ഉൽപത്തി 28:10-22

ഉൽപത്തി 28:10-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായിവച്ച് അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും. അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു. അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ വാതിൽ തന്നെ എന്നു പറഞ്ഞു. യാക്കോബ് അതികാലത്ത് എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർ വിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു. യാക്കോബ് ഒരു നേർച്ച നേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

ഉൽപത്തി 28:10-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബ് ബേർ-ശേബയിൽനിന്നു ഹാരാനിലേക്കു പുറപ്പെട്ടു; വഴിമധ്യേ ഒരു സ്ഥലത്തു രാപാർത്തു; ഒരു കല്ലെടുത്തു തലയിണയായിവച്ച് ഉറങ്ങാൻ കിടന്നു; ഉറക്കത്തിൽ യാക്കോബ് ഒരു സ്വപ്നം കണ്ടു; ഭൂമിയിൽനിന്നു സ്വർഗംവരെ എത്തുന്ന ഒരു ഗോവണി. അതിലൂടെ ദൈവത്തിന്റെ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിന്റെ മുകളിൽ നിന്നുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമായ സർവേശ്വരനാകുന്നു. നീ കിടക്കുന്ന ഈ സ്ഥലം മുഴുവൻ നിനക്കും നിന്റെ ഭാവിതലമുറകൾക്കും അവകാശമായി നല്‌കും; നിന്റെ സന്തതികൾ ഭൂമിയിലെ മൺതരിപോലെ അസംഖ്യമാകും; അവർ നാനാ ദിക്കിലേക്കും വ്യാപിക്കും; നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും. ഞാൻ നിന്റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാൻ നിന്നെ മടക്കിക്കൊണ്ടുവരും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.” യാക്കോബ് ഉറക്കമുണർന്ന് പറഞ്ഞു: “തീർച്ചയായും സർവേശ്വരൻ ഇവിടെയുണ്ട്; “ഞാൻ അതറിഞ്ഞിരുന്നില്ല.” അയാൾ ഭയപ്പെട്ടു: “എത്ര വിശുദ്ധമായ സ്ഥലമാണിത്! ഇതു ദൈവത്തിന്റെ ആലയമാണ്; സ്വർഗകവാടം തന്നെ” എന്നു പറഞ്ഞു. യാക്കോബ് അതിരാവിലെ എഴുന്നേറ്റു; തലയിണയായി ഉപയോഗിച്ചിരുന്ന കല്ല് തൂണായി നാട്ടി; അതിന്റെ മുകളിൽ എണ്ണ പകർന്നു. ആ സ്ഥലത്തിനു ബേഥേൽ എന്നു പേരു വിളിച്ചു. ലൂസ് എന്നായിരുന്നു അതിന്റെ പഴയ പേര്. യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്റെ കൂടെ ഇരിക്കുകയും ഞാൻ പോകുന്ന വഴിയിൽ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്‌കുകയും സമാധാനത്തോടെ എന്റെ പിതാവിന്റെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്താൽ സർവേശ്വരൻ എന്റെ ദൈവമായിരിക്കും. തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിരിക്കും. അവിടുന്ന് എനിക്കു നല്‌കുന്ന എല്ലാ വസ്തുവകകളുടെയും ദശാംശം ഞാൻ അവിടുത്തേക്ക് അർപ്പിക്കുകയും ചെയ്യും.”

ഉൽപത്തി 28:10-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു ഹാരാനിലേക്ക് പോയി. അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചതു കൊണ്ടു അവിടെ രാത്രിപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി വച്ചു അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവണി; അതിന്‍റെ മുകളറ്റം സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന് സമീപത്ത് യഹോവ നിന്നു അരുളിച്ചെയ്തത്: “ഞാൻ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും, യിസ്ഹാക്കിന്‍റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്‍റെ സന്തതിക്കും തരും. നിന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ ദേശത്തേക്ക് നിന്നെ മടക്കിവരുത്തും; ഞാൻ നിന്നോട് അരുളിച്ചെയ്തത് നിവർത്തിക്കുന്നതുവരെ ഞാൻ നിന്നെ കൈവിടുകയില്ല.” അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു. അവൻ ഭയപ്പെട്ടു: “ഈ സ്ഥലം എത്ര ഭയങ്കരം! ഇത് ദൈവത്തിന്‍റെ ആലയമല്ലാതെ മറ്റൊന്നുമല്ല; ഇത് സ്വർഗ്ഗത്തിൻ്റെ വാതിൽ തന്നെ” എന്നു പറഞ്ഞു. യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന് ലൂസ് എന്നു പേരായിരുന്നു. യാക്കോബ് ഒരു നേർച്ചനേർന്നു: “ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിക്കുവാൻ ആഹാരവും ധരിക്കുവാൻ വസ്ത്രവും എനിക്ക് തരികയും എന്നെ എന്‍റെ അപ്പന്‍റെ വീട്ടിലേക്ക് സമാധാനത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്ക് ദൈവമായിരിക്കും. ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്‍റെ ആലയവും ആകും. നീ എനിക്ക് തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും” എന്നു പറഞ്ഞു.

ഉൽപത്തി 28:10-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും. അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു. അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു. യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു. യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

ഉൽപത്തി 28:10-22 സമകാലിക മലയാളവിവർത്തനം (MCV)

യാക്കോബ് ബേർ-ശേബ വിട്ട് ഹാരാനിലേക്കു യാത്രയായി. അദ്ദേഹം ഒരു സ്ഥലത്തെത്തിയപ്പോൾ, സൂര്യൻ അസ്തമിച്ചിരുന്നതുകൊണ്ട് അവിടെ രാത്രി കഴിച്ചുകൂട്ടി. അവിടെ ഉണ്ടായിരുന്ന കല്ലുകളിൽ ഒന്നെടുത്ത് തലയിണയായി വെച്ച് കിടന്നുറങ്ങി. അദ്ദേഹം ഒരു സ്വപ്നംകണ്ടു: ഭൂമിയിൽ വെച്ചിട്ടുള്ള ഒരു കോവണി. അത് സ്വർഗത്തോളം എത്തുന്നു! അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിനുമീതേ യഹോവ നിന്നു. അവിടന്ന് ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ദൈവമായ യഹോവ ആകുന്നു. നീ ഇപ്പോൾ കിടക്കുന്ന സ്ഥലം ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതികൾ ഭൂമിയിലെ പൊടിപോലെ അസംഖ്യമായിത്തീരും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതിയിലൂടെയും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.” യാക്കോബ് ഉറക്കത്തിൽനിന്ന് ഉണർന്നു, “യഹോവ നിശ്ചയമായും ഈ സ്ഥലത്തുണ്ട്; ഞാനോ, അത് അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞു. അദ്ദേഹം ഭയപ്പെട്ട്, “ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവഭവനമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ കവാടംതന്നെ” എന്നു പറഞ്ഞു. പിറ്റേന്ന് അതിരാവിലെ യാക്കോബ്, താൻ തലയിണയായി വെച്ചിരുന്ന കല്ല് എടുത്ത് തൂണായി നാട്ടിനിർത്തി അതിനുമീതേ എണ്ണ ഒഴിച്ചു. അദ്ദേഹം ആ സ്ഥലത്തിനു ബേഥേൽ എന്നു പേരിട്ടു; ലൂസ് എന്ന പേരിലായിരുന്നു ആ പട്ടണം അറിയപ്പെട്ടിരുന്നത്. ഇതിനുശേഷം യാക്കോബ് ഒരു നേർച്ച നേർന്നു: “ദൈവം എന്നോടുകൂടെയിരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാത്തുകൊള്ളുകയും ഭക്ഷിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും നൽകുകയും എന്റെ പിതാവിന്റെ ഭവനത്തിൽ സുരക്ഷിതമായി എന്നെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എന്റെ ദൈവമായിരിക്കും; ഞാൻ തൂണായി നാട്ടിയ കല്ല് ദൈവത്തിന്റെ ഭവനമായിത്തീരും; അവിടന്ന് എനിക്കു നൽകുന്ന എല്ലാറ്റിന്റെയും പത്തിലൊന്ന് ഞാൻ അവിടത്തേക്കു നൽകും” എന്നു പറഞ്ഞു.