ഉൽപത്തി 26:17-35

ഉൽപത്തി 26:17-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ യിസ്ഹാക് അവിടെനിന്നു പുറപ്പെട്ടു ഗെരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർതന്നെ ഇട്ടു. യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്‌വരയിൽ കുഴിച്ചു; നീരുറവുള്ള ഒരു കിണറ് കണ്ടു. അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ട് അവൻ ആ കിണറ്റിന് ഏശെക് എന്നു പേർ വിളിച്ചു. അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേർ വിളിച്ചു. അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർധിക്കുമെന്നു പറഞ്ഞ് അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു. അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി. അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമാകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു. അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു. യിസ്ഹാക് അവരോട്: നിങ്ങൾ എന്തിന് എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽ നിന്ന് അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു. അതിന് അവർ: യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽത്തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം. ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു. അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു. അവർ അതികാലത്ത് എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക് അവരെ യാത്രയയച്ചു, അവർ സമാധാനത്തോടെ പിരിഞ്ഞുപോയി. ആ ദിവസംതന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു: ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേർ. ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.

ഉൽപത്തി 26:17-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്ഹാക്ക് അവിടംവിട്ടു ഗെരാർതാഴ്‌വരയിൽ ചെന്നു കൂടാരമടിച്ചു കുറെനാൾ അവിടെ പാർത്തു. തന്റെ പിതാവായ അബ്രഹാമിന്റെ കാലത്തു കുഴിപ്പിച്ചിരുന്നതും പില്‌ക്കാലത്ത് അദ്ദേഹത്തിന്റെ മരണശേഷം ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകൾ ഇസ്ഹാക്ക് വീണ്ടും കുഴിപ്പിച്ചു. അവയ്‍ക്ക് അബ്രഹാം നല്‌കിയിരുന്ന പേരുകൾ തന്നെ വീണ്ടും നല്‌കി. ഇസ്ഹാക്കിന്റെ ഭൃത്യന്മാർ താഴ്‌വരയിൽ ഒരു കിണർ കുഴിച്ചു. അതിൽ കുതിച്ചുയരുന്ന നീരുറവ കണ്ടു. അതിന്റെ അവകാശത്തെപ്പറ്റി ഗെരാറിലെ ഇടയന്മാരും ഇസ്ഹാക്കിന്റെ ഇടയന്മാരും തമ്മിൽ തർക്കമുണ്ടായതുകൊണ്ട് ഇസ്ഹാക്ക് ആ കിണറിനു ‘ഏശെക്ക്’ എന്നു പേരിട്ടു. ഇസ്ഹാക്കിന്റെ ഭൃത്യന്മാർ മറ്റൊരു കിണർ കുഴിച്ചു; അതിനെപ്പറ്റിയും തർക്കമുണ്ടായതുകൊണ്ട് അതിനെ സിത്നാ എന്നു പേരു വിളിച്ചു. ഇസ്ഹാക്ക് അവിടെനിന്നു മാറി വേറൊരു കിണർ കുഴിപ്പിച്ചു. അതിനെക്കുറിച്ചു തർക്കമൊന്നുമുണ്ടായില്ല. “സർവേശ്വരൻ നമുക്ക് ഇടം നല്‌കിയിരിക്കുന്നു; ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും” എന്നു പറഞ്ഞ് ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു. ഇസ്ഹാക്ക് അവിടെനിന്നു ബേർ-ശേബയിലേക്കുപോയി. ആ രാത്രിയിൽ സർവേശ്വരൻ ഇസ്ഹാക്കിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെ ദൈവമാകുന്നു; ഞാൻ നിന്റെകൂടെ ഉള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ. അബ്രഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ച് നിന്റെ സന്തതിയെ ഒരു വലിയ ജനതയാക്കും.” ഇസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. അവിടെ അദ്ദേഹം കൂടാരമടിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ അവിടെ ഒരു കിണർ കുഴിച്ചു. ഇതിനിടയ്‍ക്ക് അബീമേലെക്ക്, സ്വന്തം ഉപദേശകനായ അഹൂസത്ത്, സൈന്യാധിപനായ ഫീക്കോൽ എന്നിവരോടുകൂടി ഇസ്ഹാക്കിനെ സന്ദർശിച്ചു. “എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടിൽനിന്ന് ഓടിച്ചുകളയുകയും ചെയ്ത നിങ്ങൾ എന്തിന് എന്റെ അടുക്കൽ വന്നിരിക്കുന്നു” എന്ന് ഇസ്ഹാക്ക് ചോദിച്ചു. അവർ പറഞ്ഞു: “സർവേശ്വരൻ അങ്ങയുടെ കൂടെയുണ്ട് എന്നു ഞങ്ങൾക്കു വ്യക്തമായിരിക്കുന്നു. അതിനാൽ നാം തമ്മിൽ പ്രതിജ്ഞ ചെയ്യാം; നമുക്ക് ഒരു ഉടമ്പടി ഉണ്ടാക്കാം. ഞങ്ങൾ അങ്ങയെ ഉപദ്രവിച്ചില്ല; നന്മയേ ചെയ്തുള്ളൂ. അങ്ങയെ സമാധാനപൂർവം പോകാൻ അനുവദിക്കുകയും ചെയ്തു. അതുപോലെതന്നെ അങ്ങ് ഞങ്ങളോടും പെരുമാറുക. ഇപ്പോൾ അങ്ങ് സർവേശ്വരനാൽ അനുഗൃഹീതനാണ്.” ഇസ്ഹാക്ക് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി, അവർ ഭക്ഷിച്ചു പാനം ചെയ്തു. പിറ്റേദിവസം അതിരാവിലെ അവർ എഴുന്നേറ്റ് പരസ്പരം പ്രതിജ്ഞ ചെയ്തു. അതിനുശേഷം ഇസ്ഹാക്ക് അവരെ യാത്രയാക്കി. അവർ സമാധാനത്തോടെ പോകുകയും ചെയ്തു. അന്നുതന്നെ ഇസ്ഹാക്കിന്റെ ഭൃത്യന്മാർ, തങ്ങൾ കുഴിച്ച കിണറ്റിൽ വെള്ളം കണ്ട വിവരം ഇസ്ഹാക്കിനെ അറിയിച്ചു. അദ്ദേഹം അതിനു ശീബാ എന്നു പേരിട്ടു. അതുകൊണ്ട് ആ പട്ടണത്തിനു ബേർ-ശേബാ എന്നു പേരായി. നാല്പതാമത്തെ വയസ്സിൽ ഏശാവ് ഹിത്യനായ ബേരിയുടെ മകൾ യെഹൂദിത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു. അവർ ഇസ്ഹാക്കിന്റെയും റിബേക്കായുടെയും ജീവിതം ദുരിതപൂർണമാക്കി.

ഉൽപത്തി 26:17-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങനെ യിസ്ഹാക്ക് അവിടെനിന്ന് പുറപ്പെട്ടു ഗെരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. തന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്ത് കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ച്, തന്‍റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർ തന്നെ ഇട്ടു. യിസ്ഹാക്കിന്‍റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു അവിടെ നീരുറവുള്ള ഒരു കിണറ് കണ്ടു. അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത്” എന്നു പറഞ്ഞു യിസ്ഹാക്കിന്‍റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ ആ കിണറിന് ഏശെക് എന്നു പേർവിളിച്ചു. അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ വഴക്കിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേരുവിളിച്ചു. അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിന് രെഹോബോത്ത് എന്നു പേരിട്ടു. അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി. അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: “ഞാൻ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്‍റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്‍റെ സന്തതിയെ വർദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു. അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്‍റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്‍റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സൈന്യാധിപനായ പീക്കോലും ഗെരാരിൽനിന്ന് അവന്‍റെ അടുക്കൽ വന്നു. യിസ്ഹാക്ക് അവരോട്: “നിങ്ങൾ എന്തിന് എന്‍റെ അടുക്കൽ വന്നു? നിങ്ങൾ എന്നെ ദ്വേഷിച്ച് നിങ്ങളുടെ ഇടയിൽനിന്ന് പറഞ്ഞയച്ചതല്ലേ” എന്നു പറഞ്ഞു. അതിന് അവർ: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ട് നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, സത്യം ചെയ്തു ഒരു ഉടമ്പടിയുണ്ടായിരിക്കേണം. ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ” എന്നു പറഞ്ഞു. അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനംചെയ്തു. അവർ അതിരാവിലെ എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി. ആ ദിവസം തന്നെ യിസ്ഹാക്കിന്‍റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറിന്‍റെ വിവരം അവനെ അറിയിച്ചു: “ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. അവൻ അതിന് ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേരാകുന്നു. ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോൻ്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു. ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനഹേതുവായി തീർന്നു.

ഉൽപത്തി 26:17-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു. യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്‌വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു. അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെക് എന്നു പേർ വിളിച്ചു. അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു. അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു. അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി. അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു. യിസ്ഹാക്ക് അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു. അതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നേ, ഒരു സത്യബന്ധമുണ്ടായിരിക്കേണം. ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു. അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു. അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി. ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു: ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ. ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.

ഉൽപത്തി 26:17-35 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ യിസ്ഹാക്ക് അവിടം വിട്ടുപോയി ഗെരാർ താഴ്വരയിൽ താമസം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിപ്പിച്ചിരുന്നതും അബ്രാഹാമിന്റെ മരണശേഷം ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് വീണ്ടും കുഴിപ്പിച്ച്, അവയ്ക്ക് തന്റെ പിതാവ് ഇട്ടിരുന്ന അതേ പേരുകൾതന്നെ വീണ്ടും നൽകി. യിസ്ഹാക്കിന്റെ ദാസന്മാരും ഈ താഴ്വരയിൽ ശുദ്ധജലമുള്ള ഒരു കിണർ കുഴിച്ചു. എന്നാൽ, ഗെരാരിലെ കന്നുകാലികളുടെ ഇടയന്മാർ യിസ്ഹാക്കിന്റെ കന്നുകാലികളുടെ ഇടയന്മാരോട് “ഈ വെള്ളം ഞങ്ങൾക്കുള്ളതാണ്” എന്നു പറഞ്ഞ് വഴക്കിട്ടു. അവർ തന്നോടു ശണ്ഠകൂടിയതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശെക്ക് എന്നു പേരിട്ടു. പിന്നെ അവർ മറ്റൊരു കിണർ കുഴിച്ചു; എന്നാൽ അതിനെ സംബന്ധിച്ചും അവർ വഴക്കുണ്ടാക്കി; അതുകൊണ്ട് അദ്ദേഹം അതിനു സിത്നാ എന്നു പേരിട്ടു. അദ്ദേഹം അവിടെനിന്നും നീങ്ങി മറ്റൊരു കിണർ കുഴിപ്പിച്ചു; അതിന്റെപേരിൽ ആരും ശണ്ഠയുണ്ടാക്കിയില്ല. “യഹോവ ഇപ്പോൾ നമുക്ക് ആവശ്യമുള്ള സ്ഥലം തന്നിരിക്കുന്നു, നമ്മൾ ദേശത്ത് അഭിവൃദ്ധിപ്പെടും” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു. അവിടെനിന്നും അദ്ദേഹം ബേർ-ശേബയിലേക്കു പോയി. അന്നുരാത്രി യഹോവ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമാകുന്നു. ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്റെ പിൻഗാമികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.” യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു. അവിടെ അദ്ദേഹം തന്റെ കൂടാരം ഉറപ്പിക്കുകയും ദാസന്മാർ ഒരു കിണർ കുഴിക്കുകയും ചെയ്തു. ഇതേസമയം അബീമെലെക്ക് തന്റെ ഉപദേഷ്ടാവായ അഹൂസ്സത്തിനെയും സൈന്യാധിപനായ ഫിക്കോലിനെയും കൂട്ടിക്കൊണ്ട് ഗെരാരിൽനിന്ന് യിസ്ഹാക്കിന്റെ അടുത്തെത്തി. യിസ്ഹാക്ക് അവരോട്, “നിങ്ങൾ എന്തിനാണ് എന്റെ അടുക്കൽ എത്തിയത്? എന്നോടുള്ള പകനിമിത്തം നിങ്ങൾ എന്നെ ദൂരേക്ക് അയച്ചതല്ലയോ?” എന്നു ചോദിച്ചു. അതിന് അവർ ഉത്തരം പറഞ്ഞത്: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളും നീയുംതമ്മിൽ ‘ശപഥംചെയ്ത് ഒരു സമാധാനയുടമ്പടി ഉറപ്പിക്കേണ്ടതാണ്’ എന്നു ഞങ്ങൾ പറഞ്ഞു. ഞങ്ങൾ നിനക്ക് ഒരു ദോഷവും ചെയ്തിട്ടില്ല; നിന്നോട് എപ്പോഴും നന്നായി വർത്തിക്കുകയും സമാധാനത്തോടെ നിന്നെ യാത്രയാക്കുകയും ചെയ്തു. അതുപോലെ നീ ഞങ്ങൾക്കും ദോഷമൊന്നും ചെയ്യുകയില്ലെന്ന് നമുക്കുതമ്മിൽ ഒരു ഉടമ്പടി ചെയ്യാം. നീയോ, ഇപ്പോൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടുമിരിക്കുന്നു.” യിസ്ഹാക്ക് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു, പാനംചെയ്തു. പിറ്റേന്ന് അതിരാവിലെ അവർ പരസ്പരം ശപഥംചെയ്തു. പിന്നെ യിസ്ഹാക്ക് അവരെ യാത്രയാക്കി. അവർ സമാധാനത്തോടെ അദ്ദേഹത്തെ വിട്ടുപോയി. അന്ന്, യിസ്ഹാക്കിന്റെ ദാസന്മാർ വന്ന് “ഞങ്ങൾ വെള്ളം കണ്ടെത്തിയിരിക്കുന്നു” എന്ന് തങ്ങൾ കുഴിച്ചുകൊണ്ടിരുന്ന കിണറിനെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ഈ ദിവസംവരെയും ആ പട്ടണത്തിന്റെ പേര് ബേർ-ശേബാ എന്നാകുന്നു. ഏശാവിനു നാൽപ്പതു വയസ്സായപ്പോൾ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോമിന്റെ മകൾ ബാസമത്തിനെയും വിവാഹംചെയ്തു. അവർ യിസ്ഹാക്കിന്റെയും റിബേക്കയുടെയും ജീവിതം ദുരിതപൂർണമാക്കിത്തീർത്തു.