ഉല്പ. 28
28
1അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: “നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്. 2എഴുന്നേറ്റ്, പദ്ദൻ-അരാമിൽ നിന്‍റെ അമ്മയുടെ അപ്പനായ ബെഥൂവേലിൻ്റെ വീട്ടിൽ ചെന്നു നിന്‍റെ അമ്മയുടെ സഹോദരനായ ലാബാൻ്റെ പുത്രിമാരിൽനിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക. 3സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി വർദ്ധിപ്പിക്കുകയും 4ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്‍റെ അനുഗ്രഹം നിനക്കും നിന്‍റെ സന്തതിക്കും നൽകുകയും ചെയ്യുമാറാകട്ടെ.”
5അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിൻ്റെ മകനും യാക്കോബിന്‍റെയും ഏശാവിൻ്റെയും അമ്മയായ റിബെക്കായുടെ സഹോദരനുമായ ലാബാൻ്റെ അടുക്കൽ പോയി. 6യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ച് പദ്ദൻ-അരാമിൽനിന്ന് ഒരു ഭാര്യയെ എടുക്കുവാൻ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്” എന്നു അവനോട് കല്പിച്ചതും 7യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ, 8കനാന്യസ്ത്രീകൾ തന്‍റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ടു 9ഏശാവ് യിശ്മായേലിന്‍റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്‍റെ മകനായ യിശ്മായേലിന്‍റെ മകളും നെബായോത്തിൻ്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
യാക്കോബിന്‍റെ സ്വപ്നം
10എന്നാൽ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു ഹാരാനിലേക്ക് പോയി. 11അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചതു കൊണ്ടു അവിടെ രാത്രിപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി വച്ചു അവിടെ കിടന്നുറങ്ങി. 12അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവണി; അതിന്‍റെ മുകളറ്റം സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. 13അതിന് സമീപത്ത് യഹോവ നിന്നു അരുളിച്ചെയ്തത്: “ഞാൻ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും, യിസ്ഹാക്കിന്‍റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്‍റെ സന്തതിക്കും തരും. 14നിന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. 15ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ ദേശത്തേക്ക് നിന്നെ മടക്കിവരുത്തും; ഞാൻ നിന്നോട് അരുളിച്ചെയ്തത് നിവർത്തിക്കുന്നതുവരെ ഞാൻ നിന്നെ കൈവിടുകയില്ല.”
16അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു. 17അവൻ ഭയപ്പെട്ടു: “ഈ സ്ഥലം എത്ര ഭയങ്കരം! ഇത് ദൈവത്തിന്‍റെ ആലയമല്ലാതെ മറ്റൊന്നുമല്ല; ഇത് സ്വർഗ്ഗത്തിൻ്റെ വാതിൽ തന്നെ” എന്നു പറഞ്ഞു.
18യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. 19അവൻ ആ സ്ഥലത്തിനു ബേഥേൽ#28:19 ദൈവത്തിന്‍റെ ഭവനം എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന് ലൂസ് എന്നു പേരായിരുന്നു.
20യാക്കോബ് ഒരു നേർച്ചനേർന്നു: “ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിക്കുവാൻ ആഹാരവും ധരിക്കുവാൻ വസ്ത്രവും എനിക്ക് തരികയും 21എന്നെ എന്‍റെ അപ്പന്‍റെ വീട്ടിലേക്ക് സമാധാനത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്ക് ദൈവമായിരിക്കും. 22ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്‍റെ ആലയവും ആകും. നീ എനിക്ക് തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും” എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉല്പ. 28: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.