ഉൽപത്തി 24:12-20
ഉൽപത്തി 24:12-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ. ഇതാ, ഞാൻ കിണറ്റിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്ക് കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീതന്നെ നീ നിന്റെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. അവൻ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്ന്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്ന് അവൾ പറഞ്ഞു വേഗം പാത്രം കൈയിൽ ഇറക്കി അവന് കുടിപ്പാൻ കൊടുത്തു. അവനു കുടിപ്പാൻ കൊടുത്തശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
ഉൽപത്തി 24:12-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ. പട്ടണത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്ന നീരുറവയുടെ അടുക്കൽ ഞാൻ നില്ക്കുകയാണല്ലോ, ‘എനിക്കു വെള്ളം കുടിക്കാൻ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരിൽ ആരോടെങ്കിലും ചോദിക്കുമ്പോൾ, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങൾക്കുകൂടി ഞാൻ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെൺകുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാൽ എന്റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കും.” അയാൾ പ്രാർഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളിൽ കുടവുമായി അവിടെ എത്തി. അവൾ അബ്രഹാമിന്റെ സഹോദരൻ നാഹോരിനു മിൽക്കായിൽ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു. ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവൾ ആ നീരുറവയിൽനിന്നു വെള്ളം നിറച്ച കുടവുമായി വന്നു. അബ്രഹാമിന്റെ ദാസൻ ഓടിച്ചെന്ന് അവളോടു, “കുടിക്കാൻ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവൾ കുടം താഴ്ത്തിക്കൊടുത്തു. അയാൾക്കു കുടിക്കാൻ കൊടുത്തശേഷം അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം ഞാൻ കോരിക്കൊടുക്കാം.” കുടത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാൻ അവൾ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു.
ഉൽപത്തി 24:12-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപ ചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ. ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളംകോരുവാൻ വരുന്നു. ‘നിന്റെ പാത്രം ഇറക്കി എനിക്ക് കുടിക്കുവാൻ തരേണം’ എന്നു ഞാൻ പറയുമ്പോൾ: ‘കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം ഞാൻ കൊടുക്കാം’ എന്നു പറയുന്ന പെൺകുട്ടി തന്നെ അവിടുന്ന് അവിടുത്തെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; അവിടുന്ന് എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.” അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിൻ്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിൻ്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാലിക അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രത്തിൽ വെള്ളം നിറച്ച് കയറി വന്നു. ദാസൻ അവളെ കാണുവാനായി ഓടിച്ചെന്നു: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരേണം” എന്നു പറഞ്ഞു. “യജമാനനേ, കുടിക്ക” എന്നു അവൾ പറഞ്ഞു വേഗം പാത്രം അവളുടെ തോളിൽനിന്നും താഴ്ത്തി അവനു കുടിക്കുവാൻ കൊടുത്തു. അവനു കുടിക്കുവാൻ കൊടുത്തശേഷം: “അങ്ങേയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
ഉൽപത്തി 24:12-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നേ കാര്യം സാധിപ്പിച്ചുതരേണമേ. ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു. അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
ഉൽപത്തി 24:12-20 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ അദ്ദേഹം പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കരുണതോന്നി ഇന്ന് എനിക്കു വിജയം തരണമേ. ഇതാ, ഞാൻ ഇവിടെ ഈ കിണറ്റിനരികെ നിൽക്കുന്നു; പട്ടണവാസികളുടെ പുത്രിമാർ വെള്ളം കോരാൻ വരുന്നു. ഞാൻ ഒരു പെൺകുട്ടിയോട്, ‘നിന്റെ കുടം ചരിച്ച് എനിക്കു കുടിക്കാൻ തരണം’ എന്നു പറയുമ്പോൾ അവൾ, ‘കുടിച്ചുകൊള്ളൂ, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറയുന്നെങ്കിൽ അവൾതന്നെ ആയിരിക്കട്ടെ അവിടത്തെ ദാസനായ യിസ്ഹാക്കിനുവേണ്ടി അവിടന്നു തെരഞ്ഞെടുത്തവൾ. എന്റെ യജമാനനോട് അങ്ങു കരുണ കാണിച്ചെന്ന് ഞാൻ ഇതിനാൽ ഗ്രഹിച്ചുകൊള്ളാം.” അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു. ആ പെൺകുട്ടി അതീവസുന്ദരിയും കന്യകയും പുരുഷസ്പർശമേൽക്കാത്തവളും ആയിരുന്നു. അവൾ കിണറ്റിലേക്ക് ഇറങ്ങിച്ചെന്നു കുടം നിറച്ചു കയറിവന്നു. ആ ദാസൻ തിടുക്കത്തിൽ അവളുടെ അടുത്തേക്കുചെന്ന്, “ദയവായി നിന്റെ കുടത്തിൽനിന്ന്, കുറച്ചുവെള്ളം എനിക്കു കുടിക്കാൻ തരണം” എന്നു പറഞ്ഞു. “പ്രഭോ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് കുടം കൈകളിൽ താഴ്ത്തി അയാൾക്കു കുടിക്കാൻ കൊടുത്തു. അദ്ദേഹത്തിനു കുടിക്കാൻ കൊടുത്തതിനുശേഷം അവൾ, “ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം വേണ്ടുവോളം കോരിക്കൊടുക്കാം” എന്നു പറഞ്ഞു. അവൾ കുടത്തിലെ വെള്ളം പെട്ടെന്നു തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാൻ വീണ്ടും കിണറ്റിലേക്ക് ഓടിയിറങ്ങി; അദ്ദേഹത്തിന്റെ ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു.