? അന്യരായിട്ടല്ലേ പിതാവ് ഞങ്ങളെ കരുതുന്നത്. ഞങ്ങളെ അദ്ദേഹം വിറ്റു; വിറ്റുകിട്ടിയ പണവും ചിലവഴിച്ചു. പിതാവിൽനിന്ന് ദൈവം എടുത്തുകളഞ്ഞ സ്വത്തുമുഴുവൻ ഞങ്ങൾക്കും ഞങ്ങളുടെ സന്താനങ്ങൾക്കും അവകാശപ്പെട്ടതാണ്; അതുകൊണ്ട് ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക.” യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി. പദ്ദൻ-അരാമിൽവച്ചു നേടിയ ആടുമാടുകൾ, മൃഗങ്ങൾ അങ്ങനെ സർവസമ്പാദ്യങ്ങളുമായി യാക്കോബ് കനാനിൽ തന്റെ പിതാവായ ഇസ്ഹാക്കിന്റെ അടുക്കലേക്കു പുറപ്പെട്ടു. അപ്പോൾ ലാബാൻ ആടുകളുടെ രോമം കത്രിക്കാൻ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേൽ തന്റെ പിതാവിന്റെ കുലദേവവിഗ്രഹങ്ങൾ അപഹരിച്ചു. നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല. സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകൾ ലക്ഷ്യമാക്കി അവർ നീങ്ങി. യാക്കോബ് ഒളിച്ചുപോയതിന്റെ മൂന്നാം ദിവസം ലാബാൻ വിവരമറിഞ്ഞു. അയാൾ ചാർച്ചക്കാരെയും കൂട്ടി ഏഴു ദിവസം യാക്കോബിനെ പിന്തുടർന്നു. ഗിലെയാദ് മലകൾക്കടുത്തുവച്ച് അവർ യാക്കോബിനെ കണ്ടെത്തി. അന്നു രാത്രി ദൈവം സ്വപ്നത്തിൽ ലാബാനു പ്രത്യക്ഷനായി പറഞ്ഞു: “നീ യാക്കോബിനെ ഭീഷണിപ്പെടുത്തരുത്.” ലാബാൻ യാക്കോബിന്റെ ഒപ്പമെത്തി; യാക്കോബ് മലമ്പ്രദേശത്ത് കൂടാരം അടിച്ചിരുന്നു; ലാബാനും കൂട്ടരും ഗിലെയാദ് മലമ്പ്രദേശത്തുതന്നെ കൂടാരമടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണ് ഇങ്ങനെ ചെയ്തത്? എന്തിനെന്നെ ചതിച്ചു? യുദ്ധത്തടവുകാരെ കൊണ്ടുപോകുന്നതുപോലെ എന്റെ പുത്രിമാരെ കൊണ്ടുപോകുന്നത് എന്ത്? നീ എന്നോടു പറയാതെ ഒളിച്ചോടിയത് എന്തുകൊണ്ട്? എന്നോടു പറഞ്ഞിരുന്നെങ്കിൽ തംബുരുവും വീണയും മീട്ടി പാട്ടും മേളവുമായി സന്തോഷത്തോടെ ഞാൻ നിങ്ങളെ യാത്ര അയയ്ക്കുമായിരുന്നില്ലേ? എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു യാത്രയാക്കാൻ നീ എനിക്ക് അവസരം നല്കാഞ്ഞതെന്ത്? നിന്നെ ഉപദ്രവിക്കാൻ എനിക്കു കഴിയും. എന്നാൽ നിന്നെ ഭീഷണിപ്പെടുത്തരുതെന്ന നിന്റെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രിയിൽ എന്നോടു കല്പിച്ചു. പിതൃഭവനത്തിലെത്താനുള്ള അതിയായ ആഗ്രഹംകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. എന്നാൽ എന്തിന് എന്റെ കുലദേവവിഗ്രഹങ്ങൾ മോഷ്ടിച്ചു?” യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പുത്രിമാരെ തടഞ്ഞുവയ്ക്കുമെന്നു ഞാൻ ഭയപ്പെട്ടു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നാൽ ആരുടെയെങ്കിലും പക്കൽ അങ്ങയുടെ കുലദേവവിഗ്രഹങ്ങൾ കണ്ടാൽ പിന്നീടയാൾ ജീവിക്കരുത്. നമ്മുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽവച്ചു പരിശോധിച്ച് അങ്ങയുടെ വക ഏതെങ്കിലും വസ്തുക്കൾ എന്റെ കൈവശം ഉണ്ടെങ്കിൽ എടുത്തുകൊള്ളുക.” റാഹേൽ അവ മോഷ്ടിച്ചു എന്നു യാക്കോബ് അറിഞ്ഞിരുന്നില്ല. യാക്കോബിന്റെയും ലേയായുടെയും ദാസിമാരുടെയും കൂടാരങ്ങളിൽ കടന്ന് അവിടെയുള്ളതെല്ലാം ലാബാൻ പരിശോധിച്ചു. എന്നാൽ വിഗ്രഹങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് റാഹേലിന്റെ കൂടാരത്തിൽ പ്രവേശിച്ചു. റാഹേൽ കുലദേവവിഗ്രഹങ്ങളെടുത്ത് ഒട്ടകത്തിന്റെ ജീനിയിലുള്ള സഞ്ചിയിലാക്കി അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരം മുഴുവൻ പരിശോധിച്ചിട്ടും അവ കണ്ടില്ല. അവൾ പറഞ്ഞു: “പിതാവേ, എന്നോടു കോപിക്കരുതേ; എനിക്കിപ്പോൾ ആർത്തവസമയമാണ്. എഴുന്നേല്ക്കാൻ കല്പിക്കരുതേ!” ലാബാൻ കൂടാരമെല്ലാം പരിശോധിച്ചിട്ടും വിഗ്രഹങ്ങൾ കണ്ടെത്തിയില്ല. യാക്കോബു രോഷത്തോടെ ലാബാനോടു ചോദിച്ചു: “ഞാൻ എന്തു കുറ്റം ചെയ്തു? ഇത്ര ആവേശത്തോടെ പിന്തുടരാൻ എന്തു തെറ്റാണ് ഞാൻ ചെയ്തത്? ഈ പരിശോധനയെല്ലാം നടത്തിയിട്ടും അങ്ങയുടെ ഭവനത്തിലെ ഏതെങ്കിലും വസ്തു കണ്ടുപിടിക്കാൻ കഴിഞ്ഞുവോ? കണ്ടുപിടിച്ചെങ്കിൽ അങ്ങയുടെയും എന്റെയും ചാർച്ചക്കാരുടെ മുമ്പിൽ അതു വയ്ക്കുക; അവർ വിധി പറയട്ടെ. ഞാൻ കഴിഞ്ഞ ഇരുപതു വർഷം അങ്ങയുടെ കൂടെ ഉണ്ടായിരുന്നു; അങ്ങയുടെ ചെമ്മരിയാടുകൾക്കോ കോലാടുകൾക്കോ ഗർഭനാശം ഉണ്ടായിട്ടില്ല. അങ്ങയുടെ പറ്റങ്ങളിൽനിന്നു ഭക്ഷണത്തിനായി മുട്ടാടുകളെ ഞാൻ എടുത്തിട്ടുമില്ല. വന്യമൃഗങ്ങൾ കടിച്ചുകീറിയ ആടുകളെ അങ്ങയുടെ അടുക്കൽ ഞാൻ കൊണ്ടുവന്നിട്ടുമില്ല; അവയുടെ നഷ്ടം ഞാൻ തന്നെയാണ് വഹിച്ചത്; രാത്രിയോ പകലോ എന്ന വ്യത്യാസം കൂടാതെ കളവുപോയ എല്ലാറ്റിനുംവേണ്ടി അങ്ങ് എന്നോടു പകരം വാങ്ങി. എന്റെ അനുഭവം അതായിരുന്നു. പകലത്തെ വെയിലും രാത്രിയിലെ ശൈത്യവും എന്നെ ക്ഷീണിപ്പിച്ചു; ഞാൻ നിദ്രാവിഹീനനായിത്തീർന്നു. “കഴിഞ്ഞ ഇരുപതു വർഷം ഞാൻ അങ്ങയുടെ ഭവനത്തിലായിരുന്നല്ലോ കഴിഞ്ഞത്. അതിൽ പതിനാലു വർഷം അങ്ങയുടെ പുത്രിമാർക്കുവേണ്ടിയും ശേഷിച്ച ആറു വർഷം ആടുകൾക്കുവേണ്ടിയും ഞാൻ വേല ചെയ്തു. ഈ കാലയളവിനുള്ളിൽ പലതവണ എന്റെ പ്രതിഫലം അങ്ങു മാറ്റിമറിച്ചു. എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവം എനിക്ക് അനുകൂലമായിരുന്നില്ലെങ്കിൽ അങ്ങ് എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. ദൈവം എന്റെ അധ്വാനവും ദുരിതങ്ങളും കണ്ടു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രിയിൽ അവിടുന്ന് അങ്ങേക്കു താക്കീതു നല്കിയത്.”
ഉൽപത്തി 31:1-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ “ഞങ്ങളുടെ അപ്പനുള്ളതെല്ലാം യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനം എല്ലാം സമ്പാദിച്ചു” എന്നു ലാബാൻ്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ യാക്കോബ് കേട്ടു. യാക്കോബ് ലാബാൻ്റെ മുഖത്തു നോക്കിയപ്പോൾ അത് തന്റെ നേരെ മുമ്പേ ഇരുന്നതു പോലെ അല്ല എന്നു കണ്ടു. അപ്പോൾ യഹോവ യാക്കോബിനോട്: “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നു അരുളിച്ചെയ്തു. യാക്കോബ് ആളയച്ച് റാഹേലിനേയും ലേയായെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കലേക്ക് വിളിപ്പിച്ചു. അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പേ ഇരുന്നതു പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടി ഉണ്ടായിരുന്നു. നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടുംകൂടി സേവിച്ചു എന്നു നിങ്ങൾക്ക് തന്നെ അറിയാമല്ലോ. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോട് ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല. ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്ക് തന്നിരിക്കുന്നു. “ആടുകൾ ചനയേല്ക്കുന്ന കാലത്ത് ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ എല്ലാം വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോട് ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോട് നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിൻ്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോകുക’ എന്നു കല്പിച്ചിരിക്കുന്നു.” റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോട് കല്പിച്ചതൊക്കെയും ചെയ്തുകൊള്ളുക.” അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദികടന്നു, ഗിലെയാദ് പർവ്വതത്തിനു നേരെ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാംദിവസം അറിവുകിട്ടി. ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടൊപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാൻ്റെ അടുക്കൽവന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പോകുകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുവാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ഭോഷത്വമാണു നീ ചെയ്തത്. നിങ്ങളോട് ദോഷം ചെയ്യുവാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു. ആകട്ടെ, നിന്റെ പിതൃഭവനത്തോടുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചത് എന്തിന്?” യാക്കോബ് ലാബാനോട്: “പക്ഷേ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് ബലമായി പിടിച്ചുവയ്ക്കും എന്നു ഞാൻ ഭയപ്പെട്ടു. എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ഗൃഹബിംബങ്ങളെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക” എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞില്ല. അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ലതാനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു. എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനുള്ളിൽ ഇട്ടു അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിൽ എല്ലായിടത്തും തിരഞ്ഞുനോക്കി, കണ്ടില്ലതാനും. അവൾ അപ്പനോട്: “യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേൽക്കുവാൻ എനിക്ക് കഴിയുകയില്ല; സ്ത്രീകൾക്കുള്ള പതിവ് എനിക്ക് വന്നിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ പരിശോധിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും. അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: “എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്? നീ എന്റെ സാധനങ്ങളൊക്കെയും പരിശോധിച്ചുവല്ലോ; നിന്റെ വീട്ടിലെ സാധനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ. “ഈ ഇരുപതു വർഷം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ മോഷണം പോയതിനെയും രാത്രി മോഷണം പോയതിനെയും നീ എന്നോട് ചോദിച്ചു. “ഇതായിരുന്നു എന്റെ അനുഭവം; പകൽ വെയിൽകൊണ്ടും രാത്രി തണുപ്പുകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി. ഈ ഇരുപതു വർഷം ഞാൻ നിന്റെ വീട്ടിൽ വസിച്ചു; പതിനാല് വർഷം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു വർഷം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി. എന്റെ പിതാവിന്റെ ദൈവമായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായംവിധിച്ചു.”
ഉൽപത്തി 31:1-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു. യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു. അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു. യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു, അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്വാൻ ദൈവം അവനെ സമ്മതിച്ചില്ല. പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു. ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റു, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു. റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ? അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക. അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിന്നു നേരെ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി. ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടു ഒപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു. നിങ്ങളോടു ദോഷം ചെയ്വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു. ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു? യാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു. എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല. അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു. എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും. അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും. അപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു? നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി. എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
ഉൽപത്തി 31:1-42 സമകാലിക മലയാളവിവർത്തനം (MCV)
“ഞങ്ങളുടെ അപ്പന്റെ സ്വന്തമായിരുന്നതെല്ലാം യാക്കോബ് എടുത്തു; അപ്പന്റെ സ്വത്തിൽനിന്ന് അദ്ദേഹം ഈ ധനമെല്ലാം സമ്പാദിച്ചിരിക്കുന്നു,” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതായി യാക്കോബ് കേട്ടു. ലാബാനു തന്നോടുള്ള മനോഭാവം പണ്ടത്തേതിൽനിന്ന് മാറിപ്പോയിരിക്കുന്നു എന്നതും യാക്കോബ് ശ്രദ്ധിച്ചു. അപ്പോൾ യഹോവ യാക്കോബിനോട്, “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് അരുളിച്ചെയ്തു. യാക്കോബ് ആളയച്ച് റാഹേലിനെയും ലേയയെയും തന്റെ ആട്ടിൻപറ്റങ്ങൾ മേയുന്ന വയലിലേക്കു വിളിപ്പിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ അപ്പന് എന്നോടുള്ള മനോഭാവം മാറിപ്പോയിരിക്കുന്നു എന്നു ഞാൻ കാണുന്നു; എന്നാൽ എന്റെ പിതാവിന്റെ ദൈവം ഇതുവരെയും എന്നോടുകൂടെയിരുന്നു. എന്റെ കഴിവു മുഴുവൻ ഉപയോഗിച്ചു ഞാൻ നിങ്ങളുടെ അപ്പനുവേണ്ടി ജോലിചെയ്തുവെന്നു നിങ്ങൾക്കറിയാമല്ലോ; എന്നാൽ നിങ്ങളുടെ അപ്പൻ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റുകയും അങ്ങനെ എന്നെ കബളിപ്പിക്കുകയും ചെയ്തു. ഏതായിരുന്നാലും എനിക്കു ദോഷം ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആട്ടിൻപറ്റങ്ങളെല്ലാം പുള്ളിയുള്ള കുട്ടികളെ പ്രസവിച്ചു; ‘വരയുള്ളതെല്ലാം നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴെല്ലാം ആട്ടിൻപറ്റങ്ങൾ വരയുള്ള കുട്ടികളെ പെറ്റു. അങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻപറ്റത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു. “ആടുകൾ ചനയേൽക്കുന്ന കാലത്ത്, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവയാണെന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു. ദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ ‘യാക്കോബേ,’ എന്നു വിളിച്ചു. ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു. അപ്പോൾ അവിടന്ന്: ‘നീ തലയുയർത്തി നോക്കുക, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവതന്നെ; ലാബാൻ നിന്നോടു ചെയ്തുപോന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകംചെയ്തതും എന്നോടു ശപഥംചെയ്തതുമായ ബേഥേലിലെ ദൈവമാണ് ഞാൻ. നീ ഉടൻതന്നെ ഈ ദേശംവിട്ട് നിന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകുക എന്ന് അരുളിച്ചെയ്തു.’ ” അപ്പോൾ റാഹേലും ലേയയും ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങളുടെ പിതാവിന്റെ സ്വത്തിൽ ഞങ്ങൾക്ക് അവകാശപ്പെട്ട ഓഹരി ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ? അദ്ദേഹം ഞങ്ങളെ പ്രവാസികളായിട്ടല്ലയോ കണക്കാക്കുന്നത്? ഞങ്ങളെ വിൽക്കുകമാത്രമല്ല, ഞങ്ങളുടെ വിലയായി ലഭിച്ചത് ഉപയോഗിച്ചുതീർക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ പിതാവിന്റെ പക്കൽനിന്ന് ദൈവം നീക്കംചെയ്ത സ്വത്തുക്കൾ എല്ലാം ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് ദൈവം അങ്ങയോട് എന്തു പറഞ്ഞിരിക്കുന്നോ അതു ചെയ്തുകൊൾക.” ഇതിനുശേഷം യാക്കോബ് തന്റെ കുട്ടികളെയും ഭാര്യമാരെയും ഒട്ടകങ്ങളുടെ പുറത്തു കയറ്റി; തനിക്കുള്ള സകല ആടുമാടുകളും പദ്ദൻ-അരാമിൽവെച്ചു സമ്പാദിച്ച എല്ലാ വസ്തുക്കളും തനിക്കുമുമ്പേ അയച്ചു; ഇങ്ങനെ കനാൻദേശത്തു തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുക്കലേക്ക് അദ്ദേഹം യാത്രപുറപ്പെട്ടു. ലാബാൻ തന്റെ ആടുകളുടെ രോമം കത്രിക്കുന്നതിനു പോയിരുന്നപ്പോൾ റാഹേൽ അവളുടെ അപ്പന്റെ ഗൃഹബിംബങ്ങൾ മോഷ്ടിച്ചു. യാക്കോബും താൻ ഓടിപ്പോകുന്നെന്ന് അരാമ്യനായ ലാബാനോട് അറിയിക്കാതിരുന്നതു നിമിത്തം അദ്ദേഹത്തെ കബളിപ്പിച്ചാണു പോയത്. അങ്ങനെ തനിക്കുള്ള സകലവുമായി യാക്കോബ് ഓടിപ്പോയി; അദ്ദേഹം യൂഫ്രട്ടീസ് നദികടന്ന് ഗിലെയാദ് പർവതം ലക്ഷ്യമാക്കി യാത്രതുടർന്നു. യാക്കോബ് ഓടിപ്പോയി എന്നു മൂന്നാംദിവസം ലാബാന് അറിവുലഭിച്ചു. അദ്ദേഹം തന്റെ ബന്ധുക്കളെക്കൂട്ടി ഏഴുദിവസം യാക്കോബിനെ പിൻതുടർന്നു; ഗിലെയാദിലെ മലമ്പ്രദേശത്തുവെച്ച് യാക്കോബിനൊപ്പമെത്തി. എന്നാൽ, ദൈവം രാത്രിയിൽ—അരാമ്യനായ ലാബാന്റെ അടുക്കൽ—സ്വപ്നത്തിൽ വന്ന് അയാളോട്, “നീ യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരിക്കാൻ സൂക്ഷിക്കുക” എന്ന് അരുളിച്ചെയ്തു. ലാബാൻ തന്റെ മുന്നിൽ കയറിയ സമയം യാക്കോബ് ഗിലെയാദിലെ മലമ്പ്രദേശത്തു കൂടാരം അടിച്ചിരുന്നു. ലാബാനും തന്റെ ബന്ധുക്കളോടൊപ്പം ഗിലെയാദ് പർവതത്തിൽ കൂടാരം അടിച്ചു. പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണു ചെയ്തത്? എന്നെ കബളിപ്പിച്ച് എന്റെ പെൺമക്കളെ യുദ്ധത്തടവുകാരെപ്പോലെ കൊണ്ടുപോന്നിരിക്കുന്നു! എന്തിനാണ് ഒളിച്ചോടുകയും എന്നെ വഞ്ചിക്കുകയും ചെയ്തത്? എന്നോടു നീ പറയാതിരുന്നതെന്ത്? പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തംബുരു, കിന്നരം എന്നിവയുടെ സംഗീതത്തോടുകൂടി സന്തോഷത്തോടെ യാത്രയയയ്ക്കുമായിരുന്നു? എന്റെ കൊച്ചുമക്കളെയും പെൺമക്കളെയും ചുംബിച്ചു യാത്രയയയ്ക്കാനുള്ള അവസരംപോലും നീ എനിക്കു തന്നില്ല. നീ ചെയ്തത് ഭോഷത്തമാണ്. നിനക്കു ദോഷം ചെയ്യാൻ എനിക്കു ശക്തിയുണ്ട്; എന്നാൽ, കഴിഞ്ഞരാത്രിയിൽ നിന്റെ അപ്പന്റെ ദൈവം ‘യാക്കോബിനോടു ഗുണമോ ദോഷമോ ഒന്നും പറയാതിരിക്കാൻ സൂക്ഷിക്കുക’ എന്ന് എന്നോടു കൽപ്പിച്ചു. നീ ഇപ്പോൾ അപ്പന്റെ വീട്ടിൽ എത്താനുള്ള മോഹംകൊണ്ടാണു പോന്നത്. ആകട്ടെ, എന്റെ ദേവന്മാരെ നീ മോഷ്ടിച്ചതെന്തിന്?” അതിനുത്തരമായി യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പെൺമക്കളെ എന്റെ പക്കൽനിന്നു കൊണ്ടുപോകും എന്നു ഞാൻ ചിന്തിച്ച് ഭയപ്പെട്ടു. എന്നാൽ, അങ്ങയുടെ ദേവന്മാരെ ആരുടെയെങ്കിലും കൈവശം കണ്ടാൽ ആ വ്യക്തി ജീവിച്ചിരിക്കരുത്. അങ്ങയുടെ വസ്തുക്കളിൽ എന്തെങ്കിലും ഇവിടെ എന്റെപക്കൽ ഉണ്ടോ എന്ന് നമ്മുടെ ബന്ധുക്കളുടെമുമ്പിൽവെച്ചു പരിശോധിക്കുക; ഉണ്ടെങ്കിൽ എടുത്തുകൊള്ളുക.” എന്നാൽ, റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞിരുന്നില്ല. ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും ദാസിമാരുടെ രണ്ടുപേരുടെയും കൂടാരത്തിലും ചെന്നു; എന്നാൽ ഒന്നും കണ്ടെടുത്തില്ല. ലേയയുടെ കൂടാരത്തിൽനിന്നു പുറത്തുവന്നതിനുശേഷം അദ്ദേഹം റാഹേലിന്റെ കൂടാരത്തിലേക്കുചെന്നു. റാഹേൽ ഗൃഹബിംബങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിയിൽ വെച്ചിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിനുള്ളിലുള്ള സകലതും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. റാഹേൽ തന്റെ പിതാവിനോട്, “പ്രഭോ, അങ്ങു കോപിക്കരുതേ, അടിയന് സ്ത്രീകൾക്കുള്ള പതിവു വന്നിരിക്കുന്നതിനാൽ അങ്ങയുടെ സന്നിധിയിൽ എഴുന്നേറ്റു നിൽക്കാൻ വയ്യാ” എന്നു പറഞ്ഞു. അദ്ദേഹം എല്ലായിടത്തും ഗൃഹബിംബങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. യാക്കോബ് കോപിഷ്ഠനായി; അദ്ദേഹം ലാബാനോടു കയർത്തു: “എന്താണ് എന്റെ കുറ്റം? എന്നെ വേട്ടയാടാൻ ഞാൻ ചെയ്ത അപരാധം എന്ത്? താങ്കൾ എന്റെ വസ്തുവകകളെല്ലാം അരിച്ചുപെറുക്കി നോക്കിയല്ലോ! താങ്കളുടെ വീട്ടിലെ ഏതെങ്കിലും സാധനം കണ്ടെടുത്തോ? എങ്കിൽ അത് ഇവിടെ താങ്കളുടെയും എന്റെയും ബന്ധുക്കളുടെയും മുമ്പാകെ വെക്കുക; അവർ നമുക്കു രണ്ടുപേർക്കും മധ്യേ ന്യായംവിധിക്കട്ടെ. “കഴിഞ്ഞ ഇരുപതുവർഷം ഞാൻ താങ്കളുടെകൂടെ ജീവിച്ചു; താങ്കളുടെ ചെമ്മരിയാടുകൾക്കോ കോലാടുകൾക്കോ ഗർഭനാശം സംഭവിച്ചില്ല; ആട്ടിൻപറ്റങ്ങളിൽനിന്ന് ആട്ടുകൊറ്റന്മാരെ ഞാൻ തിന്നിട്ടുമില്ല. വന്യജന്തുക്കൾ കീറിക്കളഞ്ഞവയെ ഞാൻ താങ്കളുടെ അടുക്കൽ എത്തിച്ചില്ല; നഷ്ടം ഞാൻതന്നെ സഹിച്ചു. പകലാകട്ടെ രാത്രിയാകട്ടെ, മോഷ്ടിക്കപ്പെട്ട സകലതിന്റെയും വില താങ്കൾ എന്നോട് ആവശ്യപ്പെട്ടു. എന്റെ സ്ഥിതി ഇതായിരുന്നു: പകലിൽ അത്യുഷ്ണവും രാത്രിയിൽ അതിശൈത്യവും എന്നെ ക്ഷയിപ്പിച്ചു; എന്റെ കണ്ണുകൾക്ക് ഉറക്കം ഇല്ലാതെയായി. ഞാൻ താങ്കളുടെ വീട്ടിൽ ചെലവഴിച്ച ഇരുപതുവർഷവും സ്ഥിതി ഇതുതന്നെ ആയിരുന്നു. താങ്കളുടെ രണ്ടു പുത്രിമാർക്കുവേണ്ടി പതിന്നാലു വർഷവും താങ്കളുടെ ആട്ടിൻപറ്റങ്ങൾക്കുവേണ്ടി ആറു വർഷവും ഞാൻ താങ്കളെ സേവിച്ചു; താങ്കൾ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റി. എന്റെ പിതാവിന്റെ ദൈവം—അതേ, അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ—എന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ താങ്കൾ എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. എന്നാൽ ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അത്യധ്വാനവും കാണുകയും കഴിഞ്ഞരാത്രിയിൽ താങ്കളെ ശാസിക്കുകയും ചെയ്തിരിക്കുന്നു.”